ന്യൂദൽഹി : ദൽഹിയിലെ ജങ്പുര മണ്ഡലത്തിലെ ഒരു കെട്ടിടത്തിലേക്ക് ബിജെപി, വോട്ടർമാരെ പരസ്യമായി കൊണ്ടുപോയി അവർക്ക് പണം വിതരണം ചെയ്തുവെന്ന ആം ആദ്മി സ്ഥാനാർത്ഥി മനീഷ് സിസോദിയയുടെ ആരോപണത്തെ ദൽഹി പോലീസ് ബുധനാഴ്ച നിഷേധിച്ചു. പണം വിതരണം ചെയ്തുവെന്ന ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശയക്കുഴപ്പം നീങ്ങിയെന്നും ദൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ജങ്പുര നിയമസഭയിലെ ബിജെപി ബൂത്തിനടുത്തുള്ള വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുണ്ടെന്ന് ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക എക്‌സിലാണ് ആരോപിച്ചത്.
“ജങ്പുരയിൽ ബിജെപി, വോട്ടർമാരെ പരസ്യമായി ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി പണം വിതരണം ചെയ്യുന്നു. ജങ്പുര നിയമസഭയിലെ ബിജെപി ബൂത്തിനടുത്തുള്ള കെട്ടിടത്തിലെ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നു. ഇതെല്ലാം ദൽഹി പോലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മേൽനോട്ടത്തിലാണ് നടക്കുന്നത്. നിങ്ങൾക്ക് അൽപ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ, ഭരണഘടനയുടെ ഈ കൊലയാളികൾക്കെതിരെ നടപടിയെടുക്കുക,” – എഎപി പറഞ്ഞു.
അതേസമയം ഉച്ചയ്‌ക്ക് ഒരു മണി വരെ ദേശീയ തലസ്ഥാനത്ത് 33.31 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: