Kerala

‘തൊഴിലാളികള്‍ക്ക് പണിപോകും’ -അന്ന് കമ്പ്യൂട്ടറിനെതിരെ, ഇന്ന് എഐ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രമേയം

Published by

പണ്ട് കമ്പ്യൂട്ടർ വന്നാൽ തൊഴിലാളികൾക്ക് ജോലി പോകുമെന്ന് പറഞ്ഞു സമരം ചെയ്ത സിപിഎം ഇപ്പോൾ എഐ ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ സോഷ്യലിസം കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.

എന്നാല്‍, എം വി ഗോവിന്ദന്‍ കൂടി അംഗമായ പോളിറ്റ് ബ്യൂറോ ഇപ്പോൾ എ.ഐയെ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് കരട് രാഷ്‌ട്രീയ പ്രമേയം തയാറാക്കി. എഐ സോഷ്യലിസം കൊണ്ടുവരുന്ന സംവിധാനമല്ല. പണ്ട് കംപ്യൂട്ടറിനെ പറഞ്ഞത് പോലെ തൊഴില്‍ തിന്നുന്ന ബകന്‍ എന്നത് പോലെയുളള അഭിപ്രായമാണ് കരട് രാഷ്‌ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്നത്.

പല മേഖലകളിലുമുളള തൊഴിലാളികള്‍ക്ക് എഐ മൂലം പണിപോകുമെന്നാണ് മുന്നറിയിപ്പ്.വ്യക്തിഗത വിവരങ്ങളും മറ്റും കൈക്കലാക്കി സ്വകാര്യതയെന്ന അടിസ്ഥാന അവകാശത്തിലേക്ക് കടന്ന് കയറാനും വലിയ കമ്പനികള്‍ എ ഐയെ ഉപയോഗിക്കുന്നതായും പ്രമേയം പറയുന്നു.

ഈ സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് കരട് രാഷ്‌ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്.കൊല്‍ക്കത്തയില്‍ ചേര്‍ന്ന പിബിയും കേന്ദ്ര കമ്മിറ്റിയുമാണ് കരട് രാഷ്‌ട്രീയപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ഈ യോഗങ്ങള്‍ക്ക് ശേഷമാണ് എ.ഐ സോഷ്യലിസം കൊണ്ടുവരും എന്ന പ്രവചനം ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by