ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കെജ്രിവാളിന്റെ എഎപിക്ക് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പോലും പ്രീതി നഷ്‌ടപ്പെട്ടുവെന്നു വേണം വിലയിരുത്താൻ. പ്രത്യേകിച്ച് മുസ്ലീം പ്രീണനങ്ങൾ വിലപ്പോയില്ല എന്നു വേണം കരുതാൻ. അമാനുത്തുള്ള ഖാനടക്കമുള്ള എഎപിയുടെ മുസ്ലീം നേതാക്കളുടെ തന്ത്രങ്ങളും പിഴച്ചു എന്നതാണ് സത്യം.
2013 മുതൽ തുടർച്ചയായി ആധിപത്യം നിലനിർത്തിയിരുന്ന മുസ്ലീം പ്രദേശങ്ങളിൽ പോലും ആം ആദ്മിക്ക് വോട്ടുകൾ ലഭിക്കുന്നില്ല. ട്രെൻഡുകൾ അനുസരിച്ച് എഎപിയുടെ പല വലിയ പേരുകളും പിന്നിലാണ്. അമാനത്തുള്ള ഖാൻ സിറ്റിംഗ് എംഎൽഎയായ ദൽഹിയിലെ പ്രശസ്തമായ ഓഖ്‌ല സീറ്റിലും ഇതേ പ്രവണതയാണ് കാണുന്നത്. സ്വന്തം കോട്ടയിൽ പോലും വിജയിക്കാൻ അദ്ദേഹം പാടുപെടുന്നതായി തോന്നുന്നു. ബിജെപിയുടെ മനീഷ് ചൗധരി അദ്ദേഹത്തിന് കടുത്ത മത്സരം നൽകിയിട്ടുണ്ട്. രാവിലെ 9:30 വരെ വോട്ടെണ്ണലിൽ ചൗധരി അമാനത്തുള്ളയേക്കാൾ 1800+ വോട്ടുകൾക്ക് മുന്നിലാണ്. ഈ സീറ്റിൽ എഎപിക്കും കോൺഗ്രസിനും ഇടയിൽ മുസ്ലീം വോട്ടുകൾ വിഭജിക്കപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം ദൽഹിയിലെ മുസ്തഫാബാദ് സീറ്റിലും എഎപിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നേക്കാം. ബിജെപിയുടെ മോഹൻ ബിഷ്ത് എഎപിയുടെ അദീൽ അഹമ്മദ് ഖാനെക്കാൾ 5000 വോട്ടുകൾക്ക് മുന്നിലാണ്. ഈ വ്യത്യാസം കൂടുതൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇവിടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ കോൺഗ്രസ് പങ്കുവഹിക്കുമെന്ന് ചർച്ചയുണ്ട്. എഐഎംഐഎം സ്ഥാനാർത്ഥി താഹിർ ഹുസൈനും മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
മുസ്ലിം ഭൂരിപക്ഷ സീറ്റായ ജങ്പുരയിലും ബിജെപി മുന്നിലാണ്. ഇവിടെ ബിജെപിയുടെ തേജീന്ദർ സിംഗ് മർവ എഎപിയുടെ മനീഷ് സിസോഡിയയെ പിന്നിലാക്കി. മനീഷ് സിസോഡിയ മുമ്പ് പട്പർഗഞ്ചിൽ നിന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. ഇത്തവണ അദ്ദേഹം സീറ്റ് മാറ്റി ജങ്പുരയിലേക്ക് മാറി.
കസ്തൂർബ നഗർ സീറ്റിലും ബിജെപി മുന്നിലാണ്. കസ്തൂർബ നഗറിൽ നിന്ന് ബിജെപിയുടെ നീരജ് ബൈസോയ മുന്നിലാണ്. എഎപിയുടെ നരേഷ് പെഹൽവാനേക്കാൾ 2500 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. ഷാക്കൂർ ബസ്തി സീറ്റിൽ ബിജെപിയുടെ കർണൈൽ സിംഗ് മുന്നിലാണ്, അഴിമതി ആരോപണവിധേയനായ എഎപിയുടെ സത്യേന്ദ്ര ജെയ്ൻ 3000 വോട്ടുകൾക്ക് പിന്നിലാണ്.
എന്നാൽ മുസ്ലീം വോട്ടുകളുള്ള ചാന്ദ്‌നി ചൗക്കി സീറ്റിൽ എഎപി ലീഡ് ചെയ്യുന്നുണ്ട്. മാതിയ മഹൽ സീറ്റിലും എഎപി ലീഡ് ചെയ്യുന്നു. ഇവിടെ എഎപിയുടെ ആലെ മുഹമ്മദ് ഇഖ്ബാൽ അസിം അഹമ്മദ് ഖാനെ 4000 വോട്ടുകൾക്ക് മുന്നിലാണ്. മുസ്ലിം വോട്ടുകൾ കൂടുതലുള്ള സീലംപൂരിൽ എഎപി നേരിയ ലീഡ് നേടി. ഇവിടെ എഎപിയുടെ സുബൈർ അഹമ്മദ് ബിജെപിയുടെ അനിൽ ശർമ്മയേക്കാൾ 700 വോട്ടുകളുടെ ലീഡ് മാത്രമാണ് നേടിയത്.
അതേ സമയം ഇതുവരെയുള്ള ട്രെൻഡുകളിൽ 27 വർഷത്തിന് ശേഷം ബിജെപി ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഫലങ്ങൾ പുറത്ത് വരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച ആം ആദ്മി പാർട്ടി ഇത്തവണ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക