India

കാട്ടിലെ കാറില്‍ സ്വര്‍ണവും പണവും: വന്‍ അഴിമതിയുടെ ചുരുളഴിയുന്നു, അന്വേഷണം ചെന്നെത്തിയത് ഗതാഗത വകുപ്പിലെ കോൺസ്റ്റബിളിലേക്ക്

Published by

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലെ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 52 കിലോ സ്വര്‍ണവും 11 കോടി രൂപയും കണ്ടെത്തിയതിന്റെ ദുരൂഹത വെളിപ്പെടുമ്പോള്‍ പുറത്തു വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നിലേക്ക്. 2024 ഡിസംബറിലാണ് കാട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയത്.

ഗതാഗത വകുപ്പില്‍ ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ സൗരഭ് ശര്‍മയിലേക്കാണ് അന്വേഷണം എത്തിയത്. സ്വര്‍ണവും പണവും കണ്ടെത്തിയ ഇന്നോവ കാര്‍ സൗരഭിന്റെ സഹായി ചേതന്‍ സിങ്ങ് ഗൗറിന്റേതാണെന്ന് കണ്ടെത്തി.

2024 ഡിസംബറില്‍ സൗരഭിന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ കാറില്‍ സ്വര്‍ണവും പണവും നിറച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. സൗരഭിന്റെ മറ്റൊരു വീട്ടില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് കടത്തിയത്. ഇത് പിന്നീട് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് സൗരഭിന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും ഉള്‍പ്പെടെ എട്ട് കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെടുത്തത്. ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ലോകായുക്തയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സൗരഭിന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതിയാണിത്.

ആശ്രിത നിയമനമായി ലഭിച്ച ജോലി രാജിവെച്ച് 2023ലാണ് സൗരഭ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നത്. ഒരു സ്‌കൂളും ഹോട്ടലും മറ്റ് നിരവധി സ്ഥാപനങ്ങളും സൗരഭിന്റേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പേരിലുണ്ട്.

ഏകദേശം 100 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ കണ്ണികളായ അഴിമതി കഥകളും പുറത്തുവന്നു. 52 ജില്ലകളില്‍ ഈ കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നു. ദുബായ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വര്‍ണക്കടത്തുമായും സൗരഭിനുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ സൗരഭ് ശര്‍മയും സഹായികളായ ചേതനും ശരത് ജെയ്സ്വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by