തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെക്നോപാര്‍ക്ക്. പതിനാറാമത് ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 200 ലധികം യുവജനങ്ങളാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര സംഘടന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളിലൊന്നാണ് ടെക്നോപാര്‍ക്ക്.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായരുമായി യുവജനങ്ങള്‍ ആശയവിനിമയം നടത്തി. ടെക്നോപാര്‍ക്കിന്റെ സുപ്രധാന നാഴികക്കല്ലുകളേയും രാജ്യത്തെ ഐടി മേഖലയുടെ വളര്‍ച്ചയ്‌ക്ക് ടെക്നോപാര്‍ക്ക് നല്‍കിയ സംഭാവനകളേയും കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഛത്തീസ്ഗഡിലെ ഒരു ഉള്‍പ്രദേശത്ത് ചെലവഴിച്ച തന്റെ സ്കൂള്‍ ദിനങ്ങളിലെ ഓര്‍മ അദ്ദേഹം അയവിറക്കി. വിദ്യാര്‍ത്ഥികള്‍ മികച്ച വിദ്യാഭ്യാസം നേടണമെന്നും സാങ്കേതിക വിദ്യയില്‍ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു.
മെഡ്ടെക്, എഡ്ടെക്, അഗ്രിടെക്, ഓട്ടോമൊബൈല്‍ ടെക്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ എല്ലാ മേഖലകളുടേയും പുരോഗതിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. നിര്‍മ്മിതബുദ്ധി, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍, എആര്‍/വിആര്‍ തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഡിജിറ്റല്‍ യുഗത്തിന്റെ സാങ്കേതിക പുരോഗതിയ്‌ക്ക് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വസന്ത് വരദ ടെക്നോപാര്‍ക്കിന്റെ സാധ്യതകളേയും അവസരങ്ങളേയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവതരണം നടത്തി. ഇനിവരുന്ന തലമുറയ്‌ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതിലും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലും മികച്ച സംഭാവന നല്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള മൂന്ന് ഐടി പാര്‍ക്കുകളിലൂടെ സാങ്കേതികമേഖലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാണ്. യുവജനങ്ങള്‍ക്ക് അനന്ത സാധ്യതകളാണ് ടെക്നോപാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോത്രവിഭാഗത്തിലെ യുവതയ്‌ക്ക് വൈവിധ്യമാര്‍ന്ന സംസ്കാരം, ധാര്‍മ്മികത, ഭാഷ, ജീവിതരീതികള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: