പാരീസ്: നിർമിതബുദ്ധി(AI) പ്രവർത്തന ഉച്ചകോടിയോടനുബന്ധിച്ച് രണ്ടാമത് ഇന്ത്യ-ഫ്രാൻസ് നിർമിതബുദ്ധി (AI) നയ വട്ടമേശ സമ്മേളനം ഫ്രാൻസിലെ സയൻസസ് പോ പാരീസ് സർവകലാശാല ക്യാമ്പസിൽ നടന്നു. കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവിന്റെ (PSA) ഓഫീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ഇന്ത്യ എഐ മിഷൻ, സയൻസസ് പോ പാരീസ് സർവകലാശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
സമ്മേളനത്തിൽ കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദിന്റെ ആമുഖ പ്രസംഗത്തോടെ ചർച്ചകൾ ആരംഭിച്ചു. ഉത്തരവാദിത്തപ്പെട്ട AI വികസനം, നയരൂപീകരണത്തിലെ ഇന്ത്യയുടെ മുൻഗണനകൾ, ആഗോള സഹകരണം, ഡാറ്റാ കൈമാറ്റം, AI സുരക്ഷ, ഗവേഷണ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാങ്കേതിക സഹകരണ സാധ്യതകൾ ഉൾപ്പെടെയുള്ള വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സൈബർ ഡിപ്ലോമസി വിഭാഗം ജോയിന്റ് സെക്രട്ടറി അമിത് എ. ശുക്ലയും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഡിജിറ്റൽ കാര്യങ്ങളുടെ അംബാസഡർ ഹെൻറി വെർഡിയറും ചേർന്ന് സമ്മേളനത്തിന് നേതൃത്വം നൽകി. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (DPI), അടിസ്ഥാന മാതൃകകൾ, ആഗോള എഐ ഭരണം, ഡാറ്റാ കൈമാറ്റം, AI സുരക്ഷ എന്നിവ ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു.
ഇന്ത്യ-ഫ്രാൻസ് സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി, മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ AI മോഡലുകൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം, സൗജന്യമായി ലഭ്യമാക്കേണ്ട ഡാറ്റാസെറ്റുകൾ, സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ, AI ഗവേഷണത്തിനുള്ള ആഗോള സഹകരണം എന്നിവ ചർച്ചയായി.
സമ്മേളനത്തിൽ ഡോ. പ്രീതി ബൻസാൽ (PSA ഓഫീസ്), ശ്രീമതി കവിത ഭാട്ടിയ (മന്ത്രാലയ ശാസ്ത്രജ്ഞ), ക്ലെമെന്റ് ബാച്ചി (ഫ്രഞ്ച് സാമ്പത്തിക മന്ത്രാലയം), ഡോ. സരയു നടരാജൻ (ആപ്തി ഇൻസ്റ്റിറ്റ്യൂട്ട്), കപിൽ വാസ്വാനി (മൈക്രോസോഫ്റ്റ് റിസർച്ച്) അടക്കമുള്ള നിരവധി വിദഗ്ധരും ഗവേഷകരും പങ്കെടുത്തു.
ബെംഗളൂരുവിൽ ജനുവരി 25-ന് നടന്ന “ടെക് ഡയലോഗ് 2025” ഉച്ചകോടിയുമായി ബന്ധപ്പെട്ടിട്ടുള്ളത് ഈ രണ്ടാമത് വട്ടമേശ സമ്മേളനമാണെന്ന് സംഘാടകർ വ്യക്തമാക്കി. AI നയരൂപീകരണത്തിൽ ഇന്ത്യ-ഫ്രാൻസ് സഹകരണം ശക്തിപ്പെടുത്താനും ആഗോള തലത്തിൽ പ്രതീക്ഷയേറിയ പുതിയ സമീപനങ്ങൾ ആവിഷ്കരിക്കാനുമുള്ള വലിയ അവസരമായി സമ്മേളനം വിലയിരുത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: