വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ആരാണ് കൂടുതല്‍ ആക്രമണകാരി? പ്രജ്ഞാനന്ദയോ ഗുകേഷോ എന്ന ചോദ്യം വിശ്വനാഥന്‍ ആനന്ദിനോട് ചോദിച്ചപ്പോള്‍ ഉത്തരം ഇതായിരുന്നു:”ഫലം എന്തെന്ന് നോക്കാതെ അങ്ങേയറ്റം റിസ്കെടുത്ത് ആക്രമണം നടത്തുന്ന കളിക്കാരനാണ് പ്രജ്ഞാനന്ദ. ഗുകേഷാകട്ടെ കണക്കുകൂട്ടലോടു കൂടി റിസ്കും ആക്രമണവും മാത്രമേ നടത്തൂ.”. ഈ ആക്രമണകാരിയായ, ഒരു വേട്ടക്കാരനെപ്പോലെ എതിരാളിയുടെ മരണമല്ലാതെ മറ്റൊന്നും വേണ്ടെന്ന മട്ടില്‍ കളിക്കുന്ന പ്രജ്ഞാനന്ദയെയാണ് ടാറ്റാസ്റ്റീല്‍ ചെസ്സില്‍ കണ്ടത്.
13 റൗണ്ടുകളില്‍ ആറ് വിജയം, രണ്ട് തോല്‍വി, അഞ്ച് സമനില. ആകെ എട്ടര പോയിന്‍റ്. ഒടുവില്‍ ഗുകേഷിനും എട്ടര പോയിന്‍റ് എന്ന നിലവന്ന് ടൈ ആയപ്പോള്‍ ടൈ ബ്രേക്ക് ചെയ്യാന്‍ ഇരുവരും സമനിലയായപ്പോള്‍ വിജയിയെ തീരുമാനിക്കാന്‍ രണ്ട് ബ്ലിറ്റ്സ് ഗെയിമും ഒരു സഡന്‍ ഡെത്തും വേണ്ടിവന്നു. ഇതിലും ഗുകേഷ് എന്ന ലോകചാമ്പ്യന്റെ കഥകഴിച്ചു. വിജയിയെ തീരുമാനിക്കുന്ന സഡന്‍ഡെത്തില്‍ ഗുകേഷ് സമയസമ്മര്‍ദ്ദത്തില്‍ വീണതിനെ തുടര്‍ന്ന് അബദ്ധം കാണിച്ചു. ഒരു കുതിര (നൈറ്റ്) ഒടുവില്‍ പ്രജ്ഞാനന്ദയ്‌ക്ക് കൂടുതലായിരുന്നു. വേഗക്കളിയില്‍ സമര്‍ത്ഥനാണ് പ്രജ്ഞാനന്ദ.
പലപ്പോഴും മാഗ്നസ് കാള്‍സന്‍ പറയുന്നതുപോലെ പുസ്തകത്തില്‍ പറഞ്ഞതുപോലെയല്ല പ്രജ്ഞാനന്ദ കളിക്കുക. ഒരു ഓര്‍ഗാനിക് ചെസ് പ്ലെയര്‍. കാസില്‍ ചെയ്ത് രാജാവിനെ സുരക്ഷിതസ്ഥാനത്തിരുത്തിയ ശേഷം കാലാളുന്തി എതിര്‍കോട്ടയില്‍ കൊടുങ്കാറ്റ് വിതയ്‌ക്കുക. അതിനൊപ്പം കുഴിബോംബ് പോലെ എതിരാളിക്ക് കാണാന്‍ കഴിയാത്ത ചെക്ക് മേറ്റുകള്‍ ഒളിപ്പിച്ചുവെയ്‌ക്കുക. ഇതിലെങ്ങാനും എതിരാളി വിറച്ചുപോയാല്‍ അയാളുടെ കഥ കഴിഞ്ഞതുതന്നെ. ഹരികൃഷ്ണ, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വ്ളാഡിമിര്‍ ഫെഡോസീവ്, ഗുകേഷ് എന്നിവരെ പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു.
ഏഴാം റൗണ്ടില്‍ റഷ്യക്കാരനായ പരിചയസമ്പന്നനായ വ്ളാഡിമിര്‍ ഫെഡോസീവിന് സംഭവിച്ചത് രസകരമാണ്. ക്വീന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗിലാണ് കളി തുടങ്ങിയതെങ്കിലും പിന്നീട് അതിന്റെ വേരിയേഷനായ ടറാഷിലേക്ക് കളി നീങ്ങി. ഗാരി കാസ്പറോവിന്റെ ഇഷ്ട ഓപ്പണിംഗ് ആണിത്. പക്ഷെ പുസ്തകത്തിലെപ്പോലെ ക്ലാസിക് രീതിയില്‍ കളിച്ച ഫെഡോസീവിന് പ്രജ്ഞാനന്ദയുടെ കളിതന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഏറ്റവുമൊടുവില്‍ ഒരു കാലാളെ എട്ടാം കോളത്തില്‍ എത്തിച്ച് മന്ത്രിയെ (ക്വീന്‍) എടുത്ത് കളി വരുതിയില്‍ ഒതുക്കുകയായിരുന്നു പ്രജ്ഞാനന്ദ. അവിശ്വസനീയമായ പ്രജ്ഞാനന്ദയുടെ കളി കണ്ട് തോറ്റെങ്കിലും പ്രജ്ഞാനന്ദയെ നോക്കി ചിരിക്കുന്ന ഫെഡൊസീവിന്റെ ചിത്രം മറക്കാന്‍ കഴിയില്ല.
ലോകത്തിലെ രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ 11ാം റൗണ്ടില്‍ തോല്‍പിച്ചതാണ് പ്രജ്ഞാനന്ദയുടെ ആത്മവിശ്വാസം കൂട്ടിയത്. ക്വീന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗാണ് ഇരുവരും കളിച്ചത്. ഇവിടെയും പ്രജ്ഞാനന്ദയുടെ തുടര്‍ച്ചയായ ആക്രമണത്തിന് മുന്‍പില്‍ തകര്‍ന്നടിയുന്ന കരുവാനയെയാണ് കളിയില്‍ കണ്ടത്. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് പ്രജ്ഞാനന്ദ കരുവാനയെ അട്ടിമറിച്ചത് എന്നത് വരാനിരിക്കുന്നത് എന്തെന്നതിന്റെ സൂചന തന്നെയായിരുന്നു. പരിചയസമ്പന്നനായിട്ടും 2800 ന് മുകളില്‍ റേറ്റിംഗ് ഉള്ള കരുവാന കളിയിലുടനീളം പതറുന്നത് കാണാമായിരുന്നു. ഇങ്ങിനെ പതറുമ്പോള്‍ എതിരാളി എന്തെങ്കിലും അബദ്ധനീക്കം നടത്തും. ഈ അവസരം ശരിക്കും മുതലാക്കി എതിരാളിയെ തീര്‍ക്കുന്നതാണ് പ്രജ്ഞാനന്ദയുടെ ശൈലി. ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം പ്രജ്ഞാനന്ദയുടെ കൈകളില്‍ എത്തുമെന്ന് തന്നെയായിരുന്നു പലരുടെയും 11ാം റൗണ്ടിന് ശേഷമുള്ള വിലയിരുത്തല്‍.
12ാം റൗണ്ടായപ്പോഴേക്കും കൂടുതല്‍ സംഹാരരുദ്രനായ പ്രജ്ഞാനന്ദയെയാണ് കണ്ടത്. പ്രജ്ഞയുടെ വിളയാട്ടത്തില്‍ ആനന്ദം കണ്ടെത്തുന്നവന്‍ എന്നാണ് പ്രജ്ഞാനന്ദയുടെ അര്‍ത്ഥം. പക്ഷെ ഇവിടെ ആക്രമണത്തില്‍ ആനന്ദം കണ്ടെത്തുന്ന പ്രജ്ഞാനന്ദയെയാണ് കണ്ടത്. എതിര്‍രാജ്യവും രാജാവും എത്ര വീര്യവാനാണെങ്കിലും പടയോട്ടം നടത്തി രാജ്യം തകര്‍ത്തുതരിപ്പണമാക്കി രാജാവിനെ അടിയറ വെയ്പിക്കുന്ന യുദ്ധതന്ത്രം. അവിടെ വിട്ടുവീഴ്ചകളില്ല. 12ാം റൗണ്ടില്‍ അലക്സി സരാനയെ തോല്‍പിച്ച രീതി ഇപ്പോഴും സാധാരണകളിക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കളിയായിരുന്നു. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് ശൈലിയില്‍ കളിച്ച സരാനയെ മധ്യഗെയിമിലേക്ക് കടന്നപ്പോള്‍ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു. ഈ കളിയില്‍ ക്വീനിനെ ബലികഴിച്ച് രാജാവിനെ ചെക് മേറ്റാക്കുന്ന രീതിയായിരുന്നു പ്രജ്ഞാനന്ദ നടത്തിയത്. വെറും 29 നീക്കങ്ങളില്‍ പണി തീര്‍ത്തു പ്രജ്ഞാനന്ദ.
മിഖായേല്‍ താള്‍ എന്ന ചെസ് താരത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രജ്ഞാനന്ദ
ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് – ലാത്വിയയിൽ ജനിച്ച മിഖായേൽ താൾ. എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ. ചെസ്സ് ബോർഡിൽ സ്വതസ്സിദ്ധമായ ആക്രമണത്മകശൈലി കൈവിടാതിരുന്ന താൾ, ഭാവനാപൂർണ്ണമായ നീക്കങ്ങൾക്കും പേരുകേട്ടയാളാണ്. കരുക്കളെ ചിലപ്പോൾ നിസ്സാരമായിബലികഴിച്ച് എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും , കളിയെ സങ്കീർണ്ണമായ ഒരു തലത്തിലേയ്‌ക്കു നീക്കുകയും തുടർന്ന് വിജയം ഉറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശൈലി. ഇത് തന്നെയാണ് പ്രജ്ഞാനന്ദയുടെയും ശൈലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: