ചേര്‍ത്തല: രണ്ടര പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ദാരുണാന്ത്യം. നാടിന്റെ നോവായി സജി. ആലപ്പുഴ സ്വദേശിയായ സജിയും സോണിയും പ്രണയിച്ചാണ് വിവാഹിതരായത്. ആലപ്പുഴയിലെ സ്വകാര്യ ലാബില്‍ ലാബ് ടെക്‌നീഷ്യന്‍ ആയിരുന്നു സജി. ആങ്കര്‍ കമ്പനിയുടെ പ്രതിനിധിയായാണ് സോണി ലാബില്‍ ചെല്ലുന്നതും സജിയെ പരിചയപ്പെടുന്നതും. പിന്നീട് പരിചയം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ആലപ്പുഴ വടക്കേയറ്റത്ത് വീട്ടില്‍ ചാക്കോ ബേബി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സജി.
ജെയിംസ്, തോമസ് എന്നിവര്‍ സഹോദരങ്ങളാണ് വിവാഹശേഷം ലാബ് ടെക്‌നീഷ്യനായി ഏറെനാള്‍ സജി വിദേശത്ത് ജോലി ചെയ്തിരുന്നു. വീട് പുനര്‍നിര്‍മാണം അടക്കം പൂര്‍ത്തിയാക്കി കുട്ടികള്‍ മുതിര്‍ന്നതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ സോണി കടക്കരപ്പള്ളിയില്‍ പാത്രക്കട ആരംഭിച്ചു. മൂത്തമകന്‍ ബെന്നോബ് ദുബായില്‍ മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അമ്മ അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. മകള്‍ മീഷ്മ മൂവാറ്റുപുഴയിലെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയാണ്.
ഭാഷാ പഠനം പൂര്‍ത്തിയാക്കി ജര്‍മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സജിയെ ഉപദ്രവിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തും എന്ന സോണിയുടെ ഭീഷണിയെ തുടര്‍ന്നാണ് മകള്‍ സംഭവങ്ങള്‍ ആദ്യഘട്ടത്തില്‍ മൂടിവച്ചത്. ഭീഷണി ആവര്‍ത്തിച്ചതോടെ ആണ് ഗത്യന്തരമില്ലാതെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് തന്ത്രപൂര്‍വ്വം ഇയാളെ പിടികൂടുകയായിരുന്നു.
സജിയെ സോണി നിരന്തരം മര്‍ദ്ദിച്ചിരുന്നതായി സജിയുടെ ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ കാലം മുതല്‍ ആക്രമണം പതിവായിരുന്നു പലതവണ കുട്ടികള്‍ തങ്ങളോട് പരാതിപ്പെട്ടിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം നടത്തിയിരുന്നത്. സംഭവ ദിവസം രാത്രി വീട്ടിലെത്തിയ സോണി സജിയെ മുടിക്കുത്തില്‍ പിടിച്ചു തല ഭിത്തിയില്‍ പിടിപ്പിക്കുകയായിരുന്നു എന്നും ചോര വാര്‍ന്ന് കിടന്ന ഇവരെ ഏറെ നേരത്തിനുശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: