ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മുസ്ലീം യുവാവ് മകളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റിയെന്ന് ആരോപിച്ച് വിധവയായ അമ്മ രംഗത്ത്. തന്റെ മകളെ ലവ് ജിഹാദിൽപെടുത്തി ഒരു മുസ്ലീം പുരുഷൻ വിവാഹം കഴിച്ചതായി അമ്മ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
പൗരി ഗർവാളിൽ താമസിക്കുന്ന സ്ത്രീ, മുസ്ലീംയുവാവ് തന്റെ മകളെ വഞ്ചനയിലൂടെയും നിർബന്ധത്തിലൂടെയും പ്രണയത്തിൽ കുടുക്കിയതായി ആരോപിച്ചു. അമ്മയുടെ വെളിപ്പെടുത്തലിൽ പെൺകുട്ടിയെ മിശ്രവിവാഹത്തിലേക്ക് യുവാവ് വഴിതെറ്റിച്ചതായി ആരോപിച്ച് ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
യുവാവും പെൺകുട്ടിയും ഓൺലൈനിൽ കണ്ടുമുട്ടുകയും പിന്നീട് ബജ്പൂരിലെ എസ്ഡിഎം കോടതിയിൽ മിശ്രവിവാഹത്തിന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ കുടുംബവും ഹിന്ദു സംഘടനകളിലെ അംഗങ്ങളും വിവാഹത്തെ എതിർത്തു.
തുടർന്ന് പെൺകുട്ടിയുടെ അമ്മ തന്റെ മകളെ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി കൊണ്ടുപോയി എന്ന് ആരോപിച്ച് പരാതിയുമായി സബ്-ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിനെ സമീപിച്ചു. ഇതേ സമയം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവാവ് ഹൈക്കോടതിയിൽ സംരക്ഷണം തേടി.
തുടർന്ന് ബജ്‌റംഗ്ദൾ പ്രവർത്തകരും പെൺകുട്ടിയുടെ കുടുംബവും നൈനിറ്റാളിലെ രാംനഗറിലെ എസ്‌ഡിഎം ഓഫീസിൽ വീണ്ടും പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും യുവാവ് നിർബന്ധിത മതമാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നുമാണ് അമ്മയുടെ പരാതി. അതേ സമയം മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ യുവാവ് ആശയവിനിമയം തടഞ്ഞുവെന്നും അമ്മ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക