തിരുവനന്തപുരം : സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലെ പ്രശ്നത്തില്‍ സഞ്ജു സാംസണെ പിന്തുണച്ച മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്. കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്ത് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.
സഞ്ജു സാംസണെ ക്രൂശിക്കരുതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ശ്രീശാന്തിന്റെ ഈ പരാമര്‍ശം പൊതുസമൂഹത്തില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ശ്രീശാന്ത് പരാമര്‍ശം പിന്‍വലിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം സെയ്ലേഴ്സിന്റെ സഹ ഉടമ എന്ന നിലയ്ക്ക് ചട്ടലംഘനം നടത്തിയെന്നാണ് കെസിഎ കുറ്റപ്പെടുത്തുന്നത്.നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ശ്രീശാന്ത് ഏഴ് ദിവസത്തിനകം വക്കീല്‍ നോട്ടീസിന് മറുപടി നല്‍കണം.
വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീം പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ ചൂണ്ടിക്കാട്ടിയിരുന്നു.വിജയ ഹസാരെ ട്രോഫിക്കുള്ള പരിശീലനത്തിന് സഞ്ജു തയാറാണെന്ന് കെസിഎയെ അറിയിച്ചിട്ടും കെസിഎ പ്രതികരിച്ചില്ലെന്നായിരുന്നു സഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ഈ വിമര്‍ശനങ്ങളെ പൂര്‍ണമായി തള്ളിയ കെസിഎ സഞ്ജു ഞാനുണ്ടാകില്ല എന്ന ഒറ്റവരി സന്ദേശം മാത്രമാണ് തങ്ങള്‍ക്ക് അയച്ചതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞിരുന്നു. ഈ സംഭവമാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴയാന്‍ കാരണമെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: