കൊച്ചി: സാഹിത്യവും കലയും സമൂഹത്തിന് വിചാരവും സംസ്‌കാരവും പകരുന്നതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണ ജയന്തി ആഘാഷമായ സുവര്‍ണോത്സവത്തിന് എറണാകുളം രാജേന്ദ്രമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന തപസ്യ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രവര്‍ത്തനത്തില്‍ മാത്രമല്ല, സമാജജീവിതത്തിനാകെ പ്രസക്തമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്നതാണ് ഭാരതം മുന്നോട്ടുവയ്‌ക്കുന്ന ദര്‍ശനം. സത്യവും കരുണയും വിശുദ്ധിയും തപസുമാണ് ധര്‍മ്മത്തിന്റെ ആധാരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക ജീവിതം വിജയകരവും അര്‍ത്ഥപൂര്‍ണവുമാകുന്നത്. ഈ നാല് ഘടകങ്ങളിലൂന്നി ജീവിതത്തെ പുനഃസൃഷ്ടിക്കുക എന്ന കര്‍ത്തവ്യം നമ്മള്‍ ഏറ്റെടുക്കണം. ഓരോ വ്യക്തിയിലും ഈ ഗുണങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയണം,മോഹന്‍ ഭാഗവത് പറഞ്ഞു.
വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ പാരമ്പര്യം. ഈ പാരമ്പര്യത്തിലൂന്നി രാഷ്‌ട്രജീവിതത്തെ ലോകത്തിന് മാതൃകയാക്കി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന് കലയിലൂടെയും സാഹിത്യത്തിലൂടെയും സാധിക്കണം. ക്രൗഞ്ചപ്പക്ഷികള്‍ അമ്പേറ്റ് പിടഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ വാത്മീകി മഹര്‍ഷിയില്‍ ഉണ്ടായ വേദനയില്‍ നിന്നാണ് മാ നിഷാദ എന്ന ശ്ലോകം പിറന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോകം ഭാരതത്തെ വളരെയധികം പ്രതീക്ഷയോടെ നോക്കുന്നു. ആ പ്രതീക്ഷ നിര്‍വഹിക്കാനാകും വിധം കലാസാഹിത്യരംഗത്തെ സജ്ജമാക്കേണ്ട ദൗത്യം തപസ്യയ്‌ക്കുണ്ട്. അതിന് തപസ്യ അതിന്റെ പ്രവര്‍ത്തകരെ സജ്ജമാക്കേണ്ടതുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
പ്രശസ്ത സാഹിത്യനിരൂപകന്‍ ആഷാമേനോന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാര്‍ഭാരതി ദേശീയ അദ്ധ്യക്ഷന്‍ മൈസൂര്‍ മഞ്ജുനാഥ്, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തപസ്യ സ്ഥാപകന്‍ എം.എ. കൃഷ്ണന്‍, സംസ്‌കാര്‍ ഭാരതി സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാഹിത്യത്തിലെ കലയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് തപസ്യയുടെ ആദരവ് സര്‍സംഘചാലക് സമര്‍പ്പിച്ചു.
തപസ്യ സുവര്‍ണോത്സവത്തിന് കൊടിയേറി;
പ്രൗഢവേദിയില്‍ സാംസ്‌കാരികനായകര്‍ക്ക് ആദരം
കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. മലയാളത്തിലെ കലാ, സാഹിത്യ രംഗത്തെ പ്രമുഖരെ സാക്ഷിനിര്‍ത്തി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സുവര്‍ണോത്സവത്തിന് കൊടി ഉയര്‍ത്തി. എറണാകുളം രാജേന്ദ്രമൈതാനത്ത് താളവാദ്യലയവും നൃത്തനൃത്യങ്ങളും ശോഭ പകര്‍ന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ സാംസ്‌കാരികോത്സവമായി.
കലാസാഹിത്യരംഗത്തെ പ്രതിഭകള്‍ നിറഞ്ഞ വേദി തനിക്ക് ഇന്ദ്രസഭപോലെയാണ് തോന്നുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ മൈസൂര്‍ മഞ്ജുനാഥ പറഞ്ഞു. തപസ്യയുടെ ചുമതലകള്‍ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെങ്കിലും എഴുപത് വര്‍ഷം താന്‍ എഴുതിയതും തപസ്യയുടെ പ്രവര്‍ത്തനവും സമാനമായ ആശയമാണ് മുന്നോട്ടുവയ്‌ക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ പറഞ്ഞു. തപസ്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ വേദി ഞാനൊരിക്കലും മറക്കില്ല. ഭാവിഭാരതത്തെ മുന്‍ നിര്‍ത്തി ഡോ. മോഹന്‍ ഭാഗവത് മുന്നോട്ടുവയ്‌ക്കുന്ന ദര്‍ശനങ്ങള്‍ മഹത്തരമാണ്. 2050ല്‍ നാട് പുരോഗതിയിലേക്ക് എത്തിയേക്കാം. പക്ഷേ പരിസ്ഥിതി വലിയ വെല്ലുവിളി നേരിടും. സംഗീതവും സാഹിത്യവും ധ്യാനവും പരിചയമില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. അവര്‍ നിര്‍വീര്യരായാല്‍ രാഷ്‌ട്രത്തിന്റെ ഭാവി ശോഭനമാവില്ല. പ്രപഞ്ചത്തില്‍ ആവാസ വ്യവസ്ഥയുള്ള ഏക ഗോളമാണ് ഭൂമി. ഈ ഭൂമിയെ സുരക്ഷിതമായി അടുത്ത തതമുറകള്‍ക്ക് കൈമാറേണ്ടതുണ്ട്, അവിടെയാണ് മോഹന്‍ ഭാഗവത് മുന്നോട്ടുവയ്‌ക്കുന്ന പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തിന്റെ പ്രസക്തി, ആഷാമേനോന്‍ പറഞ്ഞു.
ഭാരതത്തെ വിശ്വറാണിയാക്കാന്‍ പ്രതിജ്ഞ ചെയ്യൂ എന്ന ആഹ്വാനം മുഴക്കിയ സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ വിശ്വറാണി എന്ന കവിത വേദിയില്‍ തപസ്യ സംസ്ഥാനസമിതിയംഗം ഡോ. ലക്ഷ്മിദാസ് ആലപിച്ചു. കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി, വാദ്യകലാകുലപതി പെരുവനം കുട്ടന്‍ മാരാന്‍, സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍, പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി, നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പദ്മശ്രീ രാമചന്ദ്രപ്പുലവര്‍, തീയാടി രാമന്‍, ആര്‍ട്ടിസ്റ്റ്, ടി. കലാധരന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, ശ്രീമന്‍ നാരായണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തപസ്യ മുന്‍ അധ്യക്ഷനുമായ പി. ബാലകൃഷ്ണന്‍, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നാടക സംവിധായകന്‍ എം.കെ. ദേവരാജന്‍ തുടങ്ങിയ പ്രമുഖരെ വേദിയില്‍ സര്‍സംഘചാലക് ആദരിച്ചു.
https://www.facebook.com/vskkerala/videos/636044152146589
പ്രതികരിക്കാൻ ഇവിടെ എഴുതുക: