ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 18 സൈനികരും 24 സ്വാതന്ത്ര്യസമര പോരാളികളും കൊല്ലപ്പെട്ടു. മാംഗോച്ചാര്‍ മേഖലയില്‍ രാത്രിയില്‍ റോഡ് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബലൂചിസ്ഥാനില്‍ കുറെക്കാലമായി സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടന്നുവരികയാണ്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് കടന്നു പോകുന്നത് ബലൂച് മേഖലയിലൂടെയാണ്. ഇതിനെതിരെ ജനങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിലാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇവിടെ ഏറ്റുമുട്ടല്‍ ഇടക്കിടെ നടക്കാറുണ്ട്. അസ്വസ്ഥമായ പ്രവിശ്യയില്‍ ഒറ്റരാത്രികൊണ്ട് റോഡ് തടസങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സുരക്ഷാ സേന അവരെ നീക്കം ചെയ്തതോടെയാണ് ആക്രമണമുണ്ടായതെന്നുമാണ് സൈന്യം പറയുന്നത്. സൈന്യത്തിന്റെ തിരിച്ചടിയിലാണ് 24 പേര് കൊല്ലപ്പെട്ടത്. ആക്രമണത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു.
ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള ധാതു സമ്പന്നമായ മേഖലയാണ് ബലൂചിസ്ഥാന്‍. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകൂടിയാണിത്. നിരവധി വര്‍ഷങ്ങളായി ഇവിടെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന പോരാളികളും സൈനികരുമായി ഇവിടെ നിരന്തരം ഏറ്റുമുട്ടല്‍ നടക്കാറുണ്ട്.
താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വന്നതിനുശേഷം പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ആകെ 444 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. 685 സൈനികരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: