India

പരീക്ഷാ പേ ചര്‍ച്ച: പരീക്ഷകള്‍ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമെന്ന് പ്രധാനമന്ത്രി

Published by

ന്യൂദല്‍ഹി: പരീക്ഷകളെ ജീവിതത്തിലെ എല്ലാമായും അവസാനമായും കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകള്‍ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുസ്തകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അറിവുനേടല്‍ പൂര്‍ണമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ റോബോട്ടുകളല്ല, സമഗ്ര വികസനത്തിനായാണ് പഠിക്കുന്നത്. പരീക്ഷകളാണ് എല്ലാമെന്ന മാനസികാവസ്ഥയില്‍ ജീവിക്കരുത്, പരീക്ഷയാണ് എല്ലാമെന്നു കരുതരുത്, കഴിയുന്നത്ര അറിവ് നേടണം, എഴുതുന്ന ശീലം വളര്‍ത്തിയെടുക്കണം. ഓരോരുത്തരും അവര്‍ക്ക് ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അപ്പോഴേ പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലപ്രദമായ രീതിയില്‍ എങ്ങനെ സമയത്തെ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി. കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനു പകരം അവര്‍ക്ക് ആവശ്യമായ പിന്തുണ നല്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നല്ല ഉറക്കവും പോഷാകാഹാരവും പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്മര്‍ദം ഒഴിവാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി ഉയര്‍ന്ന മാര്‍ക്ക് നേടിയില്ലെങ്കില്‍ ജീവിതം തകരുമെന്ന് കരുതരുതെന്ന് ഊന്നിപ്പറഞ്ഞു. നല്ല പ്രസംഗമല്ല, നല്ല പെരുമാറ്റമാണ് സമൂഹത്തില്‍ നിന്ന് ആദരവു നേടാന്‍ കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദല്‍ഹിയിലെ സുന്ദര്‍ നഴ്സറിയാണ് സംവാദത്തിന് വേദിയായത്. എള്ളുലഡ്ഡു വിതരണം ചെയ്താണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്. ആകാന്‍ഷ അശോക്, അക്ഷര ജെ. നായര്‍ എന്നിവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 36 പേരാണ് സംവാദത്തില്‍ നേരിട്ട് പങ്കെടുത്തത്. സമ്മര്‍ദത്തെ അതിജീവിക്കല്‍, ടൈം മാനേജ്മെന്റ്, നേതൃപാഠവം, പോഷകാഹാരം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയും വിദ്യാര്‍ത്ഥികളുമായുള്ള ആശയ വിനിമയം. അഞ്ചു കോടി വിദ്യാര്‍ഥികളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പരീക്ഷാ പേ ചര്‍ച്ചയുടെ ഭാഗമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by