Kerala

വനിതാ കമ്മീഷന്‍ പുരുഷ വിദ്വേഷ സംവിധാനമല്ല, സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് കൂടുതലും സ്ത്രീകള്‍: പി. സതീദേവി

Published by

തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരായാണ് വനിതാ കമ്മീഷനുകള്‍ നിലകൊള്ളുന്നത്. സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് കൂടുതല്‍ എത്തുന്നത് വനിതകളാണ്. അവര്‍ക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷന്‍ ചെയ്യുന്നതെന്നും പി. സതീദേവി പറഞ്ഞു.
പുരുഷ മേധാവിത്വ സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടനാ ശില്പികള്‍ ആലോചിച്ച് ആര്‍ട്ടിക്കിള്‍ 15ന് മൂന്നാം ഉപവകുപ്പ് ചേര്‍ത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തില്‍ ചൂഷണമോ വിവേചനമോ നേരിടുന്നതായി കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അധികാരം നല്‍കുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകള്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കപ്പെട്ടതെന്നും ചെയര്‍പേഴ്‌സണ്‍ ഓര്‍മിപ്പിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക