Article

സദാനന്ദസ്വാമികള്‍: കേരളത്തിന്റെ നവോത്ഥാന ഗുരു

അടിയാളരുടെ വേദഗുരുവായ സദാനന്ദസ്വാമികളുടെ നൂറ്റിയൊന്നാം സമാധി വാര്‍ഷികം ഇന്ന്

Published by

ത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ കാല്‍നടയായി സഞ്ചരിച്ചുകൊണ്ട് കേരളത്തിന്റെ നവോത്ഥാന പദ്ധതിക്ക് രൂപം നല്‍കിയ സദാനന്ദസ്വാമിയുടെ ഓരോ ചുവടുവയ്പും ധര്‍മസംസ്‌കാരത്തിനുവേണ്ടിയുള്ള ഈടുവെയ്പുകളായിരുന്നു. സനാതനമൂല്യങ്ങളെ ആധുനിക ലോകത്തിന്റെ ചുവടുമാറ്റങ്ങളായി ചേര്‍ത്തുവെച്ചുകൊണ്ടാണ് സ്വാമികള്‍ പ്രവര്‍ത്തിച്ചത്. 1901 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് മുന്നില്‍ സദാനന്ദസ്വാമികള്‍ സമര്‍പ്പിച്ച ‘പതിനെട്ടിന പദ്ധതി’ ആധുനിക കേരളത്തിന്റെ ആദ്യത്തെ ശാസ്ത്രീയ വികസന പദ്ധതിയായിരുന്നു. 1905 ല്‍ ‘ഭൂലോക സമുദായ പരിഷ്‌കരണ ശാസ്ത്രം’ എന്ന കൃതിയിലൂടെ ലോകസാമൂഹ്യക്രമത്തിനുള്ള ദര്‍ശനങ്ങളാണ് വേദഗുരു മുന്നോട്ടുവച്ചത്. വേദവിചാരങ്ങളെ, സാമൂഹിക സമത്വം എന്ന ആശയവുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ് അദ്ദേഹം പുനരാവിഷ്‌കരിച്ചത്.

1877 ഫെബ്രുവരി ഒന്നിന് (കൊ.വ. 1052 കുംഭം 13) പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്ത് പുത്തന്‍വീട്ടില്‍ ചെറിയത് അമ്മയുടെയും അയ്യന്‍വീട്ടില്‍ കേശവന്‍ അയ്യന്റെയും മൂത്ത മകനായി ജനിച്ച രാമനാഥനാണ് പില്‍ക്കാലത്ത് സദാനന്ദസ്വാമികളായി മാറിയത്. പതിമൂന്നാം വയസ്സില്‍ ഇംഗ്ലീഷ് പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയില്ല. കര്‍ണാടകത്തിലെത്തിയ രാമനാഥന്‍ കോലാറിലെ സ്വര്‍ണഖനികളിലൊന്നില്‍ തൊഴിലാളിയായി. ‘മനുഷ്യഖനികളിലാണ് നീ അധ്വാനിക്കേണ്ടത്’ എന്ന് കോലാര്‍സ്വാമി എന്ന സിദ്ധന്റെ വാക്കുകള്‍ രാമനാഥന് വഴിത്തിരിവായി. അവിടെ ഒരു ഗുരു-ശിഷ്യ ബന്ധം ഉടലെടുത്തു. ഗുരുവിനൊപ്പം ഉത്തരേന്ത്യയിലും തമിഴ്നാട്ടിലെ സിദ്ധസ്ഥാനങ്ങളിലും സഞ്ചരിച്ച് വേദ വേദാന്ത തന്ത്രാദികള്‍ അഭ്യസിച്ചശേഷമാണ് കേരളത്തിലേക്ക് ഒരു ദീര്‍ഘയാത്ര നടത്തിയത്.

ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് (1901) തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ സദാനന്ദസ്വാമികള്‍ ‘ബ്രഹ്മനിഷ്ഠാമഠം ചിത്സഭാ മിഷന്‍’ സ്ഥാപിച്ചത്. തമിഴ്നാട്, കര്‍ണാടക, ശ്രീലങ്ക, ബര്‍മ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ചിത്സഭാമിഷന് നിരവധി ശാഖകള്‍ ഉണ്ടായി. ഉടനടിയുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും കൗതുകമായി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗങ്ങളും റിപ്പോര്‍ട്ടുകളും സദാനന്ദസ്വാമിയ്‌ക്കെതിരെയും നീണ്ടു. അതൊന്നും സ്വാമികള്‍ ശ്രദ്ധിച്ചതേയില്ല. ദലിത് ജനതയില്‍ നിന്നുയര്‍ന്നുവന്ന അയ്യന്‍കാളിയെയും തമിഴ് വിപ്ലവകാരിയായ സുബ്രഹ്മണ്യ ശിവയെയും സംഘടനാരംഗത്തേക്ക് നയിച്ചത് സദാനന്ദസ്വാമികളായിരുന്നു.വൈക്കം സത്യഗ്രഹത്തിലെ രക്തസാക്ഷിയായിരുന്ന ചിറ്റേടത്ത് ശങ്കുപ്പിള്ളയെ പൊതുരംഗത്തേക്ക് കൊണ്ടുവന്നതും മറ്റാരുമായിരുന്നില്ല. തപസ്വി ഓമലിന്റെ (18251908) പിന്‍ഗാമിയായിരുന്ന ആറന്മുള അഴകനെ ‘അഴകാനന്ദ’ നാക്കി, ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ വേദിയിലിരുത്തിയതും സദാനന്ദസ്വാമികളായിരുന്നു. 1905 ല്‍ കൊട്ടാരക്കരയിലും തിരുവനന്തപുരത്തും പുനലൂരും ദലിതര്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിച്ച സദാനന്ദസ്വാമികള്‍, 1906 ല്‍ പാച്ചല്ലൂരിലും വെങ്ങാന്നൂരിലും സാധുജനങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങളും സ്ഥാപിച്ചു. കേരളത്തിലാദ്യമായി (1906 ല്‍) ദലിതരുടെ ഘോഷയാത്രയോടും പൊതുസമ്മേളനത്തോടുംകൂടി നടത്തപ്പെട്ട ആദ്യത്തെ ക്ഷേത്രപ്രതിഷ്ഠയാണ് പാച്ചല്ലൂരിലെ മഹാകാളഹസ്തീശ്വരാലയം ക്ഷേത്രത്തിലുള്ളത്. അന്നേ ദിവസം (1906 ഏപ്രില്‍ 14) ഒരു ദലിത് യുവാവിന് ‘പരമശിവന്‍’ എന്ന പേരു നല്‍കി അവിടത്തെ പൂജാരിയായും സദാനന്ദസ്വാമികള്‍ നിയമിച്ചു. ചെറുകോല്‍പ്പുഴയില്‍ 1912 ല്‍ സ്വാമിയുടെ അധ്യക്ഷതയില്‍ തുടങ്ങിയ ഹിന്ദുമത മഹായോഗമാണ് പിന്നീട് ‘ഹിന്ദുമതകണ്‍വെന്‍ഷ’നായി മാറിയത്.

‘സന്യാസിമാര്‍ക്കിടയിലെ ഇന്‍ഡസ്ട്രിയലിസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന സ്വാമികള്‍ ദക്ഷിണേന്ത്യയിലാദ്യമായി ആയുര്‍വേദ തൊഴില്‍ശാലകള്‍ നടത്തുകയും കേരളത്തിലങ്ങോളമിങ്ങോളം വൈദ്യശാലകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

1910-14 കാലയളവില്‍ സദാനന്ദസ്വാമികള്‍ നടത്തിയ പന്തിഭോജനങ്ങള്‍ ജാതിനിര്‍മൂലനത്തിന്റെ സമരമുഖങ്ങളായിരുന്നു. എല്ലാ ജാതിസമൂഹങ്ങളില്‍നിന്നും വേദഗുരുവിന് ശിഷ്യഗണങ്ങളുണ്ടായി. 1901 ല്‍ കൊട്ടാരക്കരയില്‍ സദാനന്ദസ്വാമികള്‍ രൂപപ്പെടുത്തിയ ‘കൈലാസഗിരി’ ഒട്ടും താമസിയാതെ ‘സദാനന്ദപുര’മായി അറിയപ്പെട്ടു. ഈഴവ സമുദായത്തിന് സദാനന്ദസ്വാമികളില്‍നിന്ന് പലതും പ്രതീക്ഷിക്കാനുണ്ടെന്ന് കുമാരനാശാന്‍ (വിവേകോദയം) എഴുതി. വിമര്‍ശനങ്ങള്‍ക്കൊന്നും ചെവിക്കൊടുക്കാതെ, സ്വാശ്രയശീലനായ സ്വാമികള്‍ തന്റെ പ്രയത്നം തുടര്‍ന്നുകൊണ്ടിരുന്നു എന്നാണ് മന്നത്ത് പത്മനാഭന്‍ തന്റെ ആത്മകഥയില്‍ കുറിച്ചത്. സദാനന്ദപുരത്തെ അവധൂതാശ്രമത്തില്‍ ഔഷധത്തോട്ടം, ബഹുഭാഷാ ഗ്രന്ഥശാല, വേദാന്തര വിദ്യാലയം, ശ്രീചക്രപൂജാലയം, അഗസ്ത്യക്ഷേത്രം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ച സദാനന്ദസ്വാമികള്‍ പ്രായോഗിക വേദാന്തത്തിന്റെ ജ്വാലാമുഖമായിരുന്നു. സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം, സ്വശിഷ്യനായ മഹാപ്രസാദ് ആത്മാനന്ദ ഭാരതി സ്വാമികള്‍, ഉത്തരകാശിയില്‍ സ്ഥാപിച്ച ‘പരിവ്രാജക മണ്ഡലി’ എന്ന സംഘടന, സന്യാസിമാരുടെ സംഘടന എന്ന നിലയില്‍ പ്രസിദ്ധി നേടി.

‘ധര്‍മ്മരാജ’ എന്ന നോവലില്‍ ‘ഹരിപഞ്ചാനന്‍’ എന്ന കഥാപാത്രത്തെ സി.വി. രാമന്‍പിള്ള രൂപപ്പെടുത്തിയത് സദാനന്ദസ്വാമിയുടെ ശരീരഘടന കണ്ടിട്ടായിരുന്നുവെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പ് , വരവൂര്‍ ശാമുമേനോന്‍, കൊല്ലങ്കോട് ഗോപാലന്‍നായര്‍ തുടങ്ങിയ പ്രമുഖര്‍ സദാനന്ദസ്വാമിയുടെ ഗൃഹസ്ഥശിഷ്യരായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമായി നിരവധി സന്യാസിമാര്‍ ശിഷ്യഗണങ്ങളായി ഉണ്ടായിരുന്നു. ശ്രീലങ്കയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയും പ്രതിസന്ധികളെ വിശകലനം ചെയ്യുന്നതായിരുന്നു. അക്കാലത്തെ ആചാര്യന്മാരും ഭക്തപണ്ഡിതന്മാരും ദേവതാസ്തുതികള്‍ എഴുതിയപ്പോള്‍, സദാനന്ദസ്വാമികള്‍ എഴുതിയ ‘സമൂഹധ്യാനമന്ത്രങ്ങള്‍’ ജാതിഭേദമില്ലാത്ത ഒരു സമൂഹത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു. അഖിലലോകക്ഷേമപ്രവര്‍ത്തകന്‍ എന്നു സ്വയം അഭിസംബോധന ചെയ്തുകൊണ്ട് സദാനന്ദസ്വാമികള്‍ നടത്തിയ ധര്‍മസേവനങ്ങളെ നവോത്ഥാന കേരളം അപ്പാടെ മറന്നുകളഞ്ഞത് ഏതൊരു അന്വേഷകനെയും അതിശയിപ്പിക്കുന്നു.

1924 ജനുവരി 21 (കെ.വ.1099 മകരം 9) തൈപ്പൂയം നാളില്‍, നാല്‍പത്തിയേഴാം വയസ്സിലാണ് കൊട്ടാരക്കര അവധൂതാശ്രമത്തില്‍വച്ച് അവധൂത വേദഗുരു സദാനന്ദസ്വാമികള്‍ സമാധിയായത്. ഒട്ടനേകം സമരജ്വാലകള്‍ക്ക് തിരി തെളിച്ച ശേഷമുള്ള മാഞ്ഞുപോകല്‍ നാം ഇനിയും മറന്നുപോകാതിരിക്കട്ടെ.

(സദാനന്ദസ്വാമികളുടെ ജീവചരിത്രകാരനും ഗവേഷകനുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by