ന്യൂദൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള കൊലപാതക കേസിൽ കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ കുറ്റക്കാരൻ. കലാപത്തിനിടെ സരസ്വതി വിഹാർ പ്രദേശത്ത് രണ്ട് പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ മാസം 18ന് കേസിൽ വിധി പറയും. സിഖ് വിരുദ്ധ കലാപക്കേസിൽ കുമാർ നിലവിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
1984 നവംബർ 1ന് ജസ്വന്ത് സിംഗിന്റെയും മകൻ തരുൺദീപ് സിംഗിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. 2021 ഡിസംബർ 16-ന്, കുമാറിനെതിരെ “പ്രഥമദൃഷ്ട്യാ” കേസ് ഉണ്ടെന്ന് കണ്ടെത്തി, കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി ഒരു വലിയ ജനക്കൂട്ടം സിഖുകാരുടെ വൻതോതിലുള്ള കൊള്ളയടിക്കലും തീവയ്‌പ്പും സ്വത്തുക്കൾ നശിപ്പിക്കലും നടത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചു. പരാതിക്കാരനായ ജസ്വന്തിന്റെ ഭാര്യയുടെ വീട് ആക്രമിച്ച ജനക്കൂട്ടം ഭർത്താവിനെയും മകനെയും കൊലപ്പെടുത്തുകയും സാധനങ്ങൾ കൊള്ളയടിക്കുകയും വീട് കത്തിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
1984 ഒക്ടോബർ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തിൽ ഏകദേശം 3000 പേർ കൊല്ലപ്പെട്ടിരുന്നു. കൂടുതലും സിഖുകാർ. 1984 നവംബർ 1-2 തീയതികളിൽ തെക്കുപടിഞ്ഞാറൻ ദൽഹിയിലെ പാലം കോളനിയിലെ രാജ് നഗർ ഭാഗം-1 പ്രദേശത്ത് അഞ്ച് സിഖുകാർ കൊല്ലപ്പെടുകയും രാജ് നഗർ ഭാഗം II-ൽ ഒരു ഗുരുദ്വാര കത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ദൽഹി ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് വിധിച്ചതിനെത്തുടർന്ന് കുമാർ (79) 2018 ഡിസംബർ 31 മുതൽ ജയിലിലാണ്. സുപ്രീം കോടതി ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: