കോട്ടയം: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലുള്ള വാര്‍ട്ട്സ് ആപ്പ് ഗ്രൂപ്പിലെ കുറിപ്പു പങ്കുവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദല്‍ഹി കണ്ട എക്കാലത്തെയും ഏറ്റവും മികച്ച മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത്തിനെയും ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ മന്മോഹന്സിനെ അളവറ്റ അപമാനിച്ച പാര്‍ട്ടിയാണ് എഎപി. ഇല്ലാത്ത 2ജി, കല്‍ക്കരി കുംഭകോണങ്ങള്‍ മുന്‍നിര്‍ത്തി ബിജെപിക്ക് 2014 ല്‍ ഭരണം പിടിക്കാന്‍ ഒത്താശ ചെയ്ത പാരമ്പര്യമുള്ള കെജരിവാളിനും കൂട്ടര്‍ക്കും ഇനി വിശ്രമിക്കാമെന്നാണ് കുറിപ്പു പറയുന്നത്. കുറിപ്പ് ഇങ്ങനെ തുടരുന്നു: ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ സ്വന്തം പാര്‍ട്ടിയുടെ താല്പര്യം മറന്നു അവിടുത്തെ പ്രാദേശിക പാര്‍ട്ടിയെ ജയിപ്പിക്കാന്‍ ഉള്ള ബാധ്യത കോണ്‍ഗ്രസിലേക്ക് വരണ്ട യാതൊരു കാര്യവുമില്ല. അങ്ങനെ ചെയ്തുകൊണ്ടിരുന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വളരുകയില്ല മറിച്ച് തളരുന്നത് തടയാനും ആവില്ല.
അരവിന്ദ് കെജ്രിവാള് എന്ന കാപട്യത്തെ തോല്‍പ്പിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. ബിജെപിയെക്കാള്‍ വലിയ ഹിന്ദുത്വം പയറ്റുകയും സൗജന്യങ്ങളും പൊള്ളയായ വികസന വാഗ്ദാനങ്ങളും കൊണ്ട് അതിനെ പൊതിയുകയും ചെയ്യുന്ന അടവാണ് അയാള്‍ വിദഗ്ധമായി പരീക്ഷിച്ചു വിജയിപ്പിച്ചു കൊണ്ടിരുന്നത്.
ഈ പരാജയം അയാളുടെയും എ എ പി എന്ന പാര്‍ട്ടിയുടെയും അവസാനത്തിന്റെ തുടക്കമാകും എന്നതില്‍ സംശയമില്ല.
അത് എന്തുകൊണ്ടും ഡല്‍ഹിക്കും പഞ്ചാബിനും ഗുണകരമാണ്.ഇയാള്‍ പലപ്പോഴും പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചപ്പോള്‍ രോഷം കൊള്ളാത്ത ഒരു മതേതരവാദികളും ഇപ്പോള്‍ കരച്ചിലും കൊണ്ട് രംഗത്ത് വരാന്‍ യോഗ്യരല്ല.
ഇക്കഴിഞ്ഞതിനു മുന്‍പിലത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്ക്കാന് ഏക കാരണം എ എ പി അവിടെ മത്സരിച്ചു എന്നുള്ളതാണ്.അന്ന് ഇവിടെ ഉള്ള പലര്‍ക്കും ഇപ്പോഴുള്ള ബോധം ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല ആരും കരഞ്ഞു കണ്ടില്ല. എന്ന് കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: