ജെ. നന്ദകുമാര്‍
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
പരമേശ്വര്‍ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 5 വര്‍ഷം. ഈ സ്മൃതി ദിനത്തില്‍ പരമേശ്വര്‍ജിയെ അനുസ്മരിക്കുക എന്നത് അസാധ്യമായ കര്‍മമാണ്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതല്ല ആ യുഗപുരുഷന്റെ ജീവിതവും കര്‍മവും. ഒരു തരത്തിലും നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത വണ്ണം ബഹുതല സ്പര്‍ശിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരു ഉത്തമ വിദ്യാര്‍ത്ഥി. പഠിച്ച ക്ലാസുകളില്‍, വിഷയങ്ങളില്‍ ഒന്നാമതായി മാത്രം വിജയിച്ചുകൊണ്ടിരുന്ന പ്രതിഭാ ശാലി. സംസ്‌കൃത പണ്ഡിതനായ അച്ഛനില്‍ നിന്ന് ചെറുപ്പം മുതലേ തന്നെ കാവ്യങ്ങളും നാടകങ്ങളും വേദങ്ങളും ഉപനിഷത്തുക്കളും അദ്ദേഹം അഭ്യസിച്ചു.
സരസ്വതീ ദേവിയുടെ ഉത്തമ പുത്രനെന്ന നിലയില്‍ സദാ അശിര്‍വാദം ലഭിച്ച ശരിയായ കവി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ‘കോള്‍ കൊണ്ട വേമ്പനാട്’ എന്ന പ്രസിദ്ധമായ കവിത രൂപപ്പെടുന്നത്. സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാ മത്സരത്തില്‍ കോള്‍ കൊണ്ട വേമ്പനാട് ഒന്നാം സ്ഥാനം നേടുമ്പോള്‍ രണ്ടാം സ്ഥാനം ലഭിച്ചത് വയലാര്‍ രാമവര്‍മയ്‌ക്കായിരുന്നു. അത്രയ്‌ക്ക് പ്രതിഭാ സമ്പന്നനായ കവിയായിരുന്നു പരമേശ്വര്‍ജി. പിന്നീട് ചെറുപ്പം മുതലേ ആര്‍ജിച്ചതായ ആസ്തിക്യബോധം, വേദശാസ്ത്ര പുരാണങ്ങളിലെ പാണ്ഡിത്യം ഇതെല്ലാം കൊണ്ട് ഹിന്ദുത്വ ദര്‍ശനങ്ങളിലേക്ക് ആഴത്തിലിറങ്ങിയ മഹത്തരമായ പഠനകാലമായിരുന്നു അദ്ദേഹത്തിന്റേത്. കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സംഘവുമായി ബന്ധപ്പെടുകയും സമര്‍പ്പിത മനസ്സോടെ ഒരുത്തമ സ്വയം സേവകനായി മാറുകയും ചെയ്തു. അദ്ദേഹത്തിലെ സ്വയംസേവകത്വം, കാര്യകര്‍ത്താവ് എന്ന ഭാവം അത് എല്ലാക്കാലത്തും സ്വയം സേവകര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. തിരുവനന്തപുരത്ത് കോളജ് വിദ്യാഭ്യാസം ചെയ്യുമ്പോള്‍, തിരുവനന്തപുരം ശാഖയുടെ മുഖ്യശിക്ഷക് ആയിരുന്നു. സംഘത്തിന്റെ ആശയത്തോടൊപ്പം ഹിന്ദുത്വത്തിന്റെ ആഴങ്ങളും ദര്‍ശനങ്ങളും തന്റെ സഹപ്രവര്‍ത്തകര്‍ക്കും സ്വയം സേവകര്‍ക്കും അദ്ദേഹം പകര്‍ന്നു നല്‍കി.
കേരളത്തിന്റെ വിവേകാനന്ദന്‍ എന്നറിയപ്പെട്ടിരുന്ന സ്വാമി ആഗമാനന്ദയുമായി അടുത്ത ബന്ധം പുലര്‍ത്തി. കാലടിയിലെ ആശ്രമത്തില്‍ അദ്ദേഹത്തോടൊപ്പം ദിവസങ്ങളോളം താമസിക്കാനും ഉപനിഷത്തുക്കളും പുരാണങ്ങളും കൂടുതല്‍ ആഴത്തില്‍ പഠിക്കാനും സാധിച്ചു. അതോടൊപ്പം തന്നെ ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് കൂടുതല്‍ സമര്‍പ്പണം മനസില്‍ വളരാനും ഇടയായി. അങ്ങനെ സ്വാമി ആഗമാനന്ദയിലൂടെ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലേക്കും ആഴത്തിലിറങ്ങാന്‍ പരമേശ്വര്‍ജിക്ക് സാധിച്ചു. ആ കാലഘട്ടത്തിലെ കേരളത്തിലെ സാഹചര്യങ്ങളെ, അവസ്ഥകളെയൊക്കെ മനസ്സിലാക്കിക്കൊണ്ട് നിയതി തന്നെ ഈശ്വര നിശ്ചയമെന്നോണം അദ്ദേഹത്തില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍. കേരളം ഭൗതികവാദ ദര്‍ശനങ്ങളിലേക്ക് വഴിമാറിപ്പോകുമോ എന്ന സംശയം നിലനിന്ന സമയം. ഇവിടെ വൈദേശിക മതങ്ങളുടെ സ്വാധീനം വളര്‍ന്നു വരികയും അതിലേക്ക് സാധാരണ ഹിന്ദുക്കള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് സ്വാമി ആഗമാനന്ദ ഹിന്ദുത്വത്തിന്റെ ഉജ്വല പ്രചാരകനായി മാറിയത്. അദ്ദേഹത്തിന്റെ വാഗ്‌ധോരണി ഹിന്ദുവിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിച്ചു. ഈ വേളയിലാണ് പരമേശ്വര്‍ജി ആഗമാനന്ദയുമായി അടുക്കുന്നതും തന്റെ കര്‍മ മണ്ഡലത്തെ കൂടുതല്‍ സ്പഷ്ടമായി തിരിച്ചറിയുന്നതും. ഇതോടൊപ്പം അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു മഹത് വ്യക്തി സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകായ ഗുരുജി ഗോള്‍വല്‍ക്കറായിരുന്നു. ഗുരുജിയൊടൊപ്പം കഴിയാനും അദ്ദേഹത്തിന്റെ സന്ദര്‍ശന സന്ദര്‍ഭങ്ങളില്‍ ഗുരുജിയുടെ പ്രബന്ധകനായി, സഹായി ആയി ഇരിക്കാനും സാധിച്ചു. ഇതെല്ലാം കൊണ്ട് പരമേശ്വര്‍ജിയുടെ കാവ്യ മനസ്സ്, ആ ദാര്‍ശനിക മനസ്സ്, ആദ്ധ്യാത്മിക പ്രഭാവം തുളുമ്പുന്ന ആ യുവ ബുദ്ധി കൂടുതല്‍ സൂക്ഷ്മതരമാവുകയും തന്റെ ജീവിതത്തില്‍ താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിശ്ചയമെടുക്കുകയും ചെയ്തു.
ബിഎ ഓണേഴ്‌സ് പരീക്ഷ പൂര്‍ത്തിയായി റിസള്‍ട്ടിന് പോലും കാത്തു നില്‍ക്കാതെ അദ്ദേഹം സംഘത്തിന്റെ പ്രചാരകനായി. പരീക്ഷാ ഫലം വരുമ്പോള്‍ അദ്ദേഹം സംഘത്തിന്റെ ശിബിരത്തിലായിരുന്നു. റിസര്‍ട്ട് വന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം നിസ്സംഗനായി ചോദിച്ചത് ”ആര്‍ക്കാണ് രണ്ടാം റാങ്ക് ‘ എന്നാണ്. ഒന്നാം റാങ്ക് ആര്‍ക്കെന്നതില്‍ അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നില്ല. അങ്ങനെ സ്വര്‍ണ മെഡലോടെ ബിഎ ഓണേഴ്‌സ് പഠിച്ചിറങ്ങിയ പരമേശ്വര്‍ജി അതിന് മുമ്പേ തന്നെ നിശ്ചയിച്ചിച്ച സംഘത്തിന്റെ പ്രരാചകവൃത്തി സ്വീകരിച്ചു. കോഴിക്കോട് സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു. ഇതേ കാലഘട്ടത്തിലാണ് സംഘത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കണം എന്ന നിശ്ചയത്തില്‍ കേന്ദ്രീയ തലത്തില്‍ എത്തുകയും വിവിധ പ്രസിദ്ധീകരണങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചത്. ഇത്തരത്തില്‍ മലയാളത്തിലും ഒരു മാധ്യമം ആവശ്യമാണെന്ന് വന്നപ്പോള്‍ അതിന്റെ നേതൃത്വം സ്വാഭാവികമായും പരമേശ്വര്‍ജി സ്വയം ഏറ്റെടുത്തു. പ്രചാരകനായിരിക്കെ തന്നെ കേസരിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ നോക്കിയാല്‍ കേസരിയുടെ അപ്രഖ്യാപിത, അനൗദ്യോഗിക ആദ്യ പത്രാധിപര്‍ പരമേശ്വര്‍ജിയാണ്. അദ്ദേഹമെഴുതിയ ആദ്യത്തെ പത്രാധിപക്കുറിപ്പ് ഇന്നും പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. ചെറുപ്പത്തില്‍ തന്നെ ഉന്നത നിലവാരം പുലര്‍ത്തിയ കവി. എന്നാല്‍, സംഘത്തിന്റെ പ്രചാരക ജീവിതം സ്വീകരിച്ചതോടെ കവിത്വം തുളുമ്പുന്ന മനസ്സിന്റെ ചോദനയും സംഘത്തിനായി, രാഷ്‌ട്രത്തിനായി മാറ്റി വച്ചു. സാധാരണ എഴുത്തുകാര്‍ക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സംഘ കാര്യങ്ങള്‍ക്കായി സമയം കൊടുക്കുമ്പോള്‍ അത് കുറഞ്ഞുപോകുമോ എന്നാണ് ആ ത്യാഗി ചിന്തിച്ചത്. അങ്ങനെ മാറ്റിവച്ച ആ രചനയുടെ ലോകത്തേക്ക് സംഘ നിര്‍ദേശ പ്രകാരം തന്നെ അദ്ദേഹം തിരിച്ചുവന്നു. സംഘത്തിന് വേണ്ടി മൗലികമായ ഗീതങ്ങള്‍ അദ്ദേഹം രചിച്ചു. ആ തിരിച്ചു വരവ് കവിതയുടെ ലോകത്തേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കവിത്വം, കവിത എല്ലാ അര്‍ത്ഥത്തിലും ലോകോത്തരമായിരുന്നു.
തുടര്‍ന്ന് രാഷ്‌ട്രീയ രംഗത്തെ പ്രവര്‍ത്തനം നോക്കാന്‍ അദ്ദേഹം നിശ്ചയിക്കപ്പെട്ടു. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയെന്ന നിലയിലും അഖില ഭാരതീയ ജന. സെക്രട്ടറി, ഉപാധ്യക്ഷന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആദ്ധ്യാത്മികതയില്‍ സദാ വിഹരിക്കാനും ഒപ്പം സംഘ പ്രവര്‍ത്തനത്തില്‍ മുഴുകി ജീവിക്കാനും ആഗ്രഹിച്ച മനസ്സായിരുന്നു പരമേശ്വര്‍ജിയുടേത്. തന്റെ പ്രവര്‍ത്തന ശൈലിക്ക് ഒട്ടും ഉതകുന്നതല്ല രാഷ്‌ട്രീയ രംഗം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഒട്ടും താല്‍പര്യമില്ലാത്ത ആ മേഖലയിലേക്ക് തന്നെ എന്തിന് നിര്‍ബന്ധിച്ച് അയക്കുന്നു എന്ന് അന്നത്തെ സര്‍കാര്യവാഹ് ആയിരുന്ന ഏകനാഥ് റാനഡെയോട് ചോദിച്ചപ്പോള്‍ ‘താല്‍പര്യം ഇല്ല എന്നതാണ് താങ്കളെ രാഷ്‌ട്രീയ രംഗത്തേക്ക് അയയ്‌ക്കാനുള്ള യോഗ്യതയായി സംഘം കാണുന്നത് ‘ എന്നായിരുന്നു റാനഡെയുടെ മറുപടി. അവിടേയും അദ്ദേഹം വിജയകരമായി പ്രവര്‍ത്തിച്ചു.
ഭാരതീയ ജനസംഘത്തിന്റെ ആശയമായി ദീനദയാല്‍ ഉപാധ്യായ രൂപം കൊടുത്ത ഏകാത്മ മാനവദര്‍ശനത്തെ കൂടുതല്‍ വ്യാഖ്യാനങ്ങളിലൂടെ, പഠനങ്ങളിലൂടെ, ഭാഷ്യങ്ങളിലൂടെ ഭാരതത്തില്‍ മുഴുവന്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിന് ശേഷമാണ് അദ്ദേഹം ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാകുന്നത്. ഭാരതത്തിന്റെ ചിന്താപരമായ അടിത്തറയെ ഉറപ്പിക്കുന്നതിന് വേണ്ടി, സനാതന ധര്‍മ്മത്തില്‍ അടിയുറച്ചതായ ഒരു ചിന്താപദ്ധതി രൂപപ്പെടുത്തുന്നതിനനുസൃതമായ സാമൂഹിക ഘടനകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനമായിരുന്നു ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തത്. അതും വിജയകരമായി. അതിനുശേഷം 1975 ല്‍ ഏകാധിപത്യത്തിന്റെ നാളുകള്‍ അടിയന്തരാവസ്ഥയുടെ രൂപത്തില്‍ കടന്നുവന്നപ്പോള്‍ അതിനെതിരായ സമര പരിപാടികള്‍ക്കും പരമേശ്വര്‍ജി നേതൃത്വം കൊടുത്തു. ആ സമര രംഗത്ത് പടപൊരുതിയതിന്റെ പേരില്‍ അദ്ദേഹം ജയിലഴിക്കുള്ളിലായി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം 1980 ലായിരുന്നു അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള തിരിച്ചുവരവ്. തുടര്‍ന്ന് ഭാരതീയ വിചാര കേന്ദ്രം എന്ന ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വൈചാരിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അതിന് നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുന്ന കാലത്താണ് കേരളത്തില്‍ നിലനില്‍ക്കുന്നതായ ദേശവിരുദ്ധ പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരായ വൈചാരിക യുദ്ധം അദ്ദേഹം നേരിട്ട് നടപ്പാക്കി തുടങ്ങിയത്.
ആ ഘട്ടത്തിലാണ് ഇഎംഎസ് നമ്പൂതിരിപ്പാടുമായി ദാര്‍ശനിക സംവാദത്തില്‍ ഏര്‍പ്പെടുന്നത്. കോഴിക്കോട് സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ അദ്ദേഹം ഹിന്ദുത്വ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കമ്യൂണിസത്തിന്റെ ദൗര്‍ബല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും ദേശീയ ദര്‍ശനമാണ്, ഏകാത്മ ദര്‍ശനമാണ് ലോകത്തില്‍ ഏറ്റവും ശ്രേഷ്ഠമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. കേരളമില്ലാതെ ഭാരതം അപൂര്‍ണമാണ്, ഭാരതീയത്വം ഇല്ലാത്ത കേരളം അപകടകരമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളവും തമിഴ്‌നാടും കശ്മീരും ഉള്‍പ്പെടുന്ന ഭാരതമാണ് യഥാര്‍ത്ഥത്തിലുള്ള ഭാരതം. ആ ദേശീയതയുടെ ഏകതയ്‌ക്ക് വേണ്ടി എല്ലാവരും പരിശ്രമിക്കണം എന്ന നിലപാട് എടുത്തുകൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. കേരളത്തിന്റെ പുരോഗതിക്ക് അനിവാര്യമായത് മാര്‍ക്‌സിസമല്ല, ആദര്‍ശത്തിന്റെ, ആദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലുള്ള ദര്‍ശനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം സ്ഥാപിച്ചു.
ഉത്തമസംഘാടകന്‍, യഥാര്‍ത്ഥ സ്വയം സേവകന്‍, ദാര്‍ശനികന്‍, കവി, ശ്രീരാമകൃഷ്ണ പരമ്പരയില്‍പ്പെട്ട ആദ്ധ്യാത്മിക ആചാര്യന്‍ എന്നിങ്ങനെ ബഹുമുഖ, ബഹുതല സ്പര്‍ശിയായ ജീവിതം നയിച്ച പരമേശ്വര്‍ജിയുടെ സ്മൃതി ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകളെ അഭിമാനത്തോടെ സ്മരിക്കുന്നവര്‍ ചെയ്യേണ്ടത്, അദ്ദേഹം ഏത് ദര്‍ശനത്തിന് വേണ്ടിയാണോ ജീവിതം സമര്‍പ്പിച്ചത്, ആ ദര്‍ശനത്തെ, ചിന്തയെ ഓരോ വ്യക്തിയിലേക്കും പകര്‍ന്നു നല്‍കുന്നതിനായി തയ്യാറാവുക എന്നതാണ്.
(വിശ്വ സംവാദ കേന്ദ്രം യൂട്യൂബ് ചാനലില്‍ നടത്തിയ പി. പരമേശ്വര്‍ജി സ്മൃതി ഭാഷണത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: