പുനെ: ജമ്മു കശ്മീരിന്റെ ബോളിങ് ആക്രമണത്തിനു മുന്നിൽ പ്രതിരോധം തീർത്ത് കേരളം, രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ.
ആവേശം വാനോളമുയർന്ന മത്സരത്തിൽ ജമ്മു കശ്മീര്‍ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത കേരളം, ഒന്നര ദിവസത്തോളം നീണ്ട ബോളിങ് പരീക്ഷണത്തെ നേരിട്ടാണ് സമനിലയും സെമിഫൈനൽ സ്ഥാനവും സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ കേരള താരങ്ങൾ ചേർന്ന് വിജയകരമായി പ്രതിരോധിച്ചത് 126 ഓവറുകളാണ്. സ്‌കോർ: ജമ്മു കശ്മീർ 280 & 399/9 ഡിക്ലെയർഡ്, കേരളം – 281 & 295/6.
ഒന്നാം ഇന്നിംഗ്സിൽ നേടിയ ഒറ്റ റൺ ലീഡിന്റെ ബലത്തിൽ കേരളം സെമിയിൽ എത്തി. ഒന്നാം ഇന്നിംഗ്സിൽ ഒമ്പതിന് 200 റൺസെന്ന നിലയിൽ തകർന്ന കേരളത്തിന്, പത്താം വിക്കറ്റിൽ സൽമാൻ നിസാർ – ബേസിൽ തമ്പി സഖ്യം പടുത്തുയർത്തിയ 81 റൺസ് കൂട്ടുകെട്ടാണ് സെമിയിൽ സ്ഥാനം സമ്മാനിച്ചത്. സൽമാൻ നിസാർ രണ്ടാം ഇന്നിംഗ്സിലും ഉറച്ച പ്രതിരോധവുമായി കേരളത്തിന്റെ രക്ഷകനായി. ജമ്മു കശ്മീരിനും വിജയത്തിനും ഇടയിൽ സച്ചിന്‍ ബേബി (162 പന്തിൽ 48), ഓപ്പണർ അക്ഷയ് ചന്ദ്രൻ (183 പന്തിൽ 48), സൽമാൻ നിസാർ (162 പന്തിൽ പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീന്‍ (118 പന്തിൽ പുറത്താകാതെ 67) എന്നിവർ കേരളത്തിന്റെ വൻ മതിലുകളായി.
ഓപ്പണർ രോഹൻ കുന്നുമ്മൽ (39 പന്തിൽ 36), ഷോൺ റോജർ (19 പന്തിൽ ആറ്), ജലജ് സക്‌സേന (48 പന്തിൽ 18), ആദിത്യ സർവാതെ (27 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
മൂന്നാം വിക്കറ്റിൽ 259 പന്തുകൾ നേരിട്ട സച്ചിൻ ബേബി – അക്ഷയ് ചന്ദ്രൻ സഖ്യവും, പിരിയാത്ത ഏഴാം വിക്കറ്റിൽ 257 പന്തുകൾ നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീന്‍ – സൽമാൻ നിസാർ സഖ്യവും കേരളത്തിനായി ഉരുക്കുകോട്ട തീർത്ത്. ജമ്മു കശ്മീരിനായി യുദ്ധവീർ സിംഗ്, സഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് മൂന്നാം വിക്കറ്റിൽ കാഴ്ചവച്ച കടുത്ത പ്രതിരോധമാണ് കേരളത്തെ രക്ഷിച്ചത്. 259 പന്തുകളാണ് ഇരുവരും ചേർന്ന് ആദ്യ സെഷനിൽ വിജയകരമായി പ്രതിരോധിച്ചത്. കൂട്ടിച്ചേർത്തത് 58 റൺസും.
അക്ഷയ് ചന്ദ്രൻ 183 പന്തുകൾ നേരിട്ട് നാലു ഫോറുകളോടെ 48 റൺസ് എടുത്തപ്പോൾ, സച്ചിൻ ബേബി 162 പന്തുകൾ നേരിട്ട് ഏഴു ഫോറുകളോടെ 48 റൺസ് എടുത്തു. ജലജ് സക്‌സേന (48 പന്തിൽ മൂന്ന് ഫോറുകളോടെ 18), ആദിത്യ സർവാതെ (27 പന്തിൽ രണ്ട് ഫോറുകളോടെ എട്ട്) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും, ഏഴാം വിക്കറ്റിൽ സൽമാൻ നിസാർ – മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് കേരളത്തെ കാത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: