വനേശ്വര്‍: വളരെ ചെറിയ ദൂരത്തില്‍ തൊടുത്തു വിടാവുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്എച്ച്ഒആര്‍എഡിഎസ്-വെരി ഷോര്‍ട് റെയ്ഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം) പരീക്ഷണം വിജയം. മിസൈല്‍ സംവിധാനം സൈനിക ശക്തിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒഡീഷയിലെ ചാന്ദിപ്പൂര്‍ തീരത്ത് വച്ചായിരുന്നു മിസൈലിന്റെ പരീക്ഷണം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത തദ്ദേശീയമായി രൂപകല്പന ചെയ്ത മിസൈല്‍ സംവിധാനമാണിത്.
മൂന്ന് ഘട്ട പരീക്ഷണങ്ങളിലും മിസൈല്‍ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കുകയും നിഷ്കര്‍ഷിച്ചിരുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തു. വളരെ താഴ്ന്ന്, അതിവേഗതയില്‍ സഞ്ചരിക്കുന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് സംഘടിപ്പിച്ചത്. ഡ്രോണുകളെയും മറ്റ് ആകാശ ഭീഷണികളെയും തകര്‍ക്കാന്‍ ഇവയ്ക്കാകും.
ഒന്നോ അതിലധികമോ സൈനികര്‍ക്ക് കൊണ്ട് നടന്ന് ഉപയോഗിക്കാന്‍ സാധിക്കുന്ന മാന്‍-പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സംവിധാനമാണ് വിഎസ്എച്ച്ഒആര്‍എഡിഎസ്. കര-നാവിക-വ്യോമസേനകളുടെ വ്യോമ പ്രതിരോധ ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഈ സംവിധാനം സഹായിക്കും.
പരീക്ഷണനേട്ടം വലിയ വിജയമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതില്‍ പങ്കാളികളായ ഡിആര്‍ഡിഒ, സായുധ സേന, വ്യവസായ പങ്കാളികള്‍ എന്നിവരെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: