ക്ലൂജ്(റൊമേനിയ): മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് ടെന്നിസ് താരം റൊമേനിയയുടെ സിമോണ ഹാലെപ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ ട്രാന്‍സില്‍വാനിയ ഓപ്പണില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളുടെ തോല്‍വിക്ക് പിന്നാലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരമാണ് ഈ റൊമേനിയക്കാരി.
ചൊവ്വാഴ്ച്ച ട്രാന്‍സില്‍വാനിയ ഓപ്പണിലെ ആദ്യ മത്സരത്തില്‍ ഇറ്റലിയുടെ ലൂസിയ ബ്രൊന്സേറ്റി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്(6-1, 6-1).
തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹാലെപ്പ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. പ്രായാധിക്യം തന്റെ കരിയറിനെ ബാധിച്ചിരിക്കുന്നു. നിരന്തരം പരിക്ക് അലട്ടുന്നതും പ്രശ്നമാണ്. വളരെ വേദനയോടെയാണെങ്കിലും കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്ന്നിരിക്കുന്നു- ഹാലെപ്പ് പറഞ്ഞു.
2018 ഫ്രഞ്ച് ഓപ്പണും 2019 വിംബിള്‍ഡണുമാണ് ഹാലെപ്പിന്റെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. 2019ലാണ് കരിയറില്‍ ഒരേയൊരു തവണ ഒന്നാം റാങ്കിലേക്ക് കുതിച്ചത്.
ഡോപ്പിങ് ടെസ്റ്റില്‍ പോസിറ്റീവ് ആയെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2023 സപ്തംബറില്‍ താരത്തെ നാല് വര്‍ഷത്തേക്ക് വിലക്കി. സാമ്പിള്‍ പരിശോധനയ്ക്കെടുത്ത 2022 മുതല്‍ നാല് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് നിരോധിത ഉല്‍പ്പന്നമായ റോക്സാഡസ്റ്റാറ്റ് ഹാലെപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു. കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ പ്രൊഫഷണല്‍ ടെന്നിസ് അസോസിയേഷന് ഹാലെപ്പിനൊപ്പം പ്രതിരോധത്തിനായി പിന്തുണ നല്കി. തുടര്‍ന്ന് നല്കിയ അപ്പീലിന്റെ ബലത്തില്‍ അനുകൂല വിധി സമ്പാദിച്ച് ഒരുവര്‍ഷം മുമ്പ് വീണ്ടും കരിയറില്‍ സജീവമായി. എന്നാല്‍ നീണ്ട കാലം വിട്ടു നിന്നതും നിരന്തരം പരിക്കുകളും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: