പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ പുണ്യസ്നാനത്തിന് പാകിസ്ഥാനി ഹിന്ദുക്കളും. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള 68 തീര്‍ത്ഥാടകരാണ് പ്രയാഗയിലെ ത്രിവേണിയില്‍ പുണ്യസ്നാനം കഴിച്ചത്. സിന്ധ് പ്രവിശ്യയിലെ ഘോട്കി, സുക്കൂര്‍, ഖൈര്‍പൂര്‍, ശികര്‍പൂര്‍, കര്സാകോട്ട്, ജതാബല് ജില്ലകളിലന് നിന്നാണ് പ്രത്യേക വിസയില്‍ ഇവരെത്തിയത്. അമ്പതുപേരും ആദ്യമായാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്.
480 പൂര്‍വികരുടെ ചിതാഭസ്മവുമായാണ് തീര്‍ത്ഥാടകസംഘം ഭാരതത്തിലേക്ക് എത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു. മഹാകുംഭമേളയുടെ വാര്‍ത്തകള്‍ കേട്ടതുമുതലുള്ള ആഗ്രഹമാണ് സഫലമായത്. കുറച്ച് മാസങ്ങളായി അതിന്റെ തയാറെടുപ്പിലാണ്. ആഗ്രഹം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങള്‍ക്ക് വരാതിരിക്കാനാകുമായിരുന്നില്ല, സംഘത്തോടൊപ്പമുള്ള സിന്ധ് സ്വദേശി ഗോവിന്ദ് റാം മഖിജ പറഞ്ഞു. സനാതനധര്‍മ്മത്തില്‍ പിറന്നതിലെ അഭിമാനം ഇപ്പോള്‍ ഇരട്ടി ശക്തിയോടെ അനുഭവിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഘോട്കിയില്‍ നിന്നുള്ള പതിനൊന്നാം ക്ലാസുകാരി സുരഭി ആദ്യമായാണ് ഭാരതത്തിലേക്ക് എത്തുന്നത്. ഞങ്ങളും ഈ നാടിന്റെ ഭാഗമായിരുന്നു എന്ന ഓര്‍മ്മ തന്നെ പവിത്രമാണ് എന്നായിരുന്നു സുരഭിയുടെ പ്രതികരണം. സിന്ധില്‍ നിന്നുള്ള പ്രിയങ്കയ്ക്കും ഇത് ആദ്യാനുഭവമാണ്. ഇവിടെ എത്തിയത് അനുഗ്രഹമായി തോന്നുന്നു. സിന്ധില്‍ മുസ്ലീങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നതെങ്കിലും, മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നതുപോലെ, കാര്യമായ വിവേചനം അവിടെ അനുഭവിക്കുന്നില്ല, പ്രിയങ്ക പറഞ്ഞു.
കുംഭമേളയിലേക്കുള്ള യാത്ര സുഗമമാക്കിയതിന് ഭാരതസര്‍ക്കാരിന് നന്ദി പറയുന്നുവെന്ന് സുക്കൂറില്‍ നിന്നുള്ള നിരഞ്ജന് ചൗള പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ അംഗീകാരത്തിന് ആറുമാസം വരെ എടുക്കും. പ്രയാഗയില്‍ നിന്ന് റായ്പൂരിലേക്കും തുടര്‍ന്ന് ഹരിദ്വാറിലേക്കും പോകാനാണ് പദ്ധതി. അവിടെ ചില പൂര്‍വ്വികരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: