പനമരം(വയനാട്): പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ മുസ്ലിം ലീഗിലെ ലക്ഷ്മി ആലക്കമറ്റത്തിനെതിരേ വംശീയവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവന നടത്തി സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന്. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഗ്രാമപഞ്ചായത്തില്‍ ഇടതുപഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു പ്രഭാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കൈയുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരുമെന്നായിരുന്നു പ്രഭാകരന്റെ പ്രസംഗം. പ്രസംഗ ദൃശ്യം ഇന്നലെയാണ് പുറത്തായത്.
ജനറല്‍ സീറ്റില്‍ ദലിത് മെംബറായ ലക്ഷ്മി ആലക്കമറ്റത്തെ പ്രസിഡന്റാക്കിയ ലീഗ് നിലപാടാണ് പ്രഭാകരനെ പ്രകോപിപ്പിച്ചത്. പ്രഭാകരനെതിരേ മനുഷ്യാവകാശ കമ്മിഷന് കേസെടുക്കണമെന്ന് ലക്ഷ്മി ആലക്കമറ്റം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: