പിഎസ്ജി, ഡോര്‍ട്ട്മുണ്ട്, യുവെന്റസ് ടീമുകള്‍ക്കും ജയം
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലോകം ആവേശത്തോടെ കാത്തിരുന്ന പ്ലേഓഫ് പോരില്‍ റയല്‍ മാഡ്രിഡ് വിജയിച്ചു. സിറ്റിയെ അവരുടെ ഹൃദയ ഗ്രൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എത്തിഹാദിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ ഇംഗ്ലീഷ് മധ്യനിരക്കാരന് ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് റയല്‍ അന്തിമ വിജയം നേടിയത്. അടുത്തയാഴ്ച്ച റയല്‍ തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ രണ്ടാംപാദ മത്സരം കൂടി ബാക്കിയുണ്ട്.
നിര്‍ണായക സമയത്ത് സിറ്റി ഗോള്‍മുഖത്ത് പന്തുമായി കുതിച്ച വിനീഷ്യസിന് മുന്നില്‍ നിലകൊണ്ട ഗോളി എഡേഴ്സണിന് മുകളിലൂടെ പന്ത് കോരിയിട്ടെങ്കിലും പന്ത് പോസ്റ്റില്‍ നിന്നും അകന്നുപോയി. ഈ സമയം പന്തിലേക്ക് ഓടിയടുത്ത ബെല്ലിങ്ഹാം സമര്‍ത്ഥമായി ഫിനിഷ് ചെയ്യുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് നേടിയ ഗോളില്‍ സിറ്റി 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി 60 മിനിറ്റായപ്പോള്‍ എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു. 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാളണ്ട് ഭദ്രമായി റയല്‍ വലയ്ക്കുള്ളിലാക്കി. സിറ്റി ലീഡ് 2-1ആയി ഉയര്‍ന്നു. ആറ് മിനിറ്റേ ഈ സന്തോഷത്തിന് ആയുസ്സുണ്ടായുള്ളൂ. ബ്രാഹിം ഡയസ് റയലിനെ വീണ്ടും ഒപ്പമെത്തിച്ചു(2-2). പിന്നീട് ഇന്‍ജുറി ടൈമില്‍ ബെല്ലിങ്ഹാം കരുത്തുകാട്ടി. രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞ വിനിഷ്യസാണ് കളിയിലെ താരം.
ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസ് പിഎസ്വി എയ്ന്തോവനെ 2-1ന് തോല്‍പ്പിച്ചു. ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സ്പോര്‍ട്ടിങ്ങിനെയും പിഎസ്ജി സ്വന്തം നാട്ടുകാരായ ബ്രെസ്റ്റിനെയും 3-0ന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: