തിരുവനന്തപുരം:എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ അന്താരാഷ്‌ട്ര കോൺഫറൻസിന് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഫെബ്രുവരി 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രാജ്യത്തെ പ്രധാന ഹബ് ആയി മാറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഈ കോൺഫറൻസ് പുത്തൻ ഉണർവ് നൽകും. എമർജിംഗ് ടെക്‌നോളജീസ് ഫോർ ഇൻ്റലിജൻ്റ് സിസ്റ്റം (ETIS2025) എന്നതാണ് അന്താരാഷ്‌ട്ര കോൺഫറൻസിന്റെ പ്രമേയം.
കോൺഫറൻസിൽ അക്കാദമിഷ്യൻമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ സംരഭകർ എന്നിവരടങ്ങുന്ന ഒരു മികച്ച പാനൽ ചർച്ചകളിലും പ്രബന്ധ അവതരണങ്ങളിലും പങ്കെടുക്കും. ഫെബ്രുവരി 7 മുതൽ 9 വരെ നടക്കുന്ന ഈ കോൺഫറൻസ് IEEE കേരള വിഭാഗത്തിന്റെയും, IEEE ഇൻഡസ്ട്രി ആപ്ലിക്കേഷൻ സൊസൈറ്റി (IAS) യുടെയും സാങ്കേതിക സഹായത്തോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കോൺഫറൻസിന്റെ പ്രത്യേകതകൾ:
പേപ്പർ അവതരണങ്ങൾ: നാനൂറിലധികം പേപ്പറുകൾ ലഭിച്ചതിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 110 ഓളം പ്രബന്ധങ്ങൾ കോൺഫറൻസിൽ അവതരിപ്പിക്കും.
പ്രഭാഷകർ: ഡോ. സി. മോഹൻ (ഐബിഎം ഫെലോ റിട്ട.), പ്രൊഫ. ഷൂയി യു (യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഓസ്‌ട്രേലിയ), പ്രൊഫ. കെ. ഗോപകുമാർ (IISc ബാംഗ്ലൂർ), ഡോ. രാം ബിലാസ് പച്ചോരി (IIT ഇൻഡോർ), ഡോ. ജോൺ ജോസ് (IIT ഗുവാഹത്തി) എന്നിവർ പ്ലീനറി സെഷനുകൾക്ക് നേതൃത്വം നൽകും.
വിഷയാവലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഐഒടി, റോബോട്ടിക്സ്, ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകൾ പ്രതിപാദിക്കും.
വ്യവസായ സങ്കേതങ്ങൾ: സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭകർ, ഗവേഷണ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി പ്രത്യേക സെഷനുകൾ.
റിസർച്ച് കോൺക്ലേവ്: പുതിയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള SCI ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ, പ്രോട്ടോടൈപ്പുകൾ എന്നിവയുടെ പ്രദർശനം.
വിജ്ഞാന വിനിമയം, നവീകരണം, പരിഷ്‌ക്കാരം
സർവ്വകലാശാലയുടെ 142 അഫിലിയേറ്റഡ് എഞ്ചിനീയറിംഗ് കോളേജുകൾ ആവിഷ്കരിച്ചിട്ടുള്ള മികവുറ്റ ഗവേഷണങ്ങൾ ഈ കോൺഫറൻസിൽ പ്രദർശിപ്പിക്കും. വിദ്യാഭ്യാസവും വ്യവസായവും സമൂഹവുമായുള്ള പരസ്പര ബന്ധം വികസിപ്പിച്ച്, ഇന്ത്യയെ സാങ്കേതിക രംഗത്ത് മുൻനിരയിലേക്ക് നയിക്കാനുള്ള സർവ്വകലാശാലയുടെ ദൗത്യത്തിന് ETIS 2025 വലിയ കാതലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക