ഒരു പുതിയ സംവിധായകന്റെ മൂന്നാമത്തെ സിനിമയുടെ വിജയമാണ് ആ മേഖലയില്‍ അയാളുടെ യഥാര്‍ത്ഥ വിധി നിര്‍ണയിക്കുകയെന്ന് പറയാറുണ്ട്. ഒന്ന് ആര്‍ക്കും സാധ്യം, രണ്ടാമത്തേത് ചിലര്‍ക്കൊക്കെ, മൂന്നാമത്തേതും വിജയിച്ചാലാണ് വിജയങ്ങള്‍ യാദൃച്ഛികമല്ലെന്നു വരുന്നത്.
ചക്ക വീണ് മുയല്‍ ചത്തു എന്നുകരുതി ഏത് ചക്ക വീണാലുംഅപ്പോളെല്ലാം മുയല്‍ ചാകണമെന്നില്ലല്ലോ- ആ ചൊല്ലിന്റെ അര്‍ത്ഥവും പറയുന്നത് യാദൃച്ഛികതയുടെ കാര്യമാണ്. അതായത് സാധ്യതകള്‍ എന്നല്ലാതെ കൃത്യതയും സുനിശ്ചിതത്വവും ആര്‍ക്കും ഉറപ്പു പറയാനാവില്ല, രാഷ്‌ട്രീയത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ച് രാഷ്‌ട്രീയത്തിലെ ജനവിധിയുടെ കാര്യത്തില്‍. ശാസ്ത്രത്തില്‍ അങ്ങനെയല്ല എന്നു പറയാറുണ്ട്. ഗണിത ശാസ്ത്രത്തില്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടാണ്. അത് ആര് ചേര്‍ത്താലും അങ്ങനെയാണ്. എന്നാല്‍ രാഷ്‌ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടാകണമെന്നില്ല എന്നാണ് പറയാറ്. ചിലപ്പോള്‍ അത് ‘ഇമ്മിണി ബല്യ’ ഒന്നാകും. തെരഞ്ഞെടുപ്പു ഫലങ്ങള്‍ അങ്ങനെയാണ് കാണിച്ചിട്ടുള്ളത് പലപ്പോഴും.
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയം പ്രവചിച്ചവരെ നിരാശപ്പെടുത്തിയത് ഈ കണക്കായിരുന്നു.ഇപ്പോള്‍ 2025 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ ജനവിധി പഠിപ്പിച്ചത് ഈ കണക്കുതന്നെ. ഇതുതന്നെയാണ് 2004 ല്‍ വാജ്‌പേയി ഭരണം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടിയായത്. ഇതുതന്നെയാണ് 2014 ല്‍ നരേന്ദ്രമോദിയെ വന്‍ ജനപിന്തുണയോടെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തെരഞ്ഞെടുപ്പിലും സംഭവിച്ചത്.
ദല്‍ഹിയുടെ ദില്‍ (ഹൃദയം) അരവിന്ദ് കേജരിവാള്‍ 2013 ല്‍ ആദ്യം നേടിയത് പ്രത്യേക സാഹചര്യം കൊണ്ടായിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരാനിടയായ പലകാരണങ്ങളിലൊന്ന്മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 10 വര്‍ഷം കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ പോരാട്ടമായിരുന്നു. ആ വിജയത്തിന് മുന്നോടിയായിരുന്നു2013 ലെ ദല്‍ഹി തെരഞ്ഞെടുപ്പ് എന്ന് ഓര്‍മ്മിക്കണം. അന്ന്, 2013ല്‍, 70 ല്‍ 31 സീറ്റ് നേടിയ ബിജെപിയെ മാറ്റി നിര്‍ത്തിയാണ് 28 സീറ്റുണ്ടായിരുന്ന ആപ് പാര്‍ട്ടിയുടെ നേതാവ് കേജരി വാള്‍ ദല്‍ഹിയുടെ മുഖ്യമന്ത്രിയായത്. അഴിമതിക്കെതിരെയായിരുന്നു അന്നും ജനവിധി. സ്വന്തം ‘ഗുരു’ അണ്ണാ ഹസാരെ പാകപ്പെടുത്തിയ സാമൂഹ്യ നിലത്തായിരുന്നു കേജരിവാളിന്റെ വിള തെറ്റിച്ചുള്ള കൃഷി. അന്ന് ഹസാരെയുടെ ലക്ഷ്യത്തിന് വിയര്‍പ്പൊഴുക്കിയത് ദേശീയ പ്രസ്ഥാനങ്ങളായിരുന്നു. പക്ഷേ, ഗുരുവിനെ ചവിട്ടി, ഒപ്പം നിന്നവരെ തള്ളിവീഴിച്ചായിരുന്നു കേജരി എഎപി എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയത്.
ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ നടത്തിയ സമര പ്രക്ഷോഭങ്ങള്‍ ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ നേടി. ‘ഗാന്ധിജിയുടെ രണ്ടാം വരവ്’ എന്നൊക്കെ വിശേഷിപ്പിച്ചവരുണ്ട്. അഴിമതിക്ക് എതിരെ, അക്രമങ്ങള്‍ക്കെതിരെ, അതിക്രമങ്ങള്‍ക്കെതിരേ, ദുര്‍ഭരണത്തിനെതിരെ ആയിരുന്നു പ്രക്ഷോഭം. ആ സമരവും പ്രക്ഷോഭവും’ മാനേജ് ചെയ്യാന്‍ ‘മേല്‍നോട്ടത്തിന് ചേര്‍ന്നവരില്‍ പ്രമുഖനാ
യിരുന്നു കേജരിവാള്‍. യോഗേന്ദ്ര യാദവ്, കിരണ്‍ ബേദി തുടങ്ങിയ പ്രസിദ്ധര്‍ ഒപ്പം നിന്നു. യോഗാ സംന്യാസി ബാബാ രാംദേവ് പോലെയുള്ളവരുള്‍പ്പെടെ സമരം നയിച്ചു. വിദ്യാസമ്പന്നനായ കേജരിവാള്‍ ശ്രദ്ധേയനായി. മാധ്യമങ്ങള്‍ വാഴ്‌ത്തി. കോണ്‍ഗ്രസ്സിനെതിരെ ബിജെപിക്ക് പകരം ഒരു പാര്‍ട്ടിയും നേതാവും വേണമെന്നാഗ്രഹിച്ചിരുന്നവര്‍ക്ക് വീണു കിട്ടിയ അവസരമായിരുന്നു അത്. അങ്ങനെ മാധ്യമങ്ങള്‍ കേജരിവാളിനെ കൊണ്ടാടി. അവസരത്തിനൊത്ത് സ്വയം കെട്ടിപ്പൊക്കാനും കാറ്റു നിറച്ച് വലുപ്പം കൊള്ളാനും കേജരിവാളിന് കഴിഞ്ഞു. അങ്ങനെയാണ് 2013 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം പിടിച്ചുനിന്ന് ബിജെപിയേക്കാള്‍ മൂന്നു സീറ്റ് കുറവ് നേടി 28 സീറ്റുമായി കേജരിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായത്.
ആദ്യവട്ട ഭരണത്തില്‍, അഴിമതി വിരുദ്ധ നിയമനിര്‍മ്മാണത്തിന് നിയമസഭയില്‍ പിന്തുണ കിട്ടാഞ്ഞപ്പോള്‍, 49 ദിവസത്തെ ഭരണംഉപേക്ഷിച്ച്, രാജിവെച്ച മുഖ്യമന്ത്രി കേജരിവാള്‍ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ‘പ്രകടിപ്പിച്ച’ ആത്മാര്‍ത്ഥത വിശ്വസിച്ചാണ് ദല്‍ഹിക്കാര്‍ കേജരിവാളിനെ 2015 ല്‍ 70 ല്‍ 67 സീറ്റ് നല്‍കിജയിപ്പിച്ചത്. തുടര്‍ന്നുള്ള ചില ചെയ്തികള്‍ കേജരിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ദല്‍ഹിയുടെ ഹൃദയത്തെ പ്രേരിപ്പിച്ചു. അങ്ങനെ, 2020 ല്‍ 62 സീറ്റു നല്‍കി രണ്ടാമതും പരീക്ഷിച്ചു. രണ്ടാംവട്ടവും അധികാരത്തില്‍ കയറിയപ്പോള്‍ ആപ് അതിന്റെ സ്വത്വം (മലയാളത്തില്‍ തനിഗ്ഗുണം) കാണിച്ചു. അഴിമതി, അതും ഗാന്ധിയന്‍ അണ്ണാ ഹസാരെ എതിര്‍ത്ത മദ്യക്കച്ചവട ലോബിക്ക് വിടുപണി ചെയ്ത് ‘ഗുരുഹത്യ’ പൂര്‍ണമാക്കി. ക്രമത്തില്‍,അവര്‍ എതിര്‍ക്കുന്നുവെന്ന് തോന്നിപ്പിച്ച അതേ അഴിമതിയില്‍ ആപ്മൂക്കുവരെ മുങ്ങി. അതിനാലാണ് മൂന്നാമത്തെ പ്രയത്‌നത്തില്‍ ദയനീയമായി തോറ്റത്. ദല്‍ഹിഹൃദയം ആപ്പിനെയും കേജരിവാളിനെയും തിരിച്ചറിഞ്ഞ്, മൂന്നാം വട്ടത്തില്‍ മൂക്ക് കുത്തിച്ചു.
ജനാധിപത്യത്തില്‍, തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ കക്ഷിരാഷ്‌ട്രീയത്തിന് പങ്കില്ലാതില്ല. പക്ഷേ, അതാണ് എല്ലാമെന്ന് ധരിക്കുന്നത് തെറ്റാണ്. പ്രസംഗത്തില്‍ പല അവകാശവാദങ്ങളും പറയാം, വാഗ്ദാനങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്താം. അതൊക്കെ കുറച്ചൊക്കെ ജനമനസ്സിനെ സ്വാധീനിക്കുകയും ചെയ്യും. പക്ഷേ, അഴിമതിയോട് സാമാന്യ ജനത യോജിക്കില്ല. അതൊരു ധര്‍മ്മബോധമാണ്. അതെ, അഴിമതിയും അതിനോടുള്ള ജനഹൃദയത്തിന്റെ ബോധവുമാണ് പ്രധാനം. അറിഞ്ഞോ അറിയാതെയോ വ്യക്തികളില്‍ അത് സ്വാധീനിക്കും. അങ്ങനെ ജനസമാജത്തിന്റെ മനസ്സാകും.മൂന്നാം വട്ടവും നരേന്ദ്ര മോദി തെരഞ്ഞെടുപ്പിലൂടെഅധികാരത്തില്‍ വന്നതും സംസ്ഥാനങ്ങളില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വിജയം നേടുന്നതും അഴിമതിക്കെതിരെയുള്ള കര്‍ക്കശ നിലപാടു കൊണ്ടാണെന്ന് വീണ്ടും വീണ്ടുംവ്യക്തമാകുകയാണ്. ഒരുപക്ഷേ പലരും വിയോജിച്ചേക്കാം. എന്നാല്‍, ആ ധര്‍മ്മബോധംകൊണ്ടു മാത്രമായില്ല. ആസൂത്രിതമായി നടത്തുന്ന അഴിമതിയുടെ അടിത്തണ്ടുകണ്ടെത്തി, അത് ജനങ്ങളെ ബോധ്യപ്പെടുത്തണം. കാരണം, ലോകത്തെമ്പാടും അധികാരം പലകാലങ്ങളായി അഴിമതിയെ ആഗോള വ്യാപകമായ അസംബന്ധമാക്കി വളര്‍ത്തിയിട്ടുണ്ട്. അതിനാല്‍, അധികാര സ്ഥാനങ്ങളുടെയും സംവിധാനത്തിന്റെയും അഴിമതി എന്നത് ഇക്കാലത്ത് ആര്‍ക്കും ആര്‍ക്കെതിരേയും ഉയര്‍ത്താവുന്ന ആരോപണമാണ്. അതിനപ്പുറം ആരോപണം അടിസ്ഥാനമുള്ളതാണെന്ന് തെളിയിക്കാനായാല്‍ ജനമനസ്സ് അഴിമതിക്കാര്‍ക്ക് എതിരേ നില്‍ക്കും. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ അഴിമതി ആരോപിക്കാന്‍ പോലും അവസരമുണ്ടാക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയം. അസാമാന്യ നിഷ്ഠയുള്ളവര്‍ക്കേ അത് സാധിക്കൂ.
അഴിമതി തൂത്തുനീക്കി, ശുദ്ധിചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചാണ് ആപ് ചൂലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ‘ചൂല്‍ ‘ എടുത്തിരുന്നു, അത് ഭാരതം മുഴുവന്‍ ശുചിയാക്കാനായിരുന്നു, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ ചിഹ്നമാക്കാനല്ലായിരുന്നു. ചെളിയും ചളിയും പുരണ്ട ‘ആപ്പിന്റെ ചൂല്‍’ കണ്ട്, അതില്‍,ആവേശംകൊണ്ട്, കേജരിവാളിന് കൈ കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകളുംചില ‘മതേതര നിഷ്പക്ഷ’ ബുദ്ധിജീവി വര്‍ഗവുമുണ്ട്. കേരളത്തിലുണ്ട് അങ്ങനെയൊരു വലിയ വിഭാഗം. കോണ്‍ഗ്രസ്സിന്റേയും കമ്മ്യൂണിസ്റ്റുകളുടെയും മുന്നണികളെ മടുത്തവര്‍. എന്നാല്‍, ഇനിയും അവര്‍ക്കും യുക്തിയോടെ വ്യക്തമായി വിശദീകരിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ ബിജെപിയോട് അകലം പാലിക്കുന്നവര്‍. അവര്‍ ‘ദല്‍ഹിയുടെ ഹൃദയ’ത്തിന്റെ വഴിയില്‍ തിരിയാന്‍ ഇനി എത്രകാലം വേണ്ടിവരുമെന്നതാണ് ചോദ്യം. ഏറെ വൈകില്ലെന്നാണ് ദല്‍ഹി തെരഞ്ഞെടുപ്പു ഫലം കൊണ്ടുള്ള മറുപടി. പക്ഷേ, അതിന് ഇനിയും ഏറെ സജ്ജമാകാനുണ്ട് കേരളം എന്നതും മറ്റൊരു വസ്തുതയാണ്.
ദല്‍ഹിയും ന്യൂദല്‍ഹിയും ഇതാദ്യമായി താമരത്തേരില്‍ യാത്ര തുടങ്ങുന്നത് തികച്ചും പുതിയ ഭരണ കാലത്തിന്റെ സൂര്യോദയമാണ്. 27 വര്‍ഷത്തിന് ശേഷം ബിജെപി
ദല്‍ഹിയില്‍ അധികാരത്തില്‍ എന്നതല്ല വിശേഷം. ഇതാദ്യമായി കേന്ദ്രത്തിലും ദല്‍ഹിയിലും- ദല്‍ഹിയിലും ന്യൂദല്‍ഹിയിലും ബിജെപി സര്‍ക്കാര്‍ എന്നതാണ് പ്രധാനം. ബിജെപിക്ക് ദല്‍ഹിഭരണം നല്ല ലക്ഷണംകൂടിയാണ്. ജനസംഘത്തിന്റെ കാലത്ത് ബിജെപി ആദര്‍ശം ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണ നിര്‍വഹണം തുടങ്ങിവെച്ചിരുന്നു. എന്നാല്‍, ഈ പുതിയ അവസരംപുതിയൊരു ദല്‍ഹിയുടെ സൃഷ്ടിക്ക് വഴിതുറക്കുകതന്നെചെയ്യും.27 വര്‍ഷം പാഴാക്കിയതില്‍, പ്രത്യേകിച്ച് അതിലെ 2013 മുതല്‍ 12 വര്‍ഷത്തിന്റെ കാര്യത്തില്‍, ദല്‍ഹിക്കാര്‍ക്ക് പശ്ചാത്തപിക്കാന്‍ ഇടവരുന്ന വികസനമായിരിക്കും ദല്‍ഹിക്ക് വരാന്‍ പോകുന്ന നാളുകളില്‍. 2004 ലെ പൊതുതെരഞ്ഞെടുപ്പിലൈ തെറ്റായ വോട്ടുകുത്തലിനെക്കുറിച്ച്, ചിന്തിക്കുന്ന ഭാരത ജനത ഇടയ്‌ക്കിടെ ഓര്‍മ്മിക്കുന്നതുപോലെ.
‘നോട്ട’യ്‌ക്കും പിന്നില്‍പോയ സിപിഎമ്മിന്റെ ദല്‍ഹിയിലെ വോട്ടും കോണ്‍ഗ്രസിന്റെ പൂജ്യം സീറ്റും കാണിക്കുന്നത് മികച്ച ഒരു മാറ്റത്തെയാണ്. ദല്‍ഹിയിലെ എകെജി ഭവനും (സിപിഎം ആസ്ഥാനം) അജോയ് ഭവനും (സിപിഐ ആസ്ഥാനം) അടച്ചുപൂട്ടാറായി എന്ന്. ദല്‍ഹിയിലെ കേരളക്കാരിലും വലിയ മാറ്റം ഉണ്ടായിരിക്കുന്നുവെന്ന്…
പിന്‍കുറിപ്പ്:
നോട്ടയേക്കാള്‍ വോട്ടു കുറഞ്ഞുപോയ സിപിഎമ്മിനെ ഓര്‍മ്മിപ്പിക്കാന്‍ ഒരു പഴയ ചരിത്രം. അന്ന്,1958ല്‍, പാര്‍ട്ടി പിളര്‍ന്നിട്ടില്ല, ഒറ്റ സിപിഐ. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെ 80 സീറ്റില്‍ കോണ്‍ഗ്രസിന് 27, ജനസംഘത്തിന് 25, സിപിഐക്ക് 8 സീറ്റുകള്‍. ബാക്കി സ്വതന്ത്രര്‍. കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്താന്‍ ജനസംഘം തയാറായി.സിപിഐയുടെ അരുണാ ആസഫലിയെ, ആ പാര്‍ട്ടി പിന്തുണ രേഖാമൂലം ചോദിച്ചതിനെ തുടര്‍ന്ന്, രാഷ്‌ട്രീയ അയിത്തം ഇല്ലാത്തതിനാല്‍, ജനസംഘം പിന്തുണച്ചു, ഒന്നിച്ച് ഭരിച്ചു. അന്നത്തെ ജനസംഘത്തിന്റെ ഇന്നത്തെ രൂപമായ ബിജെപി ഇന്നെവിടെ? പലതായി പിളര്‍ന്ന കമ്മ്യൂണിസ്റ്റുകളെവിടെ? അതെ, രാഷ്‌ട്രീയം സാധാരണ കണക്കുകൂട്ടലില്‍ ഒതുങ്ങില്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: