India

കൂട്ടരാജി ഭീഷണി: പഞ്ചാബിലെ ആപ് സര്‍ക്കാരും പ്രതിസന്ധിയില്‍; കേജ്‌രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചു

Published by

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭരണം നഷ്ടമായതിനു പിന്നാലെ പഞ്ചാബിലെ ആപ് സര്‍ക്കാരും വന്‍പ്രതിസന്ധിയില്‍. 30 എല്‍എല്‍എമാര്‍ രാജിഭീഷണി മുഴക്കി. പല എംഎല്‍എമാരും പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയെ തുടര്‍ന്ന് ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചു. ദല്‍ഹിയിലെ തോല്‍വി പഞ്ചാബിലും അടിയൊഴുക്കുകള്‍ക്കു കാരണമാകുമെന്നും സര്‍ക്കാര്‍ നിലംപതിക്കുമെന്നുമാണു റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി ഭഗവന്ത്മാനെ എതിര്‍ക്കുന്നവര്‍ നേതൃമാറ്റത്തിനു സമ്മര്‍ദം ശക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. ലുധിയാന വെസ്റ്റിലെ ആപ് എംഎല്‍എ ഗുര്‍പ്രീത് ഗോഗി ജനുവരിയില്‍ മരിച്ചതിനാല്‍ ആ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ആ സീറ്റ് കേജ്രിവാള്‍ ലക്ഷ്യമിടുന്നുണ്ടെന്നു ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രിയാകാനുള്ള ചവിട്ടുപടിയായാണ് കേജ്രിവാള്‍ ഈ സീറ്റിനെ കാണുന്നതെന്നാണു വിലയിരുത്തല്‍. ഇതിനെതിരേ മുഖ്യമന്ത്രി ഭഗവന്ത്മാനെത്തുകയും ഒരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നുമാണു സൂചന. ഇങ്ങനെ വന്നാല്‍ സര്‍ക്കാര്‍ നിലംപതിക്കും, പഞ്ചാബ് വീണ്ടും തെരഞ്ഞെടുപ്പിലേക്കു പോകും.

ഒരു വര്‍ഷത്തോളമായി ഇടഞ്ഞുനില്‍ക്കുന്ന മുപ്പതിലധികം എംഎല്‍എമാരാണു രാജിഭീഷണി മുഴക്കിയത്. ഭഗവന്ത്മാനടക്കം നേതൃത്വത്തിനെതിരേ തിരിയുമെന്നും ആപ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നും ഗുരുദാസ്പുര്‍ എംപി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ വ്യക്തമാക്കിയിരുന്നു.

ഇതു ശരിയല്ലെന്ന് ആപ് വക്താവ് നീല്‍ ഗാര്‍ഗ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വളര്‍ച്ച കുത്തനെ താഴോട്ടാണെന്നും ദല്‍ഹിയില്‍ വീണ്ടും സീറ്റൊന്നും നേടാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ 18 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്ര സിന് 2027ല്‍ എംഎല്‍എമാര്‍ ഇനിയും കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ല്‍ ആം ആദ്മി പാര്‍ട്ടി 117ല്‍ 92 സീറ്റ് നേടിയാണ് പഞ്ചാബില്‍ ഭരണത്തിലെത്തിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ 13 സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേര്‍ മാത്രമാണു വിജയിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക