Entertainment

അയാളുടെ കൂടെ ജീവിച്ചാല്‍ വീട്ടുകാര്‍ക്ക് എന്റെ ഫോട്ടോ മാത്രമേ ബാക്കി കിട്ടുകയുള്ളു!അനുമോള്‍

Published by

സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടി അനുമോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ടോക്‌സിക്കായ റിലേഷൻഷിപ്പില്‍ നിന്ന് പുറത്തുവന്നതിനെ കുറിച്ച് നടി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

ഏഴ് വര്‍ഷത്തോളം പങ്കാളിയുടെ കൂടെ ജീവിച്ചെങ്കിലും അതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയായിരുന്നു. എന്നാല്‍ ഒടുവില്‍ താന്‍ ഉണ്ടാവില്ലെന്ന് ബോധ്യമായതിന് ശേഷമാണ് ആ ബന്ധം പൂര്‍ണമായി ഒഴിവാക്കിയത്. തന്നെ പോലെ ആരും ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തുടരരുതെന്ന് പറയുകയാണ് നടി ഇപ്പോള്‍.

ഞാന്‍ റിലേഷനിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് ശരിയാവില്ലെന്നും എന്തോ പ്രശ്‌നമുണ്ടെന്നും മനസ്സിലാകുന്നത്. എങ്കിലും ഞാന്‍ ആ ബന്ധം മുന്നോട്ട് തന്നെ കൊണ്ടുപോയി. മുന്നോട്ട് പോകുന്തോറും കാര്യങ്ങള്‍ ശരിയാകാതെ വന്നു തുടങ്ങി. അന്നൊക്കെ കേട്ട് ശീലിച്ചിട്ടുള്ളത് ഒരു പാര്‍ട്ണറെ കിട്ടിയാല്‍ ജീവിതകാലം മുഴുവന്‍ അയാളെ പിന്തുണച്ച് ജീവിക്കണമെന്നതാണ്. സഹതാപത്തോടെയാണ് അയാള്‍ ഞാനുമായിട്ടുള്ള പ്രണയം തുടര്‍ന്നത്. അയാള്‍ എന്നോട് പറയുന്നത് എന്റെ കൂടെ നില്‍ക്കൂ എന്നെ പിന്തുണയ്‌ക്കൂ എനിക്ക് നന്നായി ജീവിക്കണം എന്നതായിരുന്നു. അനുമോളുടെ കൂടെയാണെങ്കില്‍ എനിക്ക് അതിന് പറ്റുമെന്ന് തോന്നുന്നു എന്നാണ് മുന്‍ പാര്‍ട്ണര്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് എന്റെ ലക്ഷ്യം അയാളെ നന്നാക്കുക എന്നതായി മാറി.

ഓരോ തവണ ഇത് ശരിയാവുന്നില്ലെന്ന് വിചാരിക്കുമ്പോള്‍ ഞാന്‍ കരുതിയത് ഇതൊക്കെ എന്റെ പരാജയമാണെന്നാണ്. അല്ലാതെ അവര്‍ നന്നാവാത്തത് അല്ല. ആ ബന്ധം മൂന്നുമാസം തുടര്‍ന്നു, പിന്നെ അത് ഏഴ് വര്‍ഷത്തോളം വലിച്ചു നീട്ടി കൊണ്ടുപോയി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ടോക്‌സിക് എന്ന വാക്ക് മനസ്സിലാക്കി തുടങ്ങിയത്. സുഹൃത്തുക്കളൊക്കെ അയാള്‍ ടോക്‌സിക് ആണെന്ന് പറഞ്ഞു തുടങ്ങി.

ഒരു ഘട്ടത്തില്‍ ദേഷ്യവും വേദനയുമൊക്കെ കാരണം ഞാനും തിരിച്ച് അദ്ദേഹത്തോട് ടോക്‌സിക് ആയി തുടങ്ങിയോ എന്നുവരെ തോന്നി. ആദ്യമൊക്കെ എന്തു പറഞ്ഞാലും ഞാന്‍ കരയുകയായിരുന്നു. പിന്നെ പിന്നെ ഞാനും ഉച്ചത്തോടെ തിരിച്ച് പ്രതികരിക്കാന്‍ തുടങ്ങി. ഞാനും അറിയാതെ ടോക്‌സിക് ആയി.

പിന്നെ ഒരു പോയിന്റില്‍ ഞാന്‍ ഉണ്ടാവില്ലെന്നും വീട്ടുകാര്‍ക്ക് എന്റെ ഫോട്ടോ മാത്രമേ കിട്ടു എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നത്. ടോക്‌സിക് ബന്ധം കണ്ടെത്തുക, കണ്ടെത്തിയാല്‍ ഒരു സെക്കന്‍ഡ് പോലും അതില്‍ സമയം പാഴാക്കരുത്, എന്നാണ് തനിക്ക് പറയാനുള്ളതെന്നും’ അനുമോള്‍ കുട്ടിച്ചേര്‍ത്തു.2010 ല്‍ കണ്ണുക്കുള്ളേ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അനു അഭിനയിച്ചു. ഇപ്പോഴും സജീവമായി തുടരുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by