Athletics

ദേശീയ ഗെയിംസ്: ജിംനാസ്റ്റിക്‌സില്‍ കേരളത്തിന്റെ മെഡല്‍ വേട്ട

Published by

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് വെള്ളിയും മൂന്ന് വെങ്കലവും. ജിംനാസ്റ്റിക്‌സില്‍ കേരളം മൂന്ന് വെള്ളിയും ഒരു വെങ്കലും നേടി. പുരുഷന്‍മാരുടെ ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോളിലായിരുന്നു കേരളത്തിന്റെ മറ്റൊരു വെള്ളി. അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ മുഹമ്മദ് മുഹ്‌സിന്‍ വെങ്കലം നേടി. ജൂഡോ യിലും ആദ്യ മെഡല്‍ പിറന്നു. 70 കിലോ ഗ്രാം വിഭാഗത്തില്‍ ദേവികൃഷ്ണ വെങ്കലം നേടി.

വനിതാ പെയര്‍ ഇനത്തിലാണ് കേരളം ഇന്നലെ ആദ്യ മെഡല്‍ നേടിയത്. ലക്ഷ്മി ബി നായര്‍, പൗര്‍ണമി ഹരിഷ്മുമാര്‍ സഖ്യം 43.500 പോയിന്റ് നേടി വെങ്കലം നേടി. കഴിഞ്ഞ ദിവസം ബാലന്‍സ്, ഡൈനാമിക് എന്നിവ അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു വനിതാ പെയര്‍ ടീം കംബൈനില്‍ പിന്നോട്ട് പോയി. 15.110 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മിക്സഡ് ഡബിള്‍സില്‍ കേരളം വെള്ളി നേടി. ഫൈസല്‍ ഇംതിയാസ് പാര്‍വതി ബി നായര്‍ സഖ്യമാണ് വെള്ളി നേടിയത്. ആദ്യ റൗണ്ടില്‍ ബാലന്‍സില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു മിക്സഡ് ഡബിള്‍സ് ടീം ഡൈനാമികിലും കംബൈനിലും മികച്ച മുന്നേറ്റം നടത്തി വെള്ളി നേടി. ഡൈനാമികില്‍ 18.350 പോയിന്റും കംബൈനില്‍ 16.610 പോയിന്റുമാണ് നേടിയത്. മഹാരാഷ്‌ട്രക്കാണ് സ്വര്‍ണം.

പുരുഷ ഗ്രൂപ്പിലും കേരളം വെള്ളി നേടി. 61.210 പോയിന്റ് നേടിയാണ് വെള്ളി നേട്ടം. ആദ്യ രണ്ട് ഇനങ്ങളിലും രണ്ടാം സ്ഥാനം തുടര്‍ന്ന കേരള ടീം അവസാന നിമിഷം വരെ മഹാരാഷ്‌ട്രയോട് പോരാടിയതിന് ശേഷമാണ് വെള്ളി നേടിയത്. ഇതേ ഇനത്തില്‍ ഗോവ ദേശീയ ഗെയിംസില്‍ കേരളം വെള്ളി നേടിയിരുന്നു. മുഹമ്മദ് അജ്മല്‍ കെ, മുഹമ്മദ് സഫ്വാന്‍ പി, സ്വാതിക് എംപി, ഷിറില്‍ റുമാന്‍ പിഎസ് എന്നിവരുള്‍പ്പെട്ടതാണ് ടീം.

പുരുഷ ട്രാംപോളിനില്‍ കേരളത്തിന്റെ മനു മുരളി വെള്ളി നേടി. 46.15 പോയിന്റ് നേടിയാണ് വെള്ളി നേട്ടം. മഹാരാഷ്‌ട്രയുടെ അയുഷ സന്‍ജ് സ്വര്‍ണം നേടി. ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മനു മുരളിക്ക് വെങ്കലമായിരുന്നു. ഇതേ ഇനത്തില്‍ മത്സരിച്ച സൂരജ് എഎന്‍ എഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തില്‍ മത്സരിച്ച എബിമോള്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ മുഹമ്മദ് മുഹ്സിന്‍ വെങ്കലം നേടി. ആദ്യ ശ്രമത്തില്‍ 15.41 മീറ്റര്‍ ചാടിയ മുഹ്സിന്‍ മൂന്നാം ചാട്ടത്തില്‍ 15.57 മീറ്റര്‍ ചാടി വെങ്കലവും നേടി. അവസാന മൂന്ന് ശ്രമങ്ങള്‍ ഫൗളായി. തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ 16.50 മീറ്റര്‍ ചാടി സ്വര്‍ണം നേടി. കേരളത്തിന്റെ സെബാസ്റ്റ്യന്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

പുരഷന്‍മാരുടെ 800 മീറ്ററില്‍ സര്‍വീസസിന് ഇറങ്ങിയ മലയാളി താരം അഫ്സല്‍ സ്വര്‍ണം നേടി. കേരളാ താരം ബിജോയ്, റിജോയ് സഹോദരങ്ങള്‍ അഞ്ചും ആറും സ്ഥാനത്ത് ഫിനിഷ് ചെയ്തു.

400 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സില്‍ മനുബും വനിതാ വിഭാഗത്തില്‍ അനുരാഘവും ദില്‍നും ഫൈനലിന് യോഗ്യത നേടി.

വനിതാ ജൂഡോയിലെ 70 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ ദേവികൃഷ്ണ വിഎസ് വെങ്കലം നേടി. ക്വര്‍ട്ടറില്‍ മണിപൂര്‍ താരത്തോട് തോറ്റ് ദേവികൃഷ്ണ റിപ്പാഷെയില്‍ മത്സരിച്ച് വെങ്കലം നേടുകയായിരുന്നു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ദല്‍ഹിയുടെ പ്രീണയെ എകപക്ഷീയമായ ഒരു പോയിന്റിന് തോല്‍പ്പിച്ചു.

പുരുഷ വിഭാഗം ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോളില്‍ കേരളത്തിന് വെള്ളി. ഫൈനലില്‍ ഹരിയാനയോട് ഇഞ്ചോടിഞ്ച് പോരാട്ടില്‍ 29-32 എന്ന സ്‌കോറിന് പരാജയപ്പെട്ടു. നെറ്റ്‌ബോളില്‍ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലെ ആദ്യ മെഡലാണ്. സെമിയില്‍ ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts