ലഖ്‌നൗ: ദൽഹിയിൽ കൽക്കാജി നിയമസഭാ സീറ്റിൽ വിജയിച്ചതിന് ശേഷമുള്ള അതിഷിയുടെ ആഹ്ലാദം നൃത്തത്തെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനുരാഗ് താക്കൂർ. പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോഡിയയുടെയും തോൽവിയെക്കുറിച്ച് അതിഷിക്ക് വലിയ ആശങ്കയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ തോൽവിയിൽ അതിഷിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ താക്കൂർ പറഞ്ഞു. വിജയിച്ചതിന് ശേഷം അതിഷി സന്തോഷത്തോടെ അനുയായികൾക്കൊപ്പം നൃത്തം ചെയ്തതിന് ചില കാരണങ്ങൾ ഉണ്ട്. അതായത് കെജ്‌രിവാൾ അതിഷിയെ പരാജയപ്പെടുത്താൻ ആഗ്രഹിച്ചു, പക്ഷേ ദൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെടുത്തിയെന്നും താക്കൂർ പരിഹസിച്ചു പറഞ്ഞു. അഴിമതിയുടെ മാതൃകയായ കെജ്‌രിവാളിനെ ദൽഹിയിലെ ജനങ്ങൾ നിരസിച്ചുവെന്നും ഹാമിർപൂർ എംപി പറഞ്ഞു.
മുൻ ഭരണകൂടത്തിലെ അഴിമതിക്കാരായ നേതാക്കളെ തിഹാറിലേക്ക് അയച്ച ബിജെപിയെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചു. കഴിഞ്ഞ 10 വർഷത്തിലേറെയായി ദൽഹിയിലെ ജനങ്ങൾ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും മടുത്തിരുന്നു. അഴിമതികൾ, ഭരണനഷ്ടം എന്നിവ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദൽഹിക്ക് വേണ്ടി ബിജെപി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മുൻ മന്ത്രി പറഞ്ഞു. യമുന ശുദ്ധീകരിക്കപ്പെടും, മലിനീകരണ പ്രശ്നം പരിഹരിക്കപ്പെടുമെന്നും താക്കൂർ പറഞ്ഞു. ദൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിച്ചപ്പോൾ സമയം വരുമ്പോൾ ബിജെപിയുടെ മുതിർന്ന നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെയും താക്കൂർ വിമർശിച്ചു. ദൽഹിയിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിന്റെ ഹാട്രിക് പാർട്ടി നേടിയെന്ന് അദ്ദേഹം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: