ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യയ്‌ക്ക് ബെംഗളൂരുവില്‍ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളില്‍ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
ഗവേഷണം, വികസനം, ഉത്പാദനം എന്നിവയില്‍ ആഗോള പ്രതിരോധ സഹകരണത്തിന് രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു. എയ്റോസ്പേസ്, പ്രതിരോധ മേഖലകളില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ശക്തിയുടെ തെളിവാണ് എയ്റോ ഇന്ത്യ. പ്രതിരോധ സഹകരണം, ഗവേഷണം, ഉത്പാദനം എന്നിവയില്‍ ശക്തമായ അന്താരാഷ്‌ട്ര പങ്കാളിത്തം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വാങ്ങല്‍ കൊടുക്കല്‍ ബന്ധത്തിനപ്പുറത്തേക്ക് ആഗോള പങ്കാളിത്തങ്ങളെ വ്യാവസായിക സഹകരണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.
മില്ല്യണ്‍ അവസരങ്ങളിലേക്കുളള റണ്‍വേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ സംരംഭങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, പ്രതിരോധ തന്ത്രജ്ഞര്‍ എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം എയ്‌റോ ഇന്ത്യ എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ബെംഗളൂരു എയര്‍ ഷോയുടെ 15-ാമത് എഡിഷനാണ് തുടങ്ങുന്നത്. അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ഫൈറ്റര്‍ ജെറ്റുകള്‍ വ്യോമാഭ്യാസ പ്രകടനത്തില്‍ മാറ്റുരക്കുന്നുണ്ട്.
വ്യോമയാന മേഖലയില്‍ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്ഫോമുകളുടെ എയര്‍ ഡിസ്പ്ലേകളും സ്റ്റാറ്റിക് പ്രദര്‍ശനങ്ങളും എയ്റോ ഇന്ത്യയില്‍ ഉള്‍പ്പെടുന്നുണ്ട്. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങള്‍ (ഫെബ്രുവരി 10, 11, 12) ബിസിനസ് ദിവസങ്ങളായിരിക്കും. 13, 14 തീയതികള്‍ പ്രദര്‍ശനം കാണാന്‍ ആളുകളെ അനുവദിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എഞ്ചിനീയറിങ് ഡെമോണ്‍സ്‌ട്രേറ്ററായ കോംബാറ്റ് എയര്‍ ടീമിങ് സിസ്റ്റം (സിഎടിഎസ്) വാരിയര്‍ ആണ് ഷോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഭാരതീയ വ്യോമസേനയുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള അത്യാധുനിക സംവിധാനമാണ് സിഎടിഎസ് വാരിയര്‍.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഇന്ത്യ പവലിയനില്‍ തദ്ദേശീയ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവയുടെ വ്യോമാഭ്യാസ പ്രദര്‍ശനങ്ങള്‍ മേളയിലുണ്ടാവും. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ അനാവരണം ചെയ്യുന്നതിനും ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനുമുള്ള വേദി കൂടിയാണിത്.
എയ്റോസ്പേസ് മേഖലയില്‍ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്ഫോമുകളുടെ എയര്‍ ഡിസ്പ്ലേകളും സ്റ്റാറ്റിക് പ്രദര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിരോധത്തിലും വ്യോമയാനത്തിലും നൂതന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം, ഭാരതവും ആഗോള പ്രതിരോധ വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും സുഗമമാക്കുക, തദ്ദേശീയ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, പ്രതിരോധ നിര്‍മാണ കേന്ദ്രമെന്ന നിലയില്‍ ഭാരതത്തിന്റെ പങ്ക് വര്‍ധിപ്പിക്കുക, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍, ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരിക എന്നിവയാണ് എയ്റോ ഇന്ത്യയുടെ ദൗത്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: