Kerala

ശബരിമലയുടെ മറവില്‍ ആഗോള പണപ്പിരിവിന് നീക്കം; സ്‌പോണ്‍സര്‍ഷിപ്പുകളുടെ പേരില്‍ സമ്പന്നരെ അയ്യപ്പസംഗമത്തിലേക്ക് എത്തിക്കാൻ ശ്രമം

Published by

തിരുവനന്തപുരം: ശബരിമലയുടെ കീര്‍ത്തി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആഗോള സാമ്പത്തിക സമാഹരണത്തിന് സര്‍ക്കാര്‍ നീക്കം. ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് ലോക കേരള സഭ മാതൃകയില്‍ വിഷുവിന് സന്നിധാനത്ത് ആഗോള അയ്യപ്പസംഗമം നടത്താനാണ് ദേവസ്വംബോര്‍ഡ് ഒരുങ്ങുന്നത്. സ്‌പോണ്‍സര്‍ഷിപ്പുകളുടെ പേരില്‍ വന്‍തുകകള്‍ നല്‍കാന്‍ ശേഷിയുള്ളവരെ അയ്യപ്പസംഗമത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ദേവസ്വം ഫണ്ട് ധൂര്‍ത്തടിച്ചാണ് സന്നിധാനത്തെ ആഗോള അതിഥി സത്കാരം ഒരുക്കുന്നത്.

അന്‍പതിലധികം രാജ്യങ്ങളിലെ പ്രതിനിധികളെയാണ് അയ്യപ്പസംഗമത്തിലേക്ക് ലക്ഷ്യം വയ്‌ക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന വിഷുവിന് തന്നെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് തടസമായേക്കാവുന്ന വിധത്തിലാണ് സന്നിധാനത്ത് ആഗോളസംഗമം സംഘടിപ്പിക്കുന്നത്. വിദേശ പ്രതിനിധികളുടെ യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നത് സംബന്ധിച്ചോ സംഗമത്തിലെ പരിപാടികളെക്കുറിച്ചോ വെളിപ്പെടുത്താനും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് തയ്യാറായില്ല. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്തുമാത്രം 293 കോടി മിച്ചം ലഭിച്ചിട്ടും ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ച ദേവസ്വം ബോര്‍ഡിനുണ്ടായി. ഇതിനിടയിലാണ് പ്രത്യേകനിധി രൂപീകരിക്കുന്നതിനായി പണപ്പിരിവ് നടത്താനുള്ള നീക്കം.

അയ്യപ്പഭക്തര്‍ക്ക് കാലങ്ങളായി സന്നിധാനത്തും പമ്പയിലും സൗകര്യമൊരുക്കിയിരുന്ന അയ്യപ്പസേവാസംഘത്തെ ഉള്‍പ്പെടെയുള്ള സംഘടനകളെ ഒഴിവാക്കിയിരുന്നു.
സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അന്നദാനവും കുടിവെള്ളവും പോലും വിലക്കി. നിലയ്‌ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ബന്ധമായി കെഎസ്ആര്‍ടിസി ബസുകളില്‍ കുത്തിനിറച്ചു. ഇതേ സര്‍ക്കാരാണ് ലോകപ്രസിദ്ധമായ ശബരിമലയ്‌ക്ക് ‘കീര്‍ത്തി വര്‍ധിപ്പിക്കാനെ’ന്ന പേരില്‍ സംഗമം നടത്തുന്നത് എന്നതും ദുരൂഹമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by