Kerala

മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മരണം: ഇന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും

Published by

തിരുവനന്തപുരം: പാറശ്ശാലയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. സെലീനാമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം എത്തിയിരുന്നു. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായത്തിനെത്തുന്ന സ്ത്രീ കഴിഞ്ഞ 17ന് വൈകീട്ട് സെലിനാമ്മയെ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18ന് സംസ്കാരവും നടത്തിയിരുന്നു.

എന്നാല്‍, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോള്‍ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നല്‍കി. സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്. മുറി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടു. മകന്റെ പരാതിയില്‍ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. സെലീനാമ്മയുടെ ബാഗിൽ നിന്ന് അഞ്ച് പവന്റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാറശ്ശാല പൊലീസിൽ പരാതി നൽകി. ഇതോടെയാണ് കളക്ടറുടെ അനുമതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by