ന്യൂദല്‍ഹി: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരണപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെ കുടുക്കാന്‍ ലക്ഷ്യമിട്ട് സമര്‍പ്പിച്ച പൊതുതാല‍്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. വേണമെങ്കില്‍ ഈ പൊതുതാല്‍പര്യഹര്‍ജി അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുള്‍പ്പെടെ രണ്ടംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
“ഇക്കാര്യത്തില്‍ ഒരു ജൂഡീഷ്യല്‍ കമ്മീഷന്‍ നിലവിലുണ്ട്. അതിനാല്‍ ഹൈക്കോടതിയില്‍ പോകൂ. ഈ അപകടം അങ്ങേയറ്റം ദുഖകരമാണ്. “- ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അപകടം ഉണ്ടായ ഉടന്‍ യോഗി സര്‍ക്കാര്‍ ആദ്യം ചെയ്തത് ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കലായിരുന്നു.
വിശാല്‍ തിവാരി എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും മഹാകുംഭമേളയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഭക്തരുടെ ഒരു സംഘം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
യുപി സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ മുഗുള്‍ രോഹ്തഗി വാദിച്ചു. മാത്രമല്ല, ഇതേ സ്വഭാവത്തിലുള്ള മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഗുള്‍ രോഹ്ത ഗി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക