Technology

ബയോമെഡിക്കല്‍ മാലിന്യങ്ങളെ സോയില്‍ അഡിറ്റിവുകളാക്കി മാറ്റുന്ന  സാങ്കേതികവിദ്യ വികസിപ്പിച്ച് സിഎസ്ഐആര്‍

Published by

തിരുവനന്തപുരം: വിലയേറിയതും ഊര്‍ജ്ജം ആവശ്യമുള്ളതുമായ ഇന്‍സിനറേറ്ററുകള്‍ ഉപയോഗിക്കാതെ രക്തം, മൂത്രം, കഫം, ലബോറട്ടറി ഡിസ്പോസിബിള്‍സ് തുടങ്ങിയ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങളെ അണുവിമുക്തമാക്കാനും ദുര്‍ഗന്ധമകറ്റാനും സാധിക്കുന്ന ഓട്ടോമേറ്റഡ് ബയോമെഡിക്കല്‍ വേസ്റ്റ് കണ്‍വേര്‍ഷന്‍ റിഗ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആസ്ഥാനമായ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) വികസിപ്പിച്ച ‘സൃജനം’ എന്ന റിഗ് തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ എയിംസില്‍ നടക്കുന്ന ചടങ്ങിലാണ് പുറത്തിറക്കുക.

പ്രതിദിനം 400 കിലോഗ്രാം ശേഷിയുള്ള ഉപകരണത്തിന് പ്രാരംഭ ഘട്ടത്തില്‍ ദിവസം 10 കിലോഗ്രാം ഡീഗ്രേഡബിള്‍ മെഡിക്കല്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ സാധിക്കും. ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു ശേഷം സാങ്കേതികവിദ്യ പൂര്‍ണ തോതിലുള്ള നടപ്പാക്കലിന് തയ്യാറാകും.

ഈ സാങ്കേതികവിദ്യയിലൂടെ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ സംസ്കരിക്കുന്നതിനുള്ള നൂതനമായ ബദല്‍ പരിഹാരമാണ് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ലക്ഷ്യമിടുന്നത്.

ന്യൂഡല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. എം. ശ്രീനിവാസ്, ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡിജിയുമായ ഡോ. എന്‍. കലൈസെല്‍വി, എംഒഇഎഫ്സിസി സെക്രട്ടറി തന്‍മയ് കുമാര്‍ ഐഎഎസ്, ഡിഎച്ച്ആര്‍ സെക്രട്ടറിയും ഐസിഎംആര്‍ ഡിജിയുമായ ഡോ. രാജീവ് ബാല്‍, നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ നന്ദി പറയും.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ അണുനശീകരണ ശേഷിയും സാങ്കേതിക വിദ്യയിലൂടെ സംസ്കരിച്ച മാലിന്യങ്ങളുടെ വിഷരഹിത സ്വഭാവവും വിദഗ്ധര്‍  സ്ഥിരീകരിച്ചിട്ടുണ്ട്. റീസൈക്ലിംഗിനായി ലബോറട്ടറി ഡിസ്പോസിബിളുകളും ഇതിന് അണുവിമുക്തമാക്കാന്‍ കഴിയും. മണ്ണിര കമ്പോസ്റ്റ് പോലുള്ള ജൈവ വളങ്ങളേക്കാള്‍ സംസ്കരിച്ച ബയോമെഡിക്കല്‍ മാലിന്യം മികച്ചതാണെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ചുകൊണ്ട് സംസ്കരിച്ച മാലിന്യങ്ങളെ മൂല്യവര്‍ധിത സോയില്‍ അഡിറ്റീവുകളാക്കി മാറ്റാനുള്ള കഴിവുള്ളതിനാല്‍ ഈ സാങ്കേതികവിദ്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് സുരക്ഷിതമായ പരിഹാരം നല്‍കുന്നുവെന്ന് ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പരത്തുന്ന സൂക്ഷ്മാണുക്കളുടെ അനിയന്ത്രിതമായ വ്യാപനം തടയാന്‍ ഇത് സഹായിക്കുന്നു. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് തള്ളുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യ പ്രതിദിനം 743 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം ഉത്പാദിപ്പിക്കുന്നു. ശരിയായ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് ഇത് വെല്ലുവിളിയാണ്.

മാലിന്യങ്ങള്‍ നേരായ മാര്‍ഗത്തില്‍ വേര്‍തിരിക്കാതിരിക്കല്‍, വെളിയിടങ്ങളില്‍ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും, ഭാഗികമായി കത്തിക്കുന്നത് എന്നിവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാക്കുന്നു. കണികാ പദാര്‍ത്ഥങ്ങള്‍, ചാര അവശിഷ്ടങ്ങള്‍, അര്‍ബുദകാരികള്‍ എന്നിവയുടെ പുറന്തള്ളല്‍ ഇതിന് ഉദാഹരണമാണ്. രോഗകാരിയായ ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനുള്ള നൂതന ബദല്‍ പ്രോട്ടോക്കോളുകളുടെ പ്രാധാന്യം ലോകാരോഗ്യ സംഘടന ഊന്നിപ്പറഞ്ഞിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: CSIR-NIIST