കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ട്രക്കിൽ നിന്ന് 16000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ബിർഭും ജില്ലയിലെ റാംപൂർഹട്ട് പ്രദേശത്തെ ഒരു ട്രക്കിൽ നിന്നാണ് 16000 കിലോഗ്രാമോളം വരുന്ന സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെടുത്തത്.
റിപ്പോർട്ടുകൾ പ്രകാരം 50 കിലോഗ്രാം അമോണിയം നൈട്രേറ്റ് അടങ്ങിയ 320 ചാക്കുകളാണ് പോലീസ് പിടിച്ചെടുത്തത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി റാംപൂർഹട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകാൻ അനുവദിക്കുന്ന ഒരു രേഖയും ഡ്രൈവർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ അയാൾ പോലീസിന് പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയിരുന്നു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ നിന്നാണ് ട്രക്ക് യാത്ര ആരംഭിച്ചതെന്നാണ് ആദ്യ വിവരം. റാംപൂർഹട്ടിൽ പിടിക്കപ്പെടുന്നതിന് മുമ്പ് അത് ജാർഖണ്ഡിലെ ദിയോഘർ വഴിയും സഞ്ചരിച്ചിട്ടുണ്ട്. കണ്ടെടുത്ത സ്ഫോടകവസ്തുക്കൾക്ക് വലിയൊരു പ്രദേശത്തിന് നാശനഷ്ടമുണ്ടാക്കാൻ തക്കവിധത്തിലുള്ളതാണ്. ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നേരത്തെ 2023 മെയ് മാസത്തിൽ പശ്ചിമ ബംഗാൾ ബോംബ് കുടിൽ വ്യവസായത്തിന്റെ കേന്ദ്രമായി മാറിയെന്നും സംസ്ഥാനത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ നിർബന്ധിത തൊഴിൽ എടുക്കുന്നു വെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: