ഒരിഷ്ടത്തിന് പുറകെയുള്ള യാത്രയുടെ ലക്ഷ്യം കോഴിക്കോട് കാരപ്പറമ്പിലെ ‘തുളസീദളം’ എന്ന വീടാണ്. അവിടെ മലയാള ചലച്ചിത്ര ലോകത്തെ രണ്ട് പതിറ്റാണ്ട് അടക്കിവാണ്, കൈക്കുടന്ന നിറയെ മധുരവുമായി പിന്നെയും പിന്നെയും കിനാവിന്റെ പടി കടന്നെത്തി, അപ്രതീക്ഷിതമായി നിലാവില് മാഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ തങ്ങിനില്ക്കുന്ന വീടാണ് ‘തുളസീദളം.’ ഈ വീട്ടിലാണ് പുത്തഞ്ചേരിയുടെ പ്രിയ പത്നി ബീന താമസിക്കുന്നത്. തികഞ്ഞ കൃഷ്ണഭക്തയായ ബീനച്ചേച്ചി വാതാലയേശന്റെ വാകച്ചാര്‍ത്തു കാണാന്‍ വേണ്ടി ഗുരുവായുരും ഇടയ്ക്ക് താമസിക്കാറുണ്ട്. അതുകൊണ്ട് മുന്‍കൂട്ടി അനുവാദം വാങ്ങിയാണു അവിടേക്കു പോയത്. അതിനാല്‍ തുളസീദളത്തിന്റെ ഗേറ്റ് തുറന്നു കോളിങ് ബെല്ലടിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെ വാതില്‍ തുറന്ന് ചേച്ചി ഞങ്ങളെ സ്വീകരിച്ചു. സ്വീകരണ മുറിയിലെ കാഴ്ചകള്‍ എന്നെ അമ്പരിപ്പിച്ചു. എല്ലായിടത്തും പുത്തഞ്ചേരിക്ക് ലഭിച്ച അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും ഫലകങ്ങളും നിറഞ്ഞിരിക്കുന്നു.
ആദ്യമായി കണ്ടതിന്റെ അപരിചിതത്വമില്ലാതെ ബീനച്ചേച്ചി ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. പുത്തഞ്ചേരിയുടെ വായനാവ്യാപ്തി വീട്ടിലെ പുസ്തക ശേഖരത്തില്‍ നിന്നു മനസ്സിലായി. നിരന്തര വായനയൂടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഓരോ ഗാനങ്ങളുമെന്ന് ബീനച്ചേച്ചി പറഞ്ഞു. എന്നാല്‍ ചില ഗാനങ്ങള്‍ നിമിഷനേരത്തില്‍ പിറവി കൊണ്ടവയാണ്. ഉദാഹരണത്തിന് ഹരിമുരളീരവം എന്ന ആറാം തമ്പുരാനിലെ ഗാനം കാറില്‍ ഇരുന്ന് നിമിഷനേരംകൊണ്ട് എഴുതിയതാണ്. അതിവേഗം ഗാനങ്ങള്‍ എഴുതാനുള്ള പ്രതിഭയ്ക്ക് ഇതൊരു ഉദാഹരണം മാത്രം.
വീടിന്റെ മുകള്‍ നിലയില്‍ പുത്തഞ്ചേരിയുടെ എല്ലാ പാട്ടുകളുടേയും ഓഡിയോ കാസറ്റ് ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ഉപയോഗിച്ചിരുന്ന വിവിധ സംഗീതോപകരണങ്ങള്‍, പേന, കണ്ണട തുടങ്ങി എവിടെ തിരിഞ്ഞാലും ആ അദൃശ്യസാന്നിധ്യം അനുഭവപ്പെടും.
സാഹിത്യവും സംഗീതവും പുത്തഞ്ചേരിക്ക് ജന്മസിദ്ധമായിരുന്നു. അച്ഛന് കൃഷ്ണപ്പണിക്കര്‍ ജ്യോതിഷ പണ്ഡിതനായിരുന്നു. അമ്മ, മീനാക്ഷിയമ്മ കര്‍ണാടക സംഗീത വിദുഷിയും സംസ്കൃത പണ്ഡിതയും. സംസ്കൃതത്തില്‍ എന്ത് സംശയം വന്നാലും അമ്മയോടാണ് പുത്തഞ്ചേരി ചോദിച്ചിരുന്നത്. കോഴിക്കോട് കൊയിലാണ്ടിക്ക് അടുത്തുള്ള പുത്തഞ്ചേരിയില്‍ 1961 മെയ് ഒന്നിന് ജനനം. പുത്തഞ്ചേരി ഗവ. എല്‍.പി.എസ്, മൊടക്കല്ലൂര്‍ യു.പി. സ്കൂള്‍, പാലോറ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
വലിയ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ബാല്യം. അഞ്ചാം വയസ്സില്‍ അച്ഛന് കിടപ്പിലായതോടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും ബാല്യകാല ദുരിതങ്ങളും പുത്തഞ്ചേരി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്കൂള്‍ പഠനം കഴിഞ്ഞ് കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാഭ്യാസ കാലത്ത് ലളിതഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് ഗാനരചനയുടെ തുടക്കം. 1989 ല്‍ പുറത്തിറങ്ങിയ എന്‍ക്വയറി എന്ന ചിത്രത്തിനു വേണ്ടിയാണ് സിനിമയില്‍ ആദ്യം പാട്ടെഴുതിയത്. എന്നാല്‍ അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് വഴിത്തിരിവായത് ജോണിവാക്കര്‍ എന്ന സിനിമയിലെ ‘ശാന്തമീരാത്രിയില്‍’ എന്ന ഗാനം. ‘ദേവാസുര’ത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം സൂപ്പര്‍ ഹിറ്റായതോടെ ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്റെ ജൈത്രയാത്ര തുടങ്ങി. അന്യഭാഷാ സംഗീത സംവിധായകരുടെ കൂടെയും അദ്ദേഹം ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. അവയൊക്കെയും ഹിറ്റ് ആയിട്ടുമുണ്ട്. ഒരിക്കല്‍ പ്രശസ്ത സംഗീത സംവിധായകന് ഇളയരാജ വീട്ടില്‍ വന്നതും സമ്മാനങ്ങള്‍ നല്കിയതും ബീനച്ചേച്ചി പങ്കുവച്ചു.
328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചാണ് പുത്തഞ്ചേരി 49-ാം വയസ്സില്‍ ജീവിതത്തിന്റെ പടി കടന്നത്. ഗാനങ്ങള്‍ക്ക് പുറമെ കഥയും തിരക്കഥയും തനിക്കു വഴങ്ങുമെന്നും തെളിയിച്ചു. ഈണത്തിനനുസരിച്ച് വരികള്‍ എഴുതാന്‍ അപാര കഴിവായിരുന്നു. ഒരു ഗാനം മാത്രമെ എഴുതി പിന്നീട് ട്യൂണ്‍ നല്‍കിയതായുള്ളൂ. ‘ആമ്പല്ലൂര്‍ അമ്പലത്തില്‍’ എന്ന ഗാനമാണത്. ട്യൂണിട്ട് എഴുതിയതൊക്കെയും അര്‍ത്ഥം തുടിക്കുന്ന വരികളായിരുന്നു. പ്രണയവും വിരഹവും സന്തോഷവും സങ്കടവും മമതയും എല്ലാം അക്ഷരങ്ങളില്‍ ചാലിച്ചെടുത്ത് ആസ്വാദക മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി പുത്തഞ്ചേരി. സ്നേഹിക്കുന്നവര്‍ക്കായി കരള്‍ പകുക്കുന്ന സ്വഭാവം ആയിരുന്നു. ഏതൊരു മലയാളിയുടെ മനസ്സിലും പുത്തഞ്ചേരി രണ്ടു വരിയെങ്കിലും വരാത്ത ദിവസം ഉണ്ടാവില്ല.
മികച്ച ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്ക്കാരം ഏഴുതവണ ഏറ്റുവാങ്ങി. 1995 -ല്‍ അഗ്നിദേവന്, 1997-ല്‍ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, 1999-ല്‍ പുനരധിവാസം, 2001-ല്‍ രാവണപ്രഭു, 2002-ല്‍ നന്ദനം, 2003-ല്‍ ഗൗരീശങ്കരം, 2004-ല്‍ കഥാവശേഷന് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കായിരുന്നു പുരസ്ക്കാരം.
ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്ക്കാരം, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ വേറെയും. ഷഡ്ജം ആണ് പ്രഥമ കവിതാ സമാഹാരം. തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍. ചുരുങ്ങിയ കാലയളവില്‍ ഏറ്റവുമധികം ഗാനങ്ങള്‍ മലയാള സിനിമയില്‍ രചിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു രാത്രി കൂടി വിടവാങ്ങവേ… എന്ന വരികളിലൂടെ നമ്മളെ നൊമ്പരപ്പെടുത്തിയ പ്രിയ കവി വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടമായെങ്കിലും കാവ്യസുഗന്ധം ഇപ്പോഴും ബാക്കിയുണ്ട്.
ഇളയ മകന് ദിന്‍നാഥ് പുത്തഞ്ചേരി അച്ഛന്റെ വഴിയേ സിനിമയ്ക്കു പാട്ടെഴുതുന്നു എന്നത് ഏറെ സന്തോഷം പകരുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലൂടെയാണ് ദിന്‍നാഥ് വരവറിയിച്ചത്. ദിന്‍നാഥില്‍ നിന്നും ഒരുപാട് ഗാനങ്ങള്‍ പിറവിയെടുക്കട്ടെ. മൂത്തമകന് ജിതിന് പുത്തഞ്ചേരി അഭിനയത്തിലും സഹസംവിധാനത്തിലും സജീവം. വയലാറിനും പി. ഭാസ്കരനും ഒഎന്‍വിക്കും ഒപ്പം മലയാളികളുടെ ഹൃദയങ്ങളില്‍ പുത്തഞ്ചേരി എന്ന അനശ്വര കവി എന്നും ജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: