കിഫ്ബി ഫണ്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ ചെലവിട്ട് നിര്‍മ്മിച്ച റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണല്ലോ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമ- ധനമന്ത്രിമാരുടെ സമിതി ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടും സര്‍ക്കാരിന്റെ പ്രതിനിധികളും സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നേതാക്കളും ഉരുണ്ടുകളിക്കുകയാണ്. ഇതിനുള്ള നിയമനിര്‍മ്മാണത്തിന് നീക്കം നടക്കുമ്പോഴും അവിടെയും ഇവിടെയും തൊടാതെ ചിലതൊക്കെ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍. സര്‍ക്കാരിന് സമാന്തരമായ ഒരു സംവിധാനമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കിഫ്ബി കൊണ്ടുവന്നത്. കേന്ദ്രം പണമൊന്നും തന്നില്ലെങ്കിലും കിഫ്ബിയിലൂടെ തങ്ങള്‍ കേരളത്തിന്റെ വികസനം സാധ്യമാക്കുമെന്നാണ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലും ഒന്നാം പിണറായി സര്‍ക്കാരിലും ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അവകാശപ്പെട്ടു കൊണ്ടിരുന്നത്. കിഫ്ബിയെക്കുറിച്ച് പറയുമ്പോള്‍ ഐസക്കിന് നൂറുനാവായിരുന്നു. കേരളത്തിന്റെ ഒരേയൊരു മോചനമാര്‍ഗ്ഗം കിഫ്ബിയാണെന്നും, അതിനെ ചലിപ്പിക്കാനുള്ള മാന്ത്രികവടി തന്റെ കൈവശമുണ്ടെന്നുമാണ് ഐസക്ക് വീരവാദം മുഴക്കിക്കൊണ്ടിരുന്നത്. എന്നാല്‍ കിഫ്ബി വഴി എടുക്കുന്ന കടം തിരിച്ചടയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണെന്ന സത്യം ബോധപൂര്‍വ്വം മറച്ചു പിടിച്ചു. കുറഞ്ഞ കാലം കൊണ്ട് കിഫ്ബിയും സംസ്ഥാനത്തിന് വന്‍ ബാധ്യതയായിരിക്കുകയാണ്.
ജനങ്ങളെ കൊള്ള ചെയ്യാനുള്ള ഒരവസരവും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പാഴാക്കുന്നില്ല. പിണറായി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ തകരാറുമൂലം സംസ്ഥാനം കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടി രിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ബഹളം വെക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ശരിയായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വയ്‌ക്കാതെയും, കൂടുതല്‍ കടമെടുക്കണമെന്ന ആവശ്യമുന്നയിച്ചും കാലം കഴിക്കുകയാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചെയ്തത്. ഇപ്പോഴത്തെ റവന്യു വരുമാനംകൊണ്ട് ശമ്പളവും പെന്‍ഷനും കടത്തിന്റെ തിരിച്ചടവും മാത്രമാണ് നടക്കുന്നത്. ഇവയില്‍ പോലും കുടിശ്ശികയാണ്. മദ്യം, ലോട്ടറി, വാഹനനികുതി എന്നിവയ്‌ക്കുപുറമേ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. കേരളം വേറെയാണെന്ന് ദേശീയ താല്‍പര്യത്തിന് നിരക്കാത്ത സമീപനവും നടപടികളും സ്വീകരിക്കുന്ന പിണറായി സര്‍ക്കാര്‍ രാജ്യത്തെ നിയമങ്ങളും സാമ്പത്തിക മാനദണ്ഡങ്ങളും കണക്കിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന് ആവലാതിപ്പെടുകയാണ്. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കടമെടുക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യവസ്ഥകളുണ്ട്. ഇതൊക്കെ കാറ്റില്‍പ്പറത്തി എങ്ങനെയും പണം നേടാനുള്ള പിണറായി സര്‍ക്കാരിന്റെ മോഹം നടക്കാന്‍ പോകുന്നില്ല.
ദേശീയപാതയില്‍ ടോള്‍ പിരിക്കുന്നതിന് സിപിഎം എതിരായിരുന്നു. ടോള്‍ പിരിവിനെതിരെ കേരളത്തിനകത്തും പുറത്തും സമരം ചെയ്ത പാര്‍ട്ടിയുമാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൂഷണമാണ് ടോള്‍ പിരിവിലൂടെ നടക്കുന്നതെന്ന് പ്രസംഗിക്കാത്ത സിപിഎം നേതാക്കള്‍ ആരുംതന്നെ ഉണ്ടെന്നു തോന്നുന്നില്ല. ഇടതുമുന്നണി സര്‍ക്കാരിന്റെയും കാലങ്ങളായ നയം ഇതുതന്നെയായിരുന്നു. സംസ്ഥാന പാതകളില്‍ ടോള്‍ വേണ്ടെന്ന് ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനും തീരുമാനിച്ചിട്ടുള്ളതാണ്. കിഫ്ബി പദ്ധതിയില്‍ നിന്ന് ടോള്‍, യൂസര്‍ഫീ എന്നിവ പിരിക്കില്ലെന്ന് ധനമന്ത്രിയായിരിക്കുമ്പോള്‍ തോമസ് ഐസക്കും നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നയം കയ്യൊഴിഞ്ഞാണ് സംസ്ഥാനപാതയില്‍ ടോള്‍ പിരിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പ്രതിഷേധം മുന്നില്‍ക്കണ്ട് ടോള്‍ അല്ല, യൂസര്‍ ഫീയാണ് പിരിക്കുന്നതെന്ന സര്‍ക്കാരിന്റെ വാദം ആര്‍ക്കും സ്വീകാര്യമാവില്ല. രണ്ടായാലും ജനങ്ങള്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരും. ജനങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് ചൂഷണം ചെയ്യാനുള്ള പിണറായി സര്‍ക്കാരിന്റെ തന്ത്രം ഒരു കാരണവശാലും അനുവദിച്ച് കൊടുക്കാന്‍ പാടില്ല. ആഡംബര പദ്ധതികള്‍ക്കും ധനധൂര്‍ത്തിനുവേണ്ടി ജനങ്ങളെ പിഴിയുന്ന നയം സര്‍ക്കാര്‍ തിരുത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: