Main Article

ദല്‍ഹിയില്‍ ആപ്പൊടുങ്ങുമ്പോള്‍

ഞായറാഴ്ച ഉച്ചയ്‌ക്ക് ദല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 22-ാം നമ്പര്‍ സര്‍ക്കാര്‍ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്നൊരുക്കി കാത്തിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ മനു അഭിഷേക് സിങ് വി ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വീണതിലെ സന്തോഷം മറച്ചുവച്ചില്ല. ഒരര്‍ത്ഥത്തില്‍ ആ സല്‍ക്കാരം പോലും ആപ്പ് വീണതിന്റെ സന്തോഷം ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു. ഔദ്യോഗിക വസതി ലഭിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് സല്‍ക്കാരമെന്ന് പറയുമ്പോഴും സിങ് വിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും അവരുടെ യഥാര്‍ത്ഥ ആഹ്ലാദം മറച്ചുവെയ്‌ക്കുന്നില്ല. ആംആദ്മി പാര്‍ട്ടി വീണിരിക്കുന്നു. ഒരുവ്യാഴവട്ടം മുമ്പ് ദേശീയ രാഷ്‌ട്രീയത്തിലെ അത്ഭുതശിശുവായി രാജ്യതലസ്ഥാനത്ത് പൊടുന്നനെ അവതരിച്ച ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു എന്നത് മറ്റാരേക്കാളും കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. ദേശീയ രാഷ്‌ട്രീയത്തില്‍ തങ്ങളുടെ പ്രസക്തി നഷ്ടമാക്കിയ പ്രധാന കാരണങ്ങളിലൊന്നായി കോണ്‍ഗ്രസ് ആപ്പിനെ കാണുന്നു. അതിനാല്‍ തന്നെ ആപ്പ് വീണതില്‍ കോണ്‍ഗ്രസ് സന്തോഷിക്കുകയാണ്. ദല്‍ഹിയിലെയും പഞ്ചാബിലെയും നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ ആപ്പിന്റെ വീഴ്ച ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡി മുന്നണിയിലെ വിള്ളലുകളോ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കുറുമുന്നണിക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളോ കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുമില്ല. അവര്‍ക്കാവശ്യം ആംആദ്മി പാര്‍ട്ടിയുടെ പരാജയം എന്നതു മാത്രമായിരുന്നു. എന്നാല്‍ അതിന് വേണ്ടി പണിയെടുക്കാനൊന്നും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും തയ്യാറായിരുന്നില്ല എന്നു മാത്രം. ആപ്പിനെ ദല്‍ഹിയില്‍ നിന്ന് ഓടിക്കാന്‍ കഠിനാധ്വാനം ചെയ്തതും താഴേത്തട്ടില്‍ മാസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്തതും ബിജെപിയാണ്. അരാഷ്‌ട്രീയ, രാഷ്‌ട്രവിരുദ്ധ കൂട്ടായ്മയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള വലിയ ദൗത്യം ബിജെപി ഏറ്റെടുത്തു നിര്‍വഹിച്ചപ്പോള്‍ അതില്‍ രാഷ്‌ട്രീയ ആശ്വാസം കണ്ടെത്തുകയാണ് കോണ്‍ഗ്രസ് എന്നു മാത്രം.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ശതകോടികളുടെ അഴിമതിക്കെതിരെ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കൂട്ടായ്മയുടെ നേതൃത്വം തട്ടിയെടുത്ത് രാഷ്‌ട്രീയ അധികാരം നേടിയെടുത്തയാളാണ് അരവിന്ദ് കെജ് രിവാള്‍ എന്ന മുന്‍ ഇന്ത്യന്‍ റെവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍. അഴിമതിക്കെതിരെ നിലപാടെടുത്തും ലാളിത്യം മുഖമുദ്രയാക്കി അവതരിപ്പിച്ചും വെള്ളവും വൈദ്യുതിയും ബസ് യാത്രയും സൗജന്യമാക്കിയും ദല്‍ഹിയിലെ പാവപ്പെട്ട ജനങ്ങളുടെ വിശ്വാസം അദ്ദേഹം ആര്‍ജ്ജിച്ചെടുത്തു. എന്നാല്‍, അധികാരത്തില്‍ എത്തിയതോടെ അഴിമതിയുടേയും സത്യസന്ധതയില്ലായ്മയുടേയും മൂര്‍ത്തീരൂപമായി മാറുകയായിരുന്നു. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ കള്ളപ്രചാരണം നടത്തി രാഷ്‌ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന കെജ് രിവാള്‍ ഒടുവില്‍ നടത്തിയ മറ്റൊരു കള്ളപ്രചാരണം തിരിച്ചടിച്ചാണ് അധികാരത്തില്‍ നിന്ന് പുറത്താവുന്നതും. ദല്‍ഹിക്കാരെ കൊല്ലാന്‍ ഹരിയാനക്കാര്‍ യമുനയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന കെജ്രിവാളിന്റെ നുണപ്രചാരണത്തിനെതിരായ ജനവികാരമാണ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ആപ്പിനെ ദല്‍ഹിയില്‍ നിന്ന് പുറത്താക്കിയത്. യമുനാ മയ്യാ കീ ജയ്, ദല്‍ഹി അബ് ‘ആപ്’ദാ മുക്ത് ഹുവാ ഹേ( യമുനാ ദേവി വിജയിക്കട്ടെ, ദല്‍ഹി ഇപ്പോള്‍ അപകടമുക്തമായിരിക്കുന്നു) എന്നായിരുന്നു നീണ്ട 27 വര്‍ഷത്തിന് ശേഷം ദല്‍ഹിയില്‍ അധികാരം ലഭിച്ചപ്പോള്‍ പ്രവര്‍ത്തകരെ കാണവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് എന്നതു കൂടി ശ്രദ്ധിക്കണം.

2013 ഡിസംബറില്‍ ഷീലാദീക്ഷിത് സര്‍ക്കാരിനെ വീഴ്‌ത്തി 70ല്‍ 31 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ 28 സീറ്റുകളോടെ ആപ്പ് ദല്‍ഹിയില്‍ സാന്നിധ്യമറിയിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. തുടര്‍ച്ചയായ പതിനഞ്ചു വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് വെറും 8 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂദല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെടുത്തി അരവിന്ദ് കെജ് രിവാള്‍ ദല്‍ഹിയുടെ നേതാവായി വളര്‍ന്നു. എന്നാല്‍ വിജയിച്ച ഉടന്‍ തന്നെ അവസരവാദ രാഷ്‌ട്രീയത്തിന്റെ വക്താവാണ് താനെന്ന് തെളിയിച്ചു. കോണ്‍ഗ്രസിന്റെ അഴിമതികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തി അധികാരത്തിലെത്തിയ കെജ്രിവാള്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡിസംബര്‍ 28ന് ദല്‍ഹിയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. വെറും 48 ദിവസം മാത്രമേ അവിശുദ്ധ കൂട്ടുകെട്ടിലുണ്ടാക്കിയ ആപ്പ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടു പോകാന്‍ കെജ്രിവാളിന് സാധിച്ചുള്ളൂ. എന്നാല്‍ 2015ലും 2020ലും വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് കെജ്രിവാളും ആപ്പും ദല്‍ഹിയില്‍ നേടിയത്. 70ല്‍ 67 സീറ്റുകള്‍ 2015ല്‍ സ്വന്തമാക്കിയപ്പോള്‍ 62 സീറ്റുകളാണ് 2020ല്‍ ആപ്പിന് ലഭിച്ചത്. തുടര്‍ഭരണത്തിന്റെ ആവേശത്തില്‍ പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും കാലുറപ്പിക്കാനും അധികാരത്തിലെത്താനും ആപ്പ് കണ്ടെത്തിയ വഴിയായിരുന്നു ദല്‍ഹി മദ്യനയ അഴിമതി. കൊവിഡ് പ്രതിസന്ധിക്കിടെ മദ്യനയത്തില്‍ മാറ്റംവരുത്തിയാല്‍ ശ്രദ്ധിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ നടത്തിയ അഴിമതി പിടിക്കപ്പെട്ടതോടെ ആപ്പിന്റെ നേതാക്കളെല്ലാം ഒന്നിന് പിന്നാലെ മറ്റൊന്നായി ജയിലിലേക്കെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നാലുമന്ത്രിമാരും എംപിമാരും 14എംഎല്‍എമാരും അഴിമതിക്കേസുകളില്‍ തീഹാര്‍ ജയിലില്‍ കിടന്നു. രാജ്യത്തെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ഇത്രയും ഗതികേട് ഉണ്ടായിട്ടില്ല. രാജ്യസഭാ എംപി സ്ഥാനം രാജിവെയ്‌പ്പിക്കാന്‍ വനിതാ എംപിയെ മുഖ്യമന്ത്രിയുടെ മുറിയിലിട്ട് തല്ലിച്ചതച്ച നാണംകെട്ട സംഭവവും രാജ്യചരിത്രത്തില്‍ വേറെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്തും ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ നുണപ്രചാരണം നടത്തിയും അരവിന്ദ് കെജ്രിവാള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. ഒടുവില്‍ വ്യാജ വാഗ്ദാനങ്ങളില്‍ മനംമടുത്ത ദല്‍ഹി ജനത അഴിമതിക്കാരനായ കെജ്രിവാളിന്റെ തനിനിറം കണ്ടുതുടങ്ങി. ചേരിനിവാസികള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞ കെജ്രിവാള്‍, കോടികള്‍ മുടക്കി ഔദ്യോഗികവസതി മോടി പിടിപ്പിച്ചു കഴിയുന്നതും ദല്‍ഹി മദ്യനയ അഴിമതിയിലൂടെ കോടികള്‍ തട്ടിച്ചതുമെല്ലാം ദല്‍ഹിക്കാരുടെ മനസ്സ് മടുപ്പിച്ചു. രാജ്യതലസ്ഥാനത്തെ മാലിന്യ പ്രശ്നവും അന്തരീക്ഷ മലിനീകരണവും യമുനയിലെ മലിനജലവുമെല്ലാം പരിഹരിക്കാനാവാത്ത പ്രശ്നങ്ങളായി കെജ്രിവാളിന് മുന്നില്‍ എക്കാലവും തുടര്‍ന്നു. പുതിയ റോഡുകള്‍ നിര്‍മ്മിക്കാനോ ഓടകളുടെ നവീകരണമോ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌ക്കരണമോ ആവട്ടെ യാതൊരു ജനകീയ പ്രശ്നങ്ങള്‍ക്കും ആപ്പ് സര്‍ക്കാരിന് ഉത്തരങ്ങളില്ലായിരുന്നു. എല്ലാം കേന്ദ്രസര്‍ക്കാരിന് മേല്‍ പഴിചാരിക്കൊണ്ട് എത്രകാലം മുന്നോട്ട് പോകാനാവും എന്ന ദല്‍ഹി ജനതയുടെ ചോദ്യത്തിന് ആപ്പിനും കെജ്രിവാളിനും ഉത്തരമില്ലാതായി. ഫെബ്രുവരി 8ന് വന്ന ജനവിധി ദല്‍ഹി ജനതയുടെ മധുരപ്രതികാരമായിരുന്നു. 70ല്‍ 48 സീറ്റുകള്‍ നല്‍കി ദല്‍ഹിക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും വലിയ പിന്തുണ നല്‍കിയിരിക്കുകയാണ്. വ്യാജ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളെ പറ്റിച്ച ആപ്പ് വെറും 22 സീറ്റുകളിലേക്ക് ഒതുങ്ങി. കെജ്രിവാളും മനീഷ് സിസോദിയയും അടക്കം പ്രമുഖ ആപ്പ് നേതാക്കളെല്ലാം പരാജയമറിഞ്ഞപ്പോള്‍ അതിഷി മാത്രമാണ് വിജയിച്ചത്. ദല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍ വീണതോടെ പഞ്ചാബിലടക്കം വലിയ പൊട്ടിത്തെറികള്‍ക്കും തുടക്കമായിട്ടുണ്ട്. മുപ്പതോളം എംഎല്‍എമാരാണ് പഞ്ചാബില്‍ കോണ്‍ഗ്രസിലേക്ക് പോകാനൊരുങ്ങുന്നത്. പഞ്ചാബിലെ ആപ്പ് സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യതകളും ശക്തമായിട്ടുണ്ട്. വെറുപ്പും നുണകളും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെ കുറ്റവും മാത്രം പറഞ്ഞ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ച ആംആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനുമുള്ള അനിവാര്യമായ ജനവിധിയാണ് ദല്‍ഹിയില്‍ സംഭവിച്ചിരിക്കുന്നത്. കെജ്രിവാള്‍ സര്‍ക്കാര്‍ നിലംപതിച്ചെങ്കിലും ആപ്പിനെ പ്രതീക്ഷയോടെ കണ്ട ദല്‍ഹിയിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇനിയും അവഗണിക്കപ്പെട്ടു പോകരുത്. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ട ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ദല്‍ഹി നിവാസികളുടെ അടിസ്ഥാന ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഒരുങ്ങുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മൂന്നുപതിറ്റാണ്ടിനിപ്പുറം ദല്‍ഹിയില്‍ അധികാരത്തിലെത്താന്‍ പോകുന്ന ബിജെപി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക