ന്യൂദൽഹി : ദൽഹിയിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിന്റെ ദയനീയ പരാജയം പ്രവചിച്ചതിന് പിന്നാലെ അസന്തുഷ്ടി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ സന്ദീപ് ദീക്ഷിത്. 27 വർഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി തിരിച്ചുവരുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചതിന് ശേഷം കോൺഗ്രസ് നേതാക്കൾ ഏവരും സംതൃപ്തരല്ല. പരാജയം ഉൾക്കൊള്ളാൻ അവർ തയ്യാറല്ല എന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
ആം ആദ്മി പാർട്ടിയെ എക്സിറ്റ് പോളുകൾ കുറച്ചുകാണിച്ചതിനാൽ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തെറ്റായ ചിത്രമാണ് പ്രവചനങ്ങൾ നൽകുന്നതെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിതിന്റെ ഭാഷ്യം. എക്സിറ്റ് പോളുകളിൽ ഞാൻ നിരാശനാണ്. കോൺഗ്രസിന് 17-18 ശതമാനം വോട്ടുകൾ എളുപ്പത്തിൽ ലഭിക്കുമായിരുന്നുവെന്ന് കരുതുന്നു.
എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി സർക്കാർ രൂപീകരിച്ചേക്കാം, പക്ഷേ അവർ ആം ആദ്മിക്ക് സീറ്റ് കുറച്ചുകാണിച്ചതായി കരുതുന്നു. ആം ആദ്മിയെ വളരെ ദുർബലമായിട്ടാണ് അവതരിപ്പിച്ചത്. പക്ഷേ അവരുടെ അവസ്ഥ അത്ര മോശമാകുമെന്ന് കരുതുന്നില്ലെന്ന് ദീക്ഷിത് പറഞ്ഞു. കൂടാതെ ഫെബ്രുവരി 8 ന് എല്ലാം വ്യക്തമാകും. എക്സിറ്റ് പോളുകൾ ചിലപ്പോൾ ശരിയും തെറ്റും ആകാം. ദൽഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ ശരിയായ ചിത്രം എക്സിറ്റ് പോളുകൾ കാണിക്കുന്നില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
അതേ സമയം മിക്ക എക്സിറ്റ് പോളുകളും ബിജെപിയുടെ ത്രസിപ്പിക്കുന്ന വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് എക്സിറ്റ് പോളുകൾ അവരുടെ പ്രവചനങ്ങൾ നടത്തിയത്.
പി-മാർക്ക് എക്സിറ്റ് പോൾ പ്രകാരം, ബിജെപി 39-49 നിയമസഭാ സീറ്റുകളും, ആം ആദ്മി 21-31 സീറ്റുകളും, കോൺഗ്രസ് 0-1 സീറ്റുകളും നേടുമെന്നാണ് പ്രവചിച്ചത്. മാട്രിസിന്റെ എക്സിറ്റ് പോൾ ബിജെപിയും എഎപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചു. ബിജെപി 35-40 സീറ്റുകളും എഎപി 32-37 സീറ്റുകളും നേടുമെന്ന് പറഞ്ഞു. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കുമെന്ന് പറഞ്ഞു.
പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ബിജെപി 51-60 നിയമസഭാ സീറ്റുകളും എഎപി 10-19 സീറ്റുകളും നേടുമെന്ന് പറഞ്ഞു. എക്സിറ്റ് പോൾ കോൺഗ്രസിന് ഒരു സീറ്റും നൽകിയില്ല. പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 40-44 സീറ്റുകളിലും എഎപി 25-29 സീറ്റുകളിലും വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ചുണ്ടിക്കാട്ടി. കോൺഗ്രസിന് 0-1 സീറ്റ് ലഭിക്കുമെന്ന് അവർ പറഞ്ഞു.
വീപ്രസിഡെഡ് എക്സിറ്റ് പോൾ പ്രകാരം എഎപി 46-52 സീറ്റുകളും ബിജെപി 18-23 സീറ്റുകളും കോൺഗ്രസിന് 0-1 സീറ്റും നേടാമെന്നാണ് പ്രവചിച്ചത്. അതേ സമയം ഫെബ്രുവരി 8 ന് വോട്ടെണ്ണൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക