എറണാകുളം : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടെന്ന് കാട്ടി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി. ഇതേ തുടര്‍ന്ന് ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തോട് വിശദീകരണം തേടി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണം, വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ 27 ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. 2019 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷത്തെ ലോക്കറ്റ് വില്‍പ്പനയിലാണ് തിരിമറി കണ്ടെത്തിയത്.
2024 മേയ് മാസമാണ് ഗുരുതര കണ്ടെത്തലുകളുളള സത്യവാംഗ് മൂലം സമര്‍പ്പിച്ചത്. ലോക്കറ്റ് വില്‍പ്പനയിലെ തുക നിക്ഷേപിച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലായാണ്. ബാങ്ക് ജീവനക്കാരന്‍ നല്‍കുന്ന ക്രെഡിറ്റ് സ്ലിപ്പും അക്കൗണ്ടില്‍ എത്തിയ തുകയും തമ്മില്‍ വ്യത്യാസമുണ്ട്.ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ ഹാജരാക്കുന്നതിലും ദേവസ്വം അധികൃതര്‍ ഉത്തരവാദിത്വം കാട്ടിയില്ല.
സി.സി.ടി.വി സ്ഥാപിച്ചതിലും ക്രമക്കേടുണ്ട്. കരാര്‍ നല്‍കിയിരുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയ്‌ക്കാണ്. ബാങ്കിന്റെ കളക്ഷന്‍ ജീവനക്കാരന്‍ തുക കൃത്യമായി അടയ്‌ക്കുന്നുണ്ടോയെന്ന് പരിശോധിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സി.സി.ടി.വി സ്ഥാപിച്ചതില്‍ ദേവസ്വം ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചു. പ്രസാദ് ഫണ്ടില്‍ തുക നീക്കിയിരുപ്പുണ്ടായിരുന്ന സമയത്തായിരുന്നു ഈ നടപടി. 89 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിലേക്ക് മാറ്റിയില്ല ഇതു വഴി പലിശ നഷ്ടമുണ്ടായി. നഷ്ടം വരുത്തിയ തുക ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക