നിയമവിരുദ്ധമായി കേരളത്തില്‍ തങ്ങുന്ന മുപ്പതിലേറെ ബംഗ്ലാദേശികളെ എറണാകുളം ജില്ലയുടെ വിവിധയിടങ്ങളില്‍നിന്ന് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടുകയുണ്ടായി. ഏറ്റവും കൂടുതല്‍ പേര് പിടിയിലായത് മുനമ്പത്തു നിന്നാണ്. അവിടെ ഒരു ലേബര്‍ ക്യാമ്പില്‍ ഒരു വര്‍ഷത്തിലേറെയായി കഴിയുന്ന 50 പേരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ 27 പേര് ബംഗ്ലാദേശികള്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായാണ് തെരച്ചില്‍ നടത്തിയത്. പിടികൂടിയവരില്‍ ദമ്പതിമാരുമുണ്ട്. ബംഗ്ലാദേശിന്റെ അതിര്‍ത്തി കടന്ന് പശ്ചിമ ബംഗാളില്‍ എത്തുന്ന ഇവര്‍ അവിടെ നിന്ന് തിരിച്ചറിയല്‍ കാര്‍ഡും വ്യാജ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റുമൊക്കെ സംഘടിപ്പിച്ച് കേരളത്തിലേക്ക് വരികയാണ്. ഇവരെ കേരളത്തില്‍ എത്തിക്കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമബംഗാള്‍, ഒഡിഷ, അസം മുതലായ സംസ്ഥാനങ്ങളില്‍ നിന്ന് ഭായിമാര്‍ എന്ന പേരില്‍ എത്തുന്നവര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്. കെട്ടിട നിര്‍മ്മാണ രംഗത്തും കടകളിലും ഹോട്ടലുകളിലും വഴിയോര കച്ചവടങ്ങളിലുമൊക്കെ ഇവര്‍ നിറഞ്ഞിരിക്കുകയാണ്. അതിഥി തൊഴിലാളികള്‍ എന്ന നിലയ്ക്ക് ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മറയാക്കിയാണ് ബംഗ്ലാദേശില്‍ നിന്നുള്ളവരും നിയമവിരുദ്ധമായി കേരളത്തില്‍ തങ്ങുന്നത്. അസമില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ഇക്കൂട്ടര്‍ കേരളത്തില്‍ എത്തുകയും, ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നതായി പോലീസിന് വിവരമുണ്ട്.
കേരളത്തില്‍ നിലനില്‍ക്കുന്ന മതപരവും രാഷ്ട്രീയപരവുമായ സവിശേഷ സാഹചര്യമാണ് ബംഗ്ലാദേശികളെ അനധികൃതമായി തങ്ങാന്‍ പ്രേരിപ്പിക്കുന്നത്. വിവിധ തൊഴില്‍മേഖലകളില്‍ ഉയര്‍ന്ന കൂലി ലഭിക്കുന്നത് പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്. എന്നാല്‍ ഇതിനുവേണ്ടി എത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അധികൃതര്‍ക്ക് വലിയ അനാസ്ഥയാണ്.
അതുകൊണ്ട് സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ വളരെയധികമാണ് കുടിയേറ്റ തൊഴിലാളികളുടെ സംഖ്യ. രജിസ്ട്രേഷന് കൃത്യമല്ലാത്തതിനാല്‍ ആരെ വേണമെങ്കിലും കേരളത്തില്‍ എത്തിക്കാമെന്ന സ്ഥിതിയാണ്. ഇങ്ങനെ വന്ന ചിലര്‍ കേരളത്തില്‍ സ്ഥിരതാമസമാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ സ്ത്രീകളെ വിവാഹം ചെയ്തു സ്വന്തമായി വീട് നിര്‍മ്മിച്ച് കഴിയുന്നവരുമുണ്ട്. കുടിയേറ്റ തൊഴിലാളികളെ വോട്ട് ബാങ്കാക്കി മാറ്റുക എന്ന ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ഇവരുടെ യൂണിയന് സംഘടിപ്പിക്കാനുള്ള നീക്കം നടന്നുവരുന്നതായും അറിയുന്നു. ഇസ്ലാമിക മതമൗലികവാദ സംഘടനകള്‍ മസില് പവറായി ഇക്കൂട്ടരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇസ്ലാമിക സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ ഇവര്‍ പങ്കെടുത്തതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ പോലുള്ള മേഖലകളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നതായി വളരെ മുമ്പുതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഇത്തരം കുറ്റവാളികളില്‍ പലരും ബംഗ്ലാദേശികളാണത്രേ. കുറ്റകൃത്യം ചെയ്തശേഷം നാടുവിടുന്ന ഇവരെ പിന്നീട് കണ്ടെത്താന്‍ കഴിയില്ല. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് പോയിരിക്കും. ഒരു ജില്ലയില്‍ മാത്രം പോലീസ് പരിശോധനയില്‍ 30 ലേറെ ബംഗ്ലാദേശികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ സംഖ്യ വളരെ വലുതായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
അമേരിക്കയില്‍ നിയമവിരുദ്ധമായി തങ്ങുന്ന ഭാരതീയരെ ആ രാജ്യം നാടുകടത്തിയത് ചിലര്‍ വലിയ വിവാദമാക്കുകയുണ്ടായി. കേരളത്തിലെ മാധ്യമങ്ങള്‍ക്കും ഇക്കാര്യം ചര്‍ച്ചാവിഷയമായി. ഇതേസമയം തന്നെയാണ് സംസ്ഥാനത്ത് നിയമവിരുദ്ധമായി തങ്ങുന്ന ബംഗ്ലാദേശികള്‍ പിടിയിലായ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വാര്‍ത്താചാനലുകളോ പത്രങ്ങളോ തയ്യാറാവാത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. അസമില്‍ നിയമവിരുദ്ധമായി തങ്ങുന്ന ബംഗ്ലാദേശികളെ പുറത്താക്കാത്തതിനെ സുപ്രീംകോടതി അടുത്തിടെ വിമര്‍ശിക്കുകയുണ്ടായി. ഇവരെ പുറത്താക്കാന്‍ ശുഭമുഹൂര്‍ത്തം നോക്കുകയാണോ എന്നാണ് പരമോന്നത നീതിപീഠം ചോദിച്ചത്. അമേരിക്കയില്‍ അനധികൃതമായി തങ്ങുന്ന ഭാരതീയരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ആഭ്യന്തരതലത്തില്‍ ഇങ്ങനെയൊരു നിലപാട് എടുത്താല്‍ ബംഗ്ലാദേശില്‍ നിന്നും മറ്റുമുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കേണ്ടി വരും. ഇങ്ങനെയൊരു ഭയമുള്ളവരാണ് അമേരിക്ക ഭാരതീയരെ തിരിച്ചയച്ചതിനെ അനാവശ്യ വിവാദമാക്കിയത്. വഖഫ് ഭൂമിയാണെന്ന പേരില്‍ നിരവധി കുടുംബങ്ങളെ അനധികൃതമായി അധികൃതര്‍ കുടിയിറക്കാന്‍ ശ്രമിക്കുന്ന മുനമ്പത്താണ് 27 ബംഗ്ലാദേശികള്‍ നിയമവിരുദ്ധമായി തങ്ങിയത്. ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതായി പറയപ്പെടുന്നുണ്ട്. രാജ്യത്തെ സ്വന്തം പൗരന്മാരെ കുടിയിറക്കാന്‍ നോക്കുന്നവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: