Kerala

യുവതികൾ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് അപകടം: ​ഗുരുതര പരിക്ക്

Published by

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് യുവതികൾക്ക് ​ഗുരുതര പരിക്ക്. തൃശ്ശൂർ സ്വദേശിനി മനീഷ (25), കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ (24) എന്നിവരാണ് അപകടത്തിൽപെട്ടത്. കൊല്ലം മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് മനീഷ. എച്ച്.ആർ ജീവനക്കാരിയാണ് സ്വാതി. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു അപകടം. മൂന്നാം നിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്നാണ് യുവതികൾ താഴെ വീണത്. ചൊവ്വാഴ്ച രാത്രി 7.15-നായിരുന്നു സംഭവം.

മനീഷയും സ്വാതിയും ഹോസ്റ്റലിന്റെ മൂന്നാംനിലയിൽ ആൾത്തുളയുടെ മുകളിലെ മൂടിയിൽ ഇരിക്കുകയായിരുന്നു. മേൽമൂടി തകർന്ന് മനീഷ ഇടുങ്ങിയ ആൾത്തുളയ്‌ക്ക് ഉള്ളിലേക്കും സ്വാതി തെറിച്ച് മൂന്നാംനിലയുടെ താഴെ പുറത്തേക്കും വീണു. ഗുരുതര പരിക്കേറ്റ സ്വാതി ഇഴഞ്ഞ് ഹോസ്റ്റലിന്റെ മുൻവശത്തെ കാർപോർച്ചിലെത്തി. ഇത് ഹോസ്റ്റൽ വാർഡൻ മഞ്ചുവും മറ്റുള്ളവരും കണ്ടു. ഉടൻതന്നെ ചാത്തന്നൂർ പോലീസിലും പരവൂർ അഗ്നിരക്ഷാസേനയിലും അറിയിച്ചു.

ആൾത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോൺക്രീറ്റ് പാളി പതിച്ചിരുന്നു. മനീഷയെ അഗ്നിരക്ഷാ സേനാംഗങ്ങളും സന്നദ്ധപ്രവർത്തകനായ കിഷോർ അതിജീവനും ചേർന്നാണ് പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by