ഷിംല: കുട്ടിക്കാലത്ത് മനസില്‍ ചേക്കേറിയ ഒരു സ്വപ്‌നം. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഇനി അവര്‍ കാത്തിരിക്കുന്നത് തന്റെ കഫേയിലെ ആദ്യ അതിഥിയെയാണ്…
ഹിമാചല്‍പ്രദേശിലെ മണാലിയിലാണ് കങ്കണയുടെ കഫേ. 14 നാണ് ഉദ്ഘാടനം. മലനിരകള്‍ക്കിടയല്‍ മുഴുവനായും തടികൊണ്ട് നിര്‍മിച്ച അതിമനോഹരമായ കഫേയുടെ ചിത്രങ്ങള്‍ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്നാണ് കഫേയുടെ പേര്. കുട്ടിക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചുവെന്നും ഇതൊരു സ്‌നേഹത്തിന്റെ കഥയാണെന്നും കങ്കണ എക്‌സില്‍ കുറിച്ചു.
പണ്ട് അമ്മ വീട്ടില്‍ ഉണ്ടാക്കിത്തന്ന ഭക്ഷണവും കുട്ടിക്കാലത്തെ ആ ഓര്‍മകളുമാണ് ഈ കഫേ എന്ന ആശയത്തിനു പിന്നിലെന്ന് കങ്കണ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇതോടൊപ്പം പത്തുവര്‍ഷം മുന്‍പുള്ള ഒരു വീഡിയോ കൂടി കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഇതിലാണ് തന്റെ കഫേയിലെ ആദ്യ അതിഥിക്കുള്ള ക്ഷണമുള്ളത്. ലോകമെമ്പാടുമുള്ള യാത്രകളില്‍ താന്‍ കണ്ടെത്തിയതും ഇഷ്ടപ്പെട്ടതുമായ വിഭവങ്ങള്‍ വിളമ്പുന്ന ഒരു കഫേ തുറക്കാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. 2013ലെ ന്യൂസ് 18 ആക്ട്രസസ് റൗണ്ട്ടേബിള്‍ പരിപാടിയിലേതാണ് ദൃശ്യങ്ങള്‍.
കഫേ തുടങ്ങാനുള്ള തന്റെ ആഗ്രഹം കങ്കണ വെളിപ്പെടുത്തിയപ്പോള്‍ ആദ്യ അതിഥിയായി തന്നെ വിളിക്കണമെന്ന് ദീപിക പദുക്കോണ്‍ പറയുന്നതാണ് വീഡിയോയില്‍. ദീപികയായിരിക്കണം തന്റെ ആദ്യ ക്ലയന്റെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കങ്കണ ഇത് റീപോസ്റ്റ് ചെയ്തത്. സ്റ്റോറിയില്‍ ദീപികയെ ടാഗ് ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: