ന്യൂദൽഹി : അധികാരത്തിനുവേണ്ടി ഭരണഘടനയെ തകർത്തു എന്ന് ആരോപിച്ച് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിനുവേണ്ടി ഭരണഘടനയെ തകർക്കുന്ന ജോലി ആരംഭിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ചു. ഇപ്പോഴും ജനാധിപത്യ സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുവെന്നും നദ്ദ എക്‌സിൽ പോസ്റ്റ് ചെയ്തു.
കൂടാതെ രാജ്യസഭയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വികസിത ഇന്ത്യ എന്ന ആശയത്തിലേക്ക് വെളിച്ചം വീശുന്നുവെന്നും പറഞ്ഞുകൊണ്ട് ബിജെപി ദേശീയ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദി പ്രമേയത്തിനുള്ള മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തവും സമൃദ്ധവും വികസിതവുമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയെന്നും അന്ത്യോദയ, നല്ല ഭരണം, ദരിദ്രരുടെ ക്ഷേമം എന്നിവയ്‌ക്ക് വേണ്ടി പരിശ്രമിച്ചുവെന്നും നദ്ദ പറഞ്ഞു.
മോദി സർക്കാരിന്റെ സബ്കാ സാത്ത് – സബ്കാ വികാസ് എന്ന മന്ത്രം ആവർത്തിച്ചുകൊണ്ട് സമഗ്ര വികസനം കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കോൺഗ്രസ് പ്രീണന രാഷ്‌ട്രീയം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി മോദി നേരത്തെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക