പ്രയാഗ്‌രാജ്: സനാതന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ വനവാസി സമൂഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ഗോത്രസംസ്‌കൃതിയും പാരമ്പര്യവും വിജ്ഞാനവും പ്രോത്സാഹിപ്പിക്കാന്‍ സംന്യാസി സമൂഹം മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹാകുംഭമേളയില്‍ വനവാസി കല്യാണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടന്ന വനവാസി സംഗമത്തിന്റെ സമാപന പരിപാടിയായ സംന്യാസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദേശിക ആശയങ്ങളുടെ കടന്നുകയറ്റം, മതപരിവര്‍ത്തനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്നും സനാതന പാരമ്പര്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടാണ് ജനജാതി മേഖലയിലെ സംന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ തപോവിശുദ്ധമായ പ്രയത്നം കൊണ്ടാണ് ഇന്ന് ഹിന്ദുധര്‍മം നിലനില്‍ക്കുന്നത്.
വിദ്യാഭ്യാസം, മൂല്യങ്ങള്‍, ധര്‍മബോധം, സേവനം എന്നിവയിലൂടെ വനവാസി സമൂഹത്തെ ഉണര്‍ത്തി ഒരേ സമാജത്തിന്റെ ഭാഗമെന്ന നിലയില്‍ മുന്നോട്ട് നയിക്കുകയാണ് വനവാസി കല്യാണ്‍ ആശ്രമം ചെയ്യുന്നത്, സര്‍കാര്യവാഹ് പറഞ്ഞു.
77 ഗോത്ര സമുദായങ്ങളിലെ സംന്യാസിമാരും മഹന്തുമാരും സമ്മേളനത്തില്‍ പങ്കെടുത്തു. കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ്, ഗംഗാധര്‍ജി മഹാരാജ്, ദാദു ദയാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക