കൊച്ചി: മൂന്ന് വർഷം മുമ്പ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അച്ഛൻ. 2021 ഓഗസ്റ്റിൽ കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച ഐറിൻ റോയിയുടെ മരണത്തിലാണ് അച്ഛൻ റോയ് ബന്ധുവിനെ സംശയിക്കുന്നത്.
ചാലക്കുടി സ്വദേശി റോയിയുടെ മകൾ 18 വയസ്സുകാരിയായ ഐറിൻ റോയി ഫ്ലാറ്റിലെ പത്താം നിലയിൽ നിന്നാണ് വീണ് മരിച്ചത്. കൊച്ചി കമ്മീഷണർക്കാണ് റോയി പരാതി നൽകിയത്. തുടർന്ന് പോലീസ് പുനരന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഐറിൻ ഫ്ലാറ്റിൽ നിന്ന് നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ ഐറിന്റെ മരണത്തിൽ ബന്ധുവായ പെൺകുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് റോയിയുടെ ആവശ്യം. ഫ്ലാറ്റിന്റെ പത്താം നിലയിലെ ടെറസിൽ സഹോദരനൊപ്പം നടക്കുന്നതിനിടെ കാൽ വഴുതി വീണെന്നായിരുന്നു ആരോപണം.
എന്നാൽ തന്റെ ബന്ധുവായ പെൺകുട്ടിയുമായുണ്ടായ തർക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നുവെന്നാണ് റോയി സംശയിക്കുന്നത്. ഐറിന്റെ മരണ ശേഷം ആരോപണവിധേയയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും റോയി പറയുന്നു.
ഉയർന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും പെൺകുട്ടി വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും അദ്ദേഹം ആരോപിക്കുന്നു. കൊച്ചി പോലീസ് ആരോപണ വിധേയയായ പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. റോയി ഉന്നയിച്ച എല്ലാം ആരോപണങ്ങളും വിശദമായി അന്വേഷിച്ച് ഉടൻ കുറ്റപത്രം നൽകുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: