മുംബൈ: റിസര്‍വ്വ് ബാങ്ക് ഇടപെട്ടതോടെ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്നു. ഒരു ഡോളറിന് 86 രൂപ 79 പൈസയില്‍ നിന്നും 86 രൂപ 52 പൈസയിലേക്ക് രൂപയുടെ മൂല്യം വര്‍ധിച്ചു. അസംസ്കൃത എണ്ണവില കുറഞ്ഞതും റിസര്‍വ്വ് ബാങ്ക് വിദേശ നാണ്യവിപണിയില്‍ ഡോളര്‍ ഇറക്കിയതും കാരാണമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
രൂപ ഉണര്‍ന്നതോടെ ഓഹരി വിപണി കുതിച്ചു, സ്വര്‍ണ്ണവില താഴ്ന്നു
രൂപയുടെ മൂല്യം വര്‍ധിച്ചതോടെ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. രൂപ ഉണര്‍ന്നതോടെ ഇന്ത്യയുടെ ഓഹരി വിപണി ഉണര്‍ന്നു. ബുധനാഴ്ച രാവിലെ ബോംബെ സ്റ്റോക്ക് എക്സചേഞ്ചായ സെന്‍സെക്സ് ഇടിഞ്ഞതകരുകയായിരുന്നു. പക്ഷെ ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതോടെ സെന്‍സെക്സ് ഉയര്‍ന്നു.
രൂപയുടെ മൂല്യവര്‍ധന സ്വര്‍ണ്ണവിലയിലും പ്രതിഫലിച്ചു. ബുധനാഴ്ച രാവിലെ പത്തര മണി വരെ 64,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ വര്‍ധിച്ചതോടെ സ്വര്‍ണ്ണവില പവന് 64,080 രൂപയായി താഴ്ന്നു.
ഡോളറിന്റെ ശക്തിപ്പെടലില്‍ രൂപയുടെ വീഴ്ച
കഴിഞ്ഞ കുറെ നാളുകളായി രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടിഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. . കഴിഞ്ഞ ഏതാനും മാസങ്ങളില്‍ രൂപയുടെ മൂല്യം ഏകദേശം 3.2 ശതമാനത്തോളം താഴ്ന്നിരുന്നു. ഇതിന് കാരണങ്ങള്‍ പലതായിരുന്നു. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതാണ് ഒരു പ്രധാന കാരണം. എണ്ണവില വര്‍ധിച്ചതും ഒരു കാരണമായി. അതുപോലെ വ്യാപാരകമ്മി കൂടിയതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. 2025ല്‍ ഡോളറിന്റെ പലിശനിരക്ക് അധികം വെട്ടിക്കുറയ്‌ക്കില്ലെന്ന അമേരിക്കല്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ പ്രഖ്യാപനത്തോടെ ഡോളര്‍ ശക്തിപ്രാപിക്കും എന്ന് വന്നതോടെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നുള്ള നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. കഴിഞ്ഞ 30 ദിവസങ്ങളില്‍ മാത്രം 1000 കോടി ഡോളര്‍ ആണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക