ന്യൂ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ ഓഫീസിലെ ജീവനക്കാരെ 5 ലക്ഷം രൂപയുമായി കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ന്യൂ ഡൽഹി അടക്കമുള്ള മേഖലകളിൽ ചില ആളുകൾ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധനയിലേക്ക് കടന്നതെന്ന് സൗത്ത് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) രവി കുമാർ സിംഗ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ ഗൗരവ്, ഡ്രൈവർ അജിത് എന്നീ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. പല സ്ഥലത്തും പണം വിതരണം നടത്തിയെന്നും വോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തി വരുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് ഇത് വരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
സംഭവത്തിൽ വ്യക്തികൾ പണം കൊണ്ടുപോകുന്നതിനെക്കുറിച്ച് ഒരു സൂചന ലഭിച്ചു. തുടർന്ന് ഇവരുടെ കാർ പരിശോധിച്ചപ്പോഴാണ് 5 ലക്ഷം രൂപ കണ്ടെത്തിയത്. ഫ്ലയിംഗ് സ്ക്വാഡ് ടീം (എഫ്എസ്ടി) സ്ഥലത്തെത്തി ഇരുവരെയും പിടികൂടി, ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് 12 മണിക്കൂറിൽ താഴെ സമയം ബാക്കിയുള്ളതിനാൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയതായി സൗത്ത് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. ഞങ്ങൾ ഫ്ലാഗ് മാർച്ച് നടത്തുകയാണ്. പോളിംഗ് തടസ്സപ്പെടുത്താൻ ഒരു നീച ഘടകത്തെയും ഞങ്ങൾ അനുവദിക്കില്ല. അനധികൃത കള്ളക്കടത്തും മദ്യവും ഒഴിവാക്കാനും മസിൽ പവറിൽ പ്രവേശനം നിരോധിക്കാനും അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: