ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി രാഷ്‌ട്രപതി ഭവനില്‍ കല്യാണമണ്ഡപമൊരുങ്ങുന്നു. രാഷ്‌ട്രപതി ഭവനിലെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പൂനം ഗുപ്തയ്‌ക്ക് ജമ്മുകശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സിആര്‍പിഎഫ് സൈനികനായ അവ്നിഷ് കുമാര്‍ ഈ മാസം 12ന് താലി ചാര്‍ത്തും.
സിആര്‍പിഎഫ് സൈനിക പൂനം ഗുപ്ത കഴിഞ്ഞ റിപ്പബ്ലിക് ദിന ചടങ്ങില്‍ സിആര്‍പിഎഫിന്റെ വനിതാ ബറ്റാലിയന് നേതൃത്വം നല്‍കി ശ്രദ്ധേയയായിരുന്നു. വിവാഹം നടത്താന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനുമതി നല്‍കി. പൂനത്തിന്റെ അര്‍പ്പണ മനോഭാവവും പെരുമാറ്റവും രാഷ്‌ട്രപതിയില്‍ മതിപ്പുളവാക്കുകയും രാഷ്‌ട്രപതി ഭവനില്‍വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
രാഷ്‌ട്രപതി ഭവനിലെ മദര്‍ തെരേസാ ക്രൗണ്‍ കോംപ്ലക്‌സില്‍ വിവാഹം സ്വകാര്യ ചടങ്ങായിരിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും.
മധ്യപ്രദേശില്‍ നിന്നുള്ള പൂനം സിആര്‍പിഎഫില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ്. ഗ്വാളിയോര്‍ ജിവാജി സര്‍വകലാശാലയില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും പൂനത്തിനുണ്ടണ്ട്.
2018ന് നടന്ന യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയില്‍ 81-ാം റാങ്ക് കരസ്ഥമാക്കിയാണ് പൂനം സേനയില്‍ ചേരുന്നത്. ബിഹാറിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളിലും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക